രാമനവമി ആഘോഷം: ആര്‍എസ്എസ്സിന്റെ മുസ്‌ലിം വംശഹത്യകളെ ചെറുക്കും- ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

Update: 2022-04-12 12:47 GMT

കോഴിക്കോട്: രാമനവമിയുടെ മറവില്‍ രാജ്യവ്യാപകമായി സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന മുസ്‌ലിം സമൂഹത്തിന് നേരെയുള്ള വംശഹത്യകള്‍ ചെറുക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം. രാമനവമിയുടെ മറവിലുള്ള സംഘപരിവാറിന്റെ വംശഹത്യകളെ ചെറുക്കുക എന്ന തലക്കെട്ട് ഉയര്‍ത്തിപ്പിടിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്‌ലിംകളുടെ പള്ളികള്‍, വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍, വാഹനങ്ങള്‍, സ്വത്തുകള്‍ എന്നിവയ്ക്ക് സംരക്ഷണം നല്‍കാന്‍ തയ്യാറാവാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വംശീയ അജണ്ടയാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുത്വ അക്രമികള്‍ക്ക് സംരക്ഷണം നല്‍കുകയും നിരപരാധികളായ മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്ത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും മഹാനവമിയുടെ മറവില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന മുസ്‌ലിം വിരുദ്ധ വംശീയ അക്രമങ്ങളില്‍ പൊതുസമൂഹം പുലര്‍ത്തുന്ന നിസ്സംഗത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും മാര്‍ച്ചില്‍ അധ്യക്ഷത വഹിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുനീബ് എലങ്കമല്‍ ആവശ്യപ്പെട്ടു.

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ടി സി സജീര്‍, സെക്രട്ടേറിയറ്റംഗം ആദില്‍ അലി എന്നിവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മാവൂര്‍ റോഡ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ പോലിസ് തടഞ്ഞു. മാര്‍ച്ചിന് റഈസ് കുണ്ടുങ്ങല്‍, ആയിഷ, മുസ്‌ലിഹ് പെരിങ്ങൊളം, മുഹമ്മദ് അലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags: