മലബാറില്‍ നിന്ന് 1138 അതിഥി തൊഴിലാളികള്‍ ഭോപ്പാലിലേക്ക് മടങ്ങി

Update: 2020-05-06 16:58 GMT

കോഴിക്കോട്: ലോക്ക്ഡൗണിനെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ തുടരേണ്ടി വന്ന മധ്യപ്രദേശിലെ 1138 അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഇന്ന് രാത്രി എട്ടിനാണ് ഭോപ്പാലിലേക്ക് ട്രെയിന്‍ പുറപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ നാല് താലൂക്കുകളിലെ വിവിധ ക്യാംപുകളിലുള്ള 331 പേരാണ് സംഘത്തിലുള്ളത്. 15 കെഎസ്ആര്‍ടിസി ബസുകളിലായാണ് തൊഴിലാളികളെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്. താമരശ്ശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖ്, ഭൂരേഖാ തഹസില്‍ദാര്‍ പി എസ് ലാല്‍ചന്ദ് എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥരാണ് തൊഴിലാളികള്‍ക്കൊപ്പം അനുഗമിച്ചത്. വില്ലേജ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരുമടങ്ങുന്നവരാണ് ഇവരുടെ കണക്കെടുപ്പ് നടത്തിയത്.

    മലപ്പുറം ജില്ലയില്‍ നിന്ന് 358 തൊഴിലാളികള്‍ 11 ബസുകളിലായാണ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. ഏറനാട്, കൊണ്ടോട്ടി, തിരൂര്‍, തിരൂരങ്ങാടി താലൂക്കില്‍ നിന്നുള്ളവരാണ് തൊഴിലാളികള്‍. പകുതിപേരും ഏറനാട് താലൂക്കില്‍ നിന്നുള്ള തൊഴിലാളികളാണ്. 15 ബസുകളിലായി 449 അതിഥി തൊഴിലാളികളെയാണ് കണ്ണൂരില്‍ നിന്ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്്. ഒരു ബസില്‍ പരമാവധി 30 പേരാണ് ഉണ്ടായിരുന്നത്. എല്ലാവരുടെയും വൈദ്യപരിശോധന പൂര്‍ത്തീകരിച്ചിട്ടുണ്ട്. യാത്രയ്ക്കിടെ കഴിക്കാനുള്ള ഭക്ഷണപ്പൊതികളും തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതോടെ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3785 അതിഥി തൊഴിലാളികളും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നായി 807 തൊഴിലാളികളും കോഴിക്കോട് നിന്ന് സ്വദേശത്തേക്ക് മടങ്ങി. ജാര്‍ഖണ്ഡ്, ബിഹാര്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലുള്ളവരാണ് ഇതുവരെ മടങ്ങിയത്.




Tags: