കോട്ടയം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഒക്ടോബര്‍ 25 വരെ നിര്‍ത്തിവച്ചു

Update: 2021-10-20 02:59 GMT

കോട്ടയം: ജില്ലയില്‍ വരും ദിവസങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചതിനാല്‍ ഒക്ടോബര്‍ 25 വരെ ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കും പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം നിര്‍ത്തിവച്ചതായി ജില്ലാ കലക്ടര്‍ ഡോ. പി കെ ജയശ്രീ അറിയിച്ചു. ജില്ലയിലെ മലയോര മേഖലകളിലേക്ക് അത്യാവശ്യകാര്യങ്ങള്‍ക്ക് അല്ലാതെയുള്ള രാത്രികാല യാത്രയും ഒക്ടോബര്‍ 25 വരെ നിരോധിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 25 വരെ അവധിയില്ല

അടിയന്തര ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാരുടെ സേവനം ഉറപ്പാക്കുന്നതിനായി ഒക്‌ടോബര്‍ 25 വരെ കോട്ടയം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവധി അനുവദിക്കില്ല. വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ ഇതു സംബന്ധിച്ച നിര്‍ദേശം എല്ലാ ഓഫീസുകള്‍ക്കും നല്‍കാന്‍ ഉത്തരവായി. 24 മണിക്കൂറും സജ്ജമായിരിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് വിട്ട് മറ്റു ജില്ലകളിലേക്ക് പോവാന്‍ പാടുള്ളതല്ല. അവശ്യസര്‍വീസ് വിഭാഗങ്ങളില്‍പ്പെടുന്ന വകുപ്പുകളുടെ ഓഫിസുകളും അവശ്യമെങ്കില്‍ മറ്റ് ഓഫിസുകളും അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കും.

Tags: