ധര്‍മ്മടത്ത് എസ് ഡിപി ഐ സ്ഥാനാര്‍ഥി ബഷീര്‍ കണ്ണാടിപ്പറമ്പ് പര്യടനം തുടങ്ങി

Update: 2021-03-11 16:43 GMT

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ മല്‍സരിക്കുന്ന ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ എസ്ഡിപി ഐ സ്ഥാനാര്‍ഥിയായ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് പര്യടനം തുടങ്ങി. സംസ്ഥാന തലത്തില്‍ രണ്ടാംഘട്ട പ്രഖ്യാപനം നടത്തിയതിനു പിന്നാലെ ബഷീര്‍ കണ്ണാടിപ്പറമ്പിനു ധര്‍മ്മടം മണ്ഡലത്തില്‍ പ്രവര്‍ത്തകര്‍ ആവേശോജ്ജ്വല സ്വീകരണം നല്‍കി. എന്‍ഡിഎഫിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ കണ്ണാടിപ്പറമ്പ് പുല്ലൂപ്പി ചെങ്ങിനിക്കണ്ടി ഹൗസില്‍ ബഷീര്‍ വര്‍ഷങ്ങളായി പാര്‍ട്ടിയുടെ ജില്ലാഭാരവാഹിയാണ്.

    എസ് ഡിപി ഐയുടെ ബ്രാഞ്ച് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ എസ്ഡിപിഐയുടെ വോളന്റിയര്‍ ടീമിന്റെ ജില്ലാ കോഓഡിനേറ്ററായി മികച്ച സേവനം കാഴ്ചവച്ചിരുന്നു. കൊവിഡ് മഹാമാരിയില്‍ ജില്ലയിലെ ശ്രദ്ധേയമായ സന്നദ്ധ സേവന പ്രവര്‍ത്തനം നടത്തിയ എസ്ഡിപിഐ ക്യുക്ക് റെസ്‌പോണ്‍സ് സെല്ലിന് നേതൃത്വം നല്‍കിയത് ബഷീര്‍ കണ്ണാടിപ്പറമ്പാണ്. വിദേശത്തു നിന്നെത്തുന്ന പ്രവാസികളെ സഹായിക്കാന്‍ എന്‍ആര്‍ഐ സെല്‍ രൂപീകരണത്തിലും ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്. നിരവധി മനുഷ്യാവകാശ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത ഇദ്ദേഹത്തിനെതിരേ കേസുകളും നിലവിലുണ്ട്. കണ്ണൂര്‍ ജില്ലയില്‍ എന്‍ആര്‍സി-സിഎഎ വിരുദ്ധ സമരങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന 42കാരന് ധര്‍മ്മടത്ത് മികച്ച ജനപിന്തുണ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ മൂന്ന് വാര്‍ഡ് മെംബര്‍മാര്‍ ഉള്‍പ്പെടെ മികച്ച വിജയം നേടാനായത് നിയമസഭാ തിരഞ്ഞെടുപ്പിലും നേട്ടമാവുമെന്നാണു റിപോര്‍ട്ടുകള്‍. 'ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ ജനകീയ ബദല്‍' എന്ന പ്രമേയത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മല്‍സരത്തിനു വേണ്ടിയുള്ള പ്രചാരണത്തിനുള്ള ഒരുക്കങ്ങളാണ് മണ്ഡലത്തില്‍ നടക്കുന്നത്.

SDPI candidate Basheer Kannadipparambu started the campalign in Dharmadam

Tags:    

Similar News