ചാലിയം മല്‍സ്യ വിപണന കേന്ദ്രം തുറന്ന് കൊടുക്കാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കുക: എസ്ഡിപിഐ

ജില്ലയിലേയും അയല്‍ജില്ലയിലേയും ആയിരക്കണക്കിന് മല്‍സ്യത്തൊഴിലാളികള്‍ ആശ്രയിക്കുന്ന മല്‍സ്യ വിപണന കേന്ദ്രം അനിശ്ചിതമായി അടച്ചുപൂട്ടിയതുമൂലം ഉപജീവന മാര്‍ഗങ്ങടഞ്ഞ തീരദേശ ജനത മാസങ്ങളായി പട്ടിണിയിലാണ്.

Update: 2020-10-09 10:32 GMT

ചാലിയം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാസങ്ങളായി അടഞ്ഞുകിടക്കുന്ന ചാലിയം മല്‍സ്യ വിപണന കേന്ദ്രം നിരുപാധികം തുറന്നു നല്‍കാന്‍ ജില്ലാ ഭരണകൂടം അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ കടലുണ്ടി ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

ജില്ലയിലേയും അയല്‍ജില്ലയിലേയും ആയിരക്കണക്കിന് മല്‍സ്യത്തൊഴിലാളികള്‍ ആശ്രയിക്കുന്ന മല്‍സ്യ വിപണന കേന്ദ്രം അനിശ്ചിതമായി അടച്ചുപൂട്ടിയതുമൂലം ഉപജീവന മാര്‍ഗങ്ങടഞ്ഞ തീരദേശ ജനത മാസങ്ങളായി പട്ടിണിയിലാണ്.

കൊവിഡ് കേസുകളെ തുടര്‍ന്ന് അടച്ചിടുന്ന സംസ്ഥാനത്തെ മിക്ക ഹാര്‍ബറുകളും വൈറബ് ബാധിതരുടെ എണ്ണത്തില്‍ കുറവ് വരുന്നതോടെ തുറന്നു കൊടുക്കുകയാണ് പതിവ്. എന്നാല്‍, മേഖലയില്‍ കൊവിഡ് പോസിറ്റീവ് കേസുകളില്‍ ഗണ്യമായ കുറവുണ്ടായിട്ടും ചാലിയം മല്‍സ്യ വിപണന കേന്ദ്രം ജില്ലാ ഭരണകൂടത്തിന്റെ പിടിവാശി മൂലം ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ഹാര്‍ബര്‍ തുറന്നുനല്‍കുന്നതിന് മുഴുവന്‍ പേരും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ അശാസ്ത്രീയമായ ഉപാധി ഉടന്‍ പിന്‍വലിക്കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.

ഹാര്‍ബര്‍ അടച്ചതുമൂലം നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന തീരദേശ ജനതയ്ക്ക് ആശ്വാസമായി അധികാരികള്‍ വന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും അതൊക്കെയും പ്രഹസനമായി മാറിയിരിക്കുകയാണ്. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന കടലുണ്ടി പഞ്ചായത്തിലെ 1, 2, 22 വാര്‍ഡുകളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭക്ഷ്യ കിറ്റ് നല്‍കുമെന്നായിരുന്നു റവന്യു വകുപ്പിനു വേണ്ടി ഡപ്യൂട്ടി തഹസില്‍ദാര്‍ പ്രഖ്യാപിച്ചത്. പിന്നാലെ ഇതിനായുള്ള വിവര ശേഖരണവും നടത്തി.

കഴിഞ്ഞ മാസം 25ാം തിയ്യതിക്കകം ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. പിന്നാലെ മേഖലയിലെ മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് നല്‍കുമെന്നു പ്രഖ്യാപിച്ച് ഫിഷറീസ് വകുപ്പും സന്നദ്ധ പ്രവര്‍ത്തകരിലൂടെ അതിനാവശ്യമായ രേഖകള്‍ ശേഖരിച്ചിരുന്നു.

എന്നാല്‍, നാളിതുവരെയായിട്ടും തങ്ങളുടെ പ്രഖ്യാപനം നടപ്പാക്കാന്‍ റവന്യു, ഫിഷറീസ് വകുപ്പുകള്‍ തയ്യാറായിട്ടില്ല. ആഴ്ചകളായി ചാലിയം മല്‍സ്യ വിപണന കേന്ദ്രം അടഞ്ഞുകിടക്കുന്നതിനാല്‍ മുഴുപട്ടിണിയിലാണ്ട തീരദേശജനതയ്ക്ക് ആശ്വാസമായി പ്രഖ്യാപിക്കപ്പെട്ട ഭക്ഷ്യ കിറ്റുകള്‍ ഉടന്‍ വിതരണം ചെയ്യണമെന്നും എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ടി കെ സിദ്ധീഖ്, വാര്‍ഡ് മെമ്പര്‍ വി ജമാല്‍, കെ വി റഷീദ്, ടി കെ സാജു, ടി കെ റിയാസ് തുടുങ്ങിയവര്‍ സംബന്ധിച്ചു.

Tags: