ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം; നടക്കാനിറങ്ങിയ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു

Update: 2022-03-30 04:19 GMT

ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. രാവിലെ നടക്കാനിറങ്ങിയ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. ഇടുക്കി സൂര്യനെല്ലി കൃപാഭവനില്‍ ബാബു(60) ആണ് മരിച്ചത്. രാവിലെ 6 മണിയോടെ നടക്കാനിറങ്ങിയ ബാബു വീടിനു സമീപം വച്ചുതന്നെ കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു.

നേരം പുലര്‍ന്നുവരുന്ന സമയമായതിനാല്‍ കാട്ടാന നില്‍ക്കുന്നത് ബാബുവിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. മേഖലയില്‍ കാട്ടാനയുടെ അക്രമണത്തില്‍ കൊല്ലപ്പെടുന്ന നാല്‍പ്പതാമത്തെ സംഭവമാണിത്. വന്യമൃഗങ്ങളുടെ ആക്രമണം സംസ്ഥാനത്ത് പെരുകിയിരിക്കുകയാണ്. കാട്ടുപന്നിയുടെയും കാട്ടാനയുടെയും ആക്രമണങ്ങള്‍ ദിനംപ്രതി അരങ്ങേറുകയാണ്. വേനല്‍ കടുത്തതോടെ വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നതിന്റെ തോത് വര്‍ധിച്ചിട്ടുണ്ട്. വെള്ളവും മറ്റും തേടിയാണ് ഇവ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്.

Tags: