മയ്യില്‍ ഒറപ്പൊടിയിലെ വീട്ടില്‍ കവര്‍ച്ച; ഒമ്പത് പവന്‍ നഷ്ടപ്പെട്ടു

Update: 2020-08-18 07:20 GMT

കണ്ണൂര്‍: മയ്യിലിനു സമീപം കയരളം ഒറപ്പൊടിയില്‍ വീട്ടില്‍ കവര്‍ച്ച. ഒമ്പത് പവന്‍ നഷ്ടപ്പെട്ടു. ഒറപ്പൊടിയിലെ കയരളം നോര്‍ത്ത് എല്‍പി സ്‌കൂളിനു സമീപം കെ പി സഹീദയുടെ 'ഖദീജാസി'ലാണ് ഇന്നലെ രാത്രി 10.30ഓടെ കവര്‍ച്ച നടന്നത്. വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് എമര്‍ജന്‍സി എടുക്കാന്‍ പോയ സമയം സഹീദയുടെ പിന്നില്‍നിന്ന് കഴുത്തിലെ രണ്ടര പവന്റെ മാല പൊട്ടിക്കുകയായിരുന്നു. ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് മുകള്‍ നിലയിലെ മുറിയിലെ അലമാരയിലുണ്ടായിരുന്ന സ്വര്‍ണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. വള, ബ്രേസ് ലെറ്റ് ഉള്‍പ്പെടെയാണ് മോഷണം പോയത്. മോഷ്ടാവ് ബ്രേക്കര്‍ ഓഫാക്കിയതിനെ തുടര്‍ന്നാണ് വൈദ്യുതി നിലച്ചതെന്നാണു നിഗമനം. സഹീദയുടെ ഖത്തറില്‍ നിന്നെത്തിയ മകള്‍ ക്വാറന്റൈന്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയാക്കിയത്. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിനാല്‍ തൊട്ടടുത്തുള്ള മാതൃസഹോദരിയുടെ വീട്ടില്‍ രാത്രി ഏഴോടെ പോയിരുന്നു. ഈസമയം മോഷ്ടാവ് അകത്ത് കയറുകയും വീട്ടുകാരുടെ നീക്കങ്ങളെല്ലാം മനസ്സിലാക്കുകയും ചെയ്തതായാണു സംശയിക്കുന്നത്.

    സംഭവ സമയം മുകള്‍ നിലയിലായിരുന്ന മകള്‍ ബഹളം കേട്ട് താഴെയെത്തിയപ്പോഴേക്കും അടുക്കളയിലെ ഗ്രില്‍സ് തുറന്ന് മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. നേരത്തേ വീട്ടിനുള്ളില്‍ കയറിക്കൂടിയാണ് മോഷണം നടത്തിയതെന്നാണ് പോലിസ് നിഗമനം. വിവരമറിഞ്ഞ് മയ്യില്‍ പോലിസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തും. അതേസമയം, ഈ സമയം ഒരു ബൈക്ക് അതിവേഗതയില്‍ ഓടിച്ചുപോവുന്ന ശബ്ദം കേട്ടിരുന്നതായി സമീപവാസികള്‍ പറഞ്ഞു. മോഷ്ടാവ് ബൈക്കില്‍ രക്ഷപ്പെട്ടെന്നാണു സംശയിക്കുന്നത്.

House robbery in Mayil Orapodi; Nine sovereigns were lost





Tags:    

Similar News