ആത്മഹത്യയടക്കം ട്രെയിന്‍ തട്ടി മരണങ്ങള്‍; ബോധവല്‍ക്കരണവുമായി റെയില്‍വേ സംരക്ഷണസേന രംഗത്ത്

Update: 2022-04-07 18:35 GMT

പയ്യോളി: അയനിക്കാട്, പയ്യോളി മേഖലകളില്‍ ആത്മഹത്യയടക്കം ട്രെയിന്‍ തട്ടി മരണങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബോധവല്‍ക്കരണവുമായി റെയില്‍വേ സംരക്ഷണസേന രംഗത്ത്. ഒരാഴ്ചയ്ക്കിടയില്‍ അയനിക്കാട് സ്വദേശികളായ രണ്ടുപേരാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ പ്രദേശത്തെ റെയില്‍പാളങ്ങളില്‍കാണപ്പെട്ടത്. മാര്‍ച്ച് 31ന് അയനിക്കാട് കമ്പിവളപ്പില്‍ ബാലകൃഷണനും (58), ഏപ്രില്‍ മൂന്നിന് അയനിക്കാട് പാലേരിയില്‍ അജിത് ആര്‍ കൃഷ്ണ (32) യെയുമാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ മേഖലയില്‍ 32 പേരാണ് ട്രെയിന്‍ തട്ടി മരണപ്പെട്ടതായി കണക്കാക്കുന്നത്.

ഇവിടെ റെയില്‍പാളങ്ങള്‍ക്ക് ഇരുവശവും കാടുമൂടിക്കിടക്കുന്നത് അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നതായി പരാതിയുണ്ട്. വിഷയം സംബന്ധിച്ച് പൊതുജനങ്ങളെയും ജനപ്രതിനിധികളെയും പോലിസിനെയും വിളിച്ചുചേര്‍ത്ത് ആര്‍പിഎഫിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. റെയില്‍വെയുടെ അനുമതി ലഭിച്ചാല്‍ പാളങ്ങള്‍ക്ക് സമീപത്തെ കാടുകള്‍ വൃത്തിയാക്കുന്ന പ്രവൃത്തി തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിനഗരസഭ ഏറ്റെടുത്ത് ചെയ്യുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് വ്യക്തമാക്കി.

അയനിക്കാട് പോസ്റ്റോഫിസിന് സമീപത്തെ ഇസ്സത്തുല്‍ ഇസ്‌ലാം മദറസയില്‍ നടന്ന പരിപാടിയില്‍ ആര്‍പിഎഫ് കോഴിക്കോട് ഇന്‍സ്‌പെക്ടര്‍ ബിനോയ് ആന്റണി അധ്യക്ഷത വഹിച്ചു. ആര്‍പിഎഫ് എഎസ്‌ഐ പി പി ബിനീഷ് , പയ്യോളി എസ്‌ഐ സുനില്‍ കുമാര്‍, കെ ടി വിനോദ്, പി എം ഹരിദാസ്, മഹിജ എളോടി, എ പി റസ്സാഖ്, എ സി സുനൈദ്, കെ ശശിധരന്‍, റഷീദ് പലേരി, ഇബ്രാഹിം തിക്കോടി, എന്‍ കെ സത്യന്‍, പി എം രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൗണ്‍സിലര്‍ അന്‍വര്‍ കായിരികണ്ടി സ്വാഗതവും കോഴിക്കോട് ആര്‍പിഎഫ് എസ്‌ഐ ഷിനോജ് കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് അപകടമരണങ്ങള്‍ക്കെതിരേ നാട്ടുകാരുടെ നേതൃത്വത്തില്‍ ജാഗ്രതാ സമിതി രൂപീകരിച്ചു.

Tags:    

Similar News