മട്ടന്നൂരില്‍ വീട്ടിനുള്ളില്‍ സൂക്ഷിച്ച വന്‍ മദ്യശേഖരം പിടികൂടി
മാഹിയില്‍ നിന്നു കൊണ്ടുവരുന്ന മദ്യം ചാവശ്ശേരി പറമ്പ് മേഖലയില്‍ വില്പന നടത്തുന്നതായി നേരത്തേ പരാതി ഉണ്ടായിരുന്നു
മട്ടന്നൂര്‍: ചാവശ്ശേരി പറമ്പില്‍ വീട്ടിനുള്ളിലും പറമ്പിലുമായി സൂക്ഷിച്ച മദ്യശേഖരം പിടികൂടി. മട്ടന്നൂര്‍ എക്സൈസും പോലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 157 കുപ്പി മാഹി മദ്യം പിടികൂടിയത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ന് ഉച്ചയോടെ മട്ടന്നൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സി സി ആനന്ദകുമാറിന്റെ നേതൃത്വത്തില്‍ ചാവശ്ശേരി പറമ്പ് മേഖലയിലാണ് പരിശോധന നടത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് പറമ്പ് കുമ്പാര കോളനിയില്‍ നടത്തിയ പരിശോധനയിലാണ് കൃഷ്ണന്, സുനില്‍ എന്നിവര്‍ താമസിക്കുന്ന വീട്ടിനുള്ളില്‍ നിന്നു മദ്യം പിടികൂടിയത്. 375, 180 മില്ലികളുടെ മദ്യ കുപ്പികളാണ് പിടിച്ചെടുത്തത്. ചാക്കില്‍ നിറച്ച മദ്യ കുപ്പികള്‍ അടുക്കള ഭാഗത്തിനോട് ചേര്‍ന്ന് കുഴിയെടുത്ത് മൂടിവച്ച നിലയിലായിരുന്നു. വീട്ടുകാരെ പിടികൂടാനായില്ല. ഇവര്‍ക്കെതിരേ എക്സൈസ് കേസെടുത്തു. മാഹിയില്‍ നിന്നു കൊണ്ടുവരുന്ന മദ്യം ചാവശ്ശേരി പറമ്പ് മേഖലയില്‍ വില്പന നടത്തുന്നതായി നേരത്തേ പരാതി ഉണ്ടായിരുന്നു. തുടര്‍ന്ന് പ്രദേശം എക്സൈസിന്റെയും പോലിസിന്റെയും നിരീക്ഷണത്തിലായിരുന്നു. പരിശോധനയ്ക്കു പ്രിവന്റീവ് ഓഫിസര്‍മാരായ കെ പി പ്രമോദ്, കെ വി സുരേഷ്, സിവില്‍ എക്സൈസ് ഓഫിസര്‍ കെ വി ബെന്ഹര്, കെ ബിനേഷ്, സിവില്‍ പോലിസ് ഉദ്യോഗസ്ഥരായ പി വിനോദ്, അനീഷ് കുമാര്‍ പങ്കെടുത്തു.