ഇടതു സര്‍ക്കാരിന്റെ നികുതി കൊള്ളക്കെതിരെ എസ്ഡിപിഐ പറവൂര്‍ താലൂക്ക് ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു

വൈപ്പിന്‍, പറവൂര്‍, കളമശ്ശേരി സംയുക്ത മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പറവൂര്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് എസ്ഡിറ്റിയു എറണാകുളം ജില്ലാ പ്രസിഡന്റ് റഷീദ് എടയപ്പുറം ഉദ്ഘാടനം ചെയ്തു

Update: 2022-03-25 11:05 GMT

നോര്‍ത്ത് പറവൂര്‍: ഇടതു സര്‍ക്കാരിന്റെ സര്‍വമേഖലയിലുമുള്ള നികുതി കൊള്ളക്കെതിരെയും നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെയും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ) വൈപ്പിന്‍, പറവൂര്‍, കളമശ്ശേരി സംയുക്ത മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പറവൂര്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചു സംഘടിപ്പിച്ചു.


ചേന്ദമംഗലം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് താലൂക്കു ഓഫീസിനു സമീപം പോലിസ് തടഞ്ഞു.തുടര്‍ന്നു നടന്ന പ്രതിഷേധ സംഗമം സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍ (എസ്ഡിറ്റിയു) എറണാകുളം ജില്ലാ പ്രസിഡന്റ് റഷീദ് എടയപ്പുറം ഉദ്ഘാടനം ചെയ്തു.


സര്‍ക്കാരിന്റെ കെടുകാര്യസ്ഥതക്കും ധൂര്‍ത്തിനും വേണ്ടി അന്യായ നികുതി വര്‍ദ്ധനവിലൂടെ സാധാരാണ ജനങ്ങളെ ബലിയാടാക്കാനുള്ള ശ്രമം ജനദ്രോഹപരമാണ്. സര്‍ക്കാര്‍ ഈ നീക്കത്തില്‍ നിന്നും പിന്‍വലിയാത്ത പക്ഷം വലിയ ജനകീയ പ്രക്ഷോഭവുമായി പാര്‍ട്ടി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.


പറവൂര്‍ മണ്ഡലം പ്രസിഡന്റ് നിസ്സാര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു.വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സുനിത നിസ്സാര്‍, എസ്ഡിപിഐ വൈപ്പിന്‍ മണ്ഡലം പ്രസിഡന്റ് റിയാസ് പള്ളിപ്പുറം, കളമശ്ശേരി മണ്ഡലം സെക്രട്ടറി പി എ ഷംസുദ്ദീന്‍,എസ്ഡിറ്റിയു പറവൂര്‍ ഏരിയ പ്രസിഡന്റ് സംജാദ് ബഷീര്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പറവൂര്‍ മണ്ഡലം കമ്മിറ്റിയംഗം ഫിദ സിയാദ് സംസാരിച്ചു.


സമരത്തിന്റെ ഭാഗമായി നികുതി വര്‍ധനാ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന ആവശ്യമുന്നയിച്ച് പറവൂര്‍ തഹസീല്‍ദാറിന് നിവേദനം കൈമാറി.പറവൂര്‍ മണ്ഡലം സെക്രട്ടറി നിഷാദ് അഷറഫ് സ്വാഗതവും വൈസ് പ്രസിഡന്റ് യാക്കൂബ് സുല്‍ത്താന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

Tags: