ദന്തഗോപുരങ്ങളില്‍ ഇരിക്കുന്ന ന്യായാധിപര്‍ നമുക്കിടയിലുണ്ട്: ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്

വെറും എഴോ എട്ടോ ശതമാനം ആള്‍ക്കാര്‍ മാത്രമാണ് കോടതിയെ ആശ്രയിക്കുന്നത്. കാര്യക്ഷമമായ നീതി സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന ചിന്ത ജനങ്ങളിലുള്ളതാണ് ഇതിനു പ്രധാന കാരണം.

Update: 2020-02-24 03:22 GMT

കണ്ണൂര്‍: കോടതികള്‍ ജനങ്ങളുടെതാണെന്ന ബോധം ന്യായാധിപര്‍ക്കും അഭിഭാഷകര്‍ക്കും ഇല്ലാതാവുന്ന സ്ഥിതിവിശേഷമുണ്ടെന്നും ദന്തഗോപുരങ്ങളില്‍ ഇരിക്കുന്ന ന്യായാധിപര്‍ നമുക്കിടയിലുണ്ടെന്നത് ദുഖകരമാണെന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്. പയ്യന്നൂരില്‍ കോടതി സമുച്ചയ ശിലാസ്ഥാപന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും അവസ്ഥകള്‍ക്കും അനുസരിച്ച് ന്യായാധിപരും അഭിഭാഷകരും ഇടപെടുന്നില്ലെങ്കില്‍ സമൂഹം അവരെ തിരസ്‌കരിക്കുന്ന കാലം വിദൂരമല്ല. ഹൈദരാബാദ് നല്‍കുന്ന പാഠം അതാണ്. ഒരു കാലത്ത് തിരുത്തല്‍ വാദികളായിരുന്നു അഭിഭാഷകര്‍. ജുഡീഷ്യറിയിലെ അപചയങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ബാധ്യസ്ഥരാണവര്‍. പക്ഷേ, പലരും അതില്‍ നിന്ന് വിമുഖത കാണിക്കുകയാണ്. കോടതിയില്‍ നിന്ന് സമയബന്ധിതമായി ജനങ്ങള്‍ക്ക് നീതി ലഭ്യമാവണം. കോടതിയില്‍ കേസുകള്‍ കൂടുകയാണ് വേണ്ടത്. എന്നുവച്ചാല്‍ നീതിന്യായ വ്യവസ്ഥയെ ജനങ്ങള്‍ ആശ്രയിക്കണം. എന്നാല്‍ വെറും എഴോ എട്ടോ ശതമാനം ആള്‍ക്കാര്‍ മാത്രമാണ് കോടതിയെ ആശ്രയിക്കുന്നത്. കാര്യക്ഷമമായ നീതി സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന ചിന്ത ജനങ്ങളിലുള്ളതാണ് ഇതിനു പ്രധാന കാരണം. ഹൈദരാബാദിലെ പോലിസ് ഏറ്റുമുട്ടല്‍ കൊലപാതകത്തിന് ലഭിച്ച കൈയടി ഇതിന് ഉദാഹരണമാണ്. കാലഘട്ടത്തിനനുസരിച്ച് നീതിന്യായ വ്യവസ്ഥ മാറണം. സാങ്കേതികവിദ്യയെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണം. എന്നാല്‍ നമ്മുടെ രാജ്യത്ത് ക്ലാര്‍ക്കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ അതിനോട് പുറം തിരിഞ്ഞ് നില്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. പഴയരീതിയില്‍ തന്നെ തുടരാനാണ് അവര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ ഒരുപാട് സഹായങ്ങളാണ് പരിഷ്‌കരണത്തിനു ലഭിക്കുന്നത്. പക്ഷേ, മാറാന്‍ വ്യവസ്ഥിതി സമ്മതിക്കുന്നില്ല. അഭിഭാഷകര്‍ക്കിടയിലും ന്യായാധിപര്‍ക്കിടയിലും തന്നെയാണ് പ്രശ്‌നം. വെര്‍ച്വല്‍ കോര്‍ട്ട് സംവിധാനം ഈ മാറ്റത്തിന്റെ ശ്രമമായിരുന്നു. ഓണ്‍ലൈന്‍ ആവുകവഴി ക്ലാര്‍ക്കുമാരുടെ ജോലി ഭാരം കുറയ്ക്കാനാണ് ശ്രമിച്ചത്. പക്ഷേ, അത് തിരിച്ചറിയാന്‍ പോലും അവര്‍ക്കായില്ല. കാലത്തിനനുസരിച്ച് മാറാതെ നാം മുഖം തിരിഞ്ഞുനിന്നിട്ട് കാര്യമില്ല. മാറിയില്ലെങ്കില്‍ കാലം തന്നെ നമ്മെ തിരസ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    പയ്യന്നൂരില്‍ പുതുതായി നിര്‍മിക്കുന്ന കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പഴയ മുന്‍സിഫ് കോടതി കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതുതായി കെട്ടിടം നിര്‍മിക്കുന്നത്. 14 കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെ ആറു നിലകളിലായാണ് കെട്ടിടം. തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ട് നിര്‍മിക്കുന്ന ഹൈടെക് ജില്ലാ ജയിലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ജയിലിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.




Tags:    

Similar News