സിപിഎമ്മില്‍തന്നെ തുടരും; എന്ത് നടപടിയും അംഗീകരിക്കും: എസ് രാജന്ദ്രന്‍

Update: 2022-01-16 07:10 GMT

ഇടുക്കി: സിപിഎമ്മില്‍തന്നെ തുടരുമെന്നും മറ്റേതെങ്കിലും പാര്‍ട്ടിയിലേക്ക് പോവില്ലെന്നും ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. പാര്‍ട്ടി എന്ത് നടപടിയെടുത്താലും അത് അംഗീകരിക്കും. നടപടിയെടുക്കുന്നത് പാര്‍ട്ടി കീഴ്‌വഴക്കമാണെന്നും രാജന്ദ്രന്‍ പറഞ്ഞു. സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ എസ് രാജേന്ദ്രനെതിരേ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ ദേവികുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ രാജയുടെ പേര് പറയാന്‍ എസ് രാജേന്ദ്രന്‍ തയ്യാറായില്ല.

പറയണമെന്ന് നേതാക്കള്‍ നിര്‍ദേശിച്ചിട്ടും അനുസരിച്ചില്ല. രാജേന്ദ്രനെതിരേ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തന ആരോപണവും ഉയര്‍ന്നിരുന്നു. ഇവ പാര്‍ട്ടി അന്വേഷണ കമ്മീഷനും ശരിവച്ചതോടെയാണ് പുറത്താക്കാന്‍ ശുപാര്‍ശ നല്‍കിയത്. ഇക്കാര്യം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ സമ്മേളനത്തില്‍ വിശദീകരിക്കുകയും ചെയ്തു. ഇടുക്കി ജില്ലാ സമ്മേളനത്തിലും രാജേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല.

അച്ചടക്ക നടപടിയില്‍ ഇളവ് വേണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം തള്ളിയതോടുകൂടി രാജേന്ദ്രന്‍ സമ്മേളനത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇതോടെ രാജേന്ദ്രനെതിരേ പരസ്യവിമര്‍ശനവുമായി എം എം മണിയും രംഗത്തെത്തിയിരുന്നു. രാജേന്ദ്രനെതിരായ നടപടി സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചത്.

Tags:    

Similar News