ഇരിട്ടി ടൗണ്‍ തുറക്കാന്‍ അധികാരികള്‍ അടിയന്തരനടപടി സ്വീകരിക്കണം: എസ് ഡിപിഐ

ഇരിട്ടിയെ മാത്രം ടാര്‍ജറ്റ് ചെയ്ത് അടപ്പിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് നാട്ടുകാര്‍ അടക്കം പറഞ്ഞുകൊണ്ടിരിക്കുന്നു. ഇരിട്ടി ടൗണ്‍ അടച്ചിടുന്നത് കാരണം ജനങ്ങള്‍ മറ്റ് ടൗണുകളെയാണു ആശ്രയിക്കുന്നത്. ഇത് കൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗവ്യാപനത്തിന് ഇടവരുത്തുകയാണ് ചെയ്യുക.

Update: 2020-09-14 05:13 GMT

ഇരിട്ടി: കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ ഇരിട്ടി ടൗണ്‍ പൂര്‍ണമായും അടച്ചിട്ട് വ്യാപാരികളെയും പൊതുജനങ്ങളെയും പ്രയാസത്തിലേക്ക് തള്ളിവിടുന്ന ജനദ്രോഹപരമായ നടപടികള്‍ ഇരിട്ടി മുനിസിപ്പല്‍ ഭരണസമിതി അവസാനിപ്പിക്കണമെന്ന് എസ് ഡിപിഐ പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് സത്താര്‍ ഉളിയില്‍ അവശ്യപ്പെട്ടു. ഇരിട്ടി ടൗണിലെ കടകള്‍ തുറക്കാന്‍ അധികാരികള്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഡിപിഐ ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി ഇരിട്ടി ടൗണില്‍ സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇരിട്ടി ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് നിരന്തരം അധികാരികള്‍ പ്രഖ്യാപിക്കുന്ന കണ്ടെയ്ന്‍മെന്റ് സോണ്‍ കാരണം വ്യാപാരികളും തൊഴിലാളികളും പട്ടിണിയിലേക്കാണ് പോവുന്നത്. നാലുമാസത്തിനിടെ നാലുതവണയാണ് ഇരിട്ടി ടൗണ്‍ അടച്ചിട്ടത്. രോഗം റിപോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ മറ്റ് ടൗണുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. ഇരിട്ടിയെ മാത്രം ടാര്‍ജറ്റ് ചെയ്ത് അടപ്പിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് നാട്ടുകാര്‍ അടക്കം പറഞ്ഞുകൊണ്ടിരിക്കുന്നു. ഇരിട്ടി പൂര്‍ണമായും പലതവണ അടച്ചിട്ടിട്ടും രാഷ്ട്രീയപ്പാര്‍ട്ടികളും വ്യാപാരസംഘടനകളും മൗനം പാലിക്കുകയാണ്.

ഇരിട്ടി ടൗണ്‍ അടച്ചിടുന്നത് കാരണം ജനങ്ങള്‍ മറ്റ് ടൗണുകളെയാണു ആശ്രയിക്കുന്നത്. ഇത് കൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗവ്യാപനത്തിന് ഇടവരുത്തുകയാണ് ചെയ്യുക. അതുകൊണ്ട് വ്യാപാരികകളെയും തൊഴിലാളികളെയും പൊതുജനങ്ങളെയും പ്രയാസത്തിലേക്ക് തളളിവിടുന്ന സമീപനം തിരുത്തി ഇരിട്ടി ടൗണിലെ കച്ചവട സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കാന്‍ അധികാരികള്‍ അടയന്തരനടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം വ്യാപാരികളെയും പൊതുജനങ്ങളെയും അണിനിരത്തി ശക്തമായ സമരത്തിന് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും സത്താര്‍ ഉളിയില്‍ പറഞ്ഞു. പരിപാടിയില്‍ എസ് ഡിപിഐ ഇരിട്ടി മുനിസിപ്പല്‍ പ്രസിഡന്റ് തമീം പെരിയത്തില്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ നസീര്‍ ഉളിയില്‍, യൂനുസ് ഉളിയില്‍, മുനിസിപ്പല്‍ സെക്രട്ടറി ഫൈസല്‍ മര്‍വ എന്നിവര്‍ സംസാരിച്ചു. 

Tags:    

Similar News