കൊവിഡ് ജാഗ്രത; കര്‍ണാടകയില്‍ നിന്നുള്ള പഴം പച്ചക്കറി വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധം

Update: 2020-07-08 12:49 GMT

കാസര്‍ഗോട്: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ജാഗ്രതാ നടപടികള്‍ ശക്തമാക്കി കാസര്‍ഗോട് ജില്ലാ ഭരണകൂടം. അതിര്‍ത്തി കടന്ന് കര്‍ണ്ണാടകയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. ഇതിന്റെ ഭാഗമായി കര്‍ണാടകയില്‍ നിന്ന് പച്ചക്കറി, പഴവര്‍ഗങ്ങള്‍ കൊണ്ടുവരുന്നതിന് വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കാന്‍ ജില്ലാഭരണകൂടം തീരുമാനിച്ചു.

അതിര്‍ത്തി കടന്ന് വരുന്ന വാഹനങ്ങള്‍ക്ക് പാസ് ആര്‍ടിഒ അനുവദിക്കും. വാഹനത്തിലെ ഡ്രൈവര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ ഏഴു ദിവസത്തിലൊരിക്കല്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഹാജരായി ആരോഗ്യ പരിശോധന നടത്തി മെഡിക്കല്‍ ഓഫിസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മെഡിക്കല്‍ ഓഫിസറുടെ സര്‍ട്ടിഫിക്കറ്റും ആര്‍ടിഒ യുടെ പാസും ഹാജരാക്കുന്ന പച്ചക്കറി പഴം വാഹനങ്ങള്‍ മാത്രമേ അതിര്‍ത്തി കടന്നു പോകാന്‍ അനുവദിക്കുകയുള്ളുവെന്നും ജില്ലാ കവക്ടര്‍ അറിയിച്ചു.








Tags: