വീട്ടമ്മയെ ആക്രമിച്ച് കവര്‍ച്ച; പ്രതിയെ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്തു

Update: 2020-02-20 16:34 GMT

പയ്യോളി: വടകര കാര്‍ത്തികപ്പള്ളിയില്‍ വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ പട്ടര്‍കണ്ടി സമീറ(40)യെ പയ്യോളിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കാര്‍ത്തികപ്പള്ളി കാര്‍ഗില്‍ ബസ് സ്‌റ്റോപ്പിന് സമീപം താമസിക്കുന്ന പറമ്പത്ത് അലീമ(60)യെ സമീപവാസിയും ബന്ധുവുമായ സമീറ വെട്ടിപ്പരിക്കേല്‍പ്പിച്ച് സ്വര്‍ണാഭരണവുമായി കടന്നുകളഞ്ഞത്. ഭര്‍ത്താവ് ജുമുഅ നമസ്‌കാരത്തിനായി പള്ളിയില്‍ പോയ സമയത്താണ് സംഭവം. വീട്ടമ്മയെ വീട്ടുപകരണങ്ങള്‍ കൊണ്ട് തലയ്ക്കടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം വായില്‍ തുണി തിരുകി വെട്ടിപ്പരിക്കേല്‍പ്പിച്ച് 10 പവന്‍ സ്വര്‍ണാഭരണം കവര്‍ച്ച നടത്തുകയായിരുന്നു. മരിച്ചെന്നു കരുതിയാണ് സമീറ സ്ഥലംവിട്ടത്. ഭര്‍ത്താവ് നമസ്‌കാരം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഭാര്യയെയാണ് കണ്ടത്. ഉടനെ അലീമയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ബോധം തിരികെ കിട്ടിയ അലീമ നടന്ന സംഭവങ്ങള്‍ ഭര്‍ത്താവിനോടും പോലിസിനോടും പറഞ്ഞതോടെയാണ് സമീറയാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞത്.

    സ്വര്‍ണം വടകരയിലെ ജ്വല്ലറിയില്‍ വിറ്റശേഷം വൈകീട്ട് ആറോടെ കാര്‍ത്തിക പള്ളിയിലെ വീട്ടിലേക്ക് തിരിച്ചുവരുമ്പോഴാണ് പിടിയിലായത്. പോലിസ് പിടിയിലായ സമീറയെ സംഭവ ദിവസം തന്നെ വടകരയിലെ ജ്വല്ലറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെ സമീറ വിറ്റ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ശേഷിച്ച സ്വര്‍ണാഭരണങ്ങള്‍ പയ്യോളിയിലെ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പയ്യോളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. എടച്ചേരി സിഐ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെയും കൊണ്ട് തെളിവെടുപ്പിനായെത്തിയത്.




Tags:    

Similar News