കൊല്ലത്ത് വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി

Update: 2021-06-20 01:18 GMT

കൊല്ലം: കൃഷിയില്ലാത്ത പാടശേഖരത്തില്‍ ചൂണ്ടയിടാന്‍ പോവുന്നതിനിടെ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി. കുന്നത്തൂര്‍ താലൂക്ക് പടിഞ്ഞാറെ കല്ലട വലിയപാടം ചെമ്പില്‍ ഏലായിലാണ് സംഭവം. വലിയപാടം പടന്നയില്‍ സേതുവിന്റെ മകന്‍ മിഥുന്‍ നാഥ് (നന്ദു-21), പ്രണവത്തില്‍ രഘുനാഥന്‍ പിള്ളയുടെ മകന്‍ ആദര്‍ശ് (അക്കൂട്ടന്‍- 24) എന്നിവരെയാണ് കാണാതായത്. സവാരിക്കായി ഇവര്‍ ഉപയോഗിച്ചിരുന്ന വള്ളവും കണ്ടെത്തിയിട്ടില്ല. ഇവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.

കാണാതായവര്‍ക്കൊപ്പം അമല്‍, ശിവപ്രസാദ്, ആദിത്യന്‍ എന്നീ യുവാക്കളുമുണ്ടായിരുന്നു. അപകട ശേഷം ഇവര്‍ നീന്തിക്കയറി രക്ഷപ്പെടുകയായിരുന്നു. ഇവരാണ് അപകടം മറ്റുള്ളവരെ അറിയിച്ചത്. അഞ്ചംഗസംഘം വിസ്തൃതവും ഏറെ ആഴവുമുള്ള ഏലാച്ചിറയില്‍ വള്ളത്തില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. ശാസ്താംകോട്ടയില്‍നിന്നും അഗ്‌നി രക്ഷാ സേനയും പോലിസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ മണിക്കൂറുകളോളം രാത്രി വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിരച്ചില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

Tags: