നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം: കോട്ടയം മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരിയെ സസ്‌പെന്റ് ചെയ്തു

Update: 2022-01-08 05:15 GMT

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരിയെ സസ്‌പെന്റ് ചെയ്തു. നീതു കുഞ്ഞിനെ തട്ടിയെടുത്ത സമയത്ത് ചുമതലയിലുണ്ടായിരുന്ന ജീവനക്കാരിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. ജീവനക്കാരി സുരക്ഷാ ചുമതലയില്‍ ജാഗ്രതക്കുറവ് കാട്ടിയെന്ന മെഡിക്കല്‍ കോളജിലെ ആഭ്യന്തര അന്വേഷണത്തിലെ നിഗമനത്തെ തുടര്‍ന്ന് അന്വേഷണ വിധേയമായാണ് അച്ചടക്ക നടപടി. അതേസമയം, സംഭവത്തില്‍ അന്വേഷണ സമിതികള്‍ ഇന്ന് റിപോര്‍ട്ട് നല്‍കും.

ആര്‍എംഒ, പ്രിന്‍സിപ്പല്‍ തല സമിതികളാണ് വീഴ്ച അന്വേഷിച്ചത്. സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് രണ്ട് സമിതികളുടെയും റിപോര്‍ട്ടില്‍ പറയുന്നത്. ജാഗ്രതക്കുറവുണ്ടായി. എന്നാല്‍, സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ല. മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ക്കാണ് റിപോര്‍ട്ട് സമര്‍പ്പിക്കുക. അതേസമയം, സംസ്ഥാന ആരോഗ്യവകുപ്പിന്റെ പരിശോധനയും ഇന്ന് നടക്കും. കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് തട്ടിയെടുക്കപ്പെട്ട ശേഷം തിരികെ ലഭിച്ച കുഞ്ഞിന് അജയ എന്ന് പേര് നല്‍കി. കുഞ്ഞിനെ വീണ്ടെടുത്ത് നല്‍കിയ എസ്‌ഐ റെനീഷ് നിര്‍ദേശിച്ച പേരാണിത്. കുഞ്ഞിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നീതുവിനെ ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പ്രതിയെ കോട്ടയത്തെ വനിതാ ജയിലിലാണുള്ളത്. ഇന്ന് ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ഗൈനക്കോളജി വാര്‍ഡില്‍ നഴ്‌സിന്റെ വേഷം ധരിച്ച് കയറിയാണ് കേസിലെ പ്രതിയായ നീതു ഒരുദിവസം പ്രായമുള്ള നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. ഇടുക്കി സ്വദേശികളുടെ കുഞ്ഞിനെയാണ് മോഷ്ടിച്ചത്. മെഡിക്കല്‍ കോളജിന് സമീപത്തെ കടയില്‍നിന്നാണ് ഡോക്ടറുടെ കോട്ട് വാങ്ങിയത്. ഈ കടയിലും ഹോട്ടലിലുമെത്തിച്ചും തെളിവെടുക്കും.

Tags:    

Similar News