പെരിയാറിലേക്കുള്ള മാലിന്യനിക്ഷേപം; എസ്ഡിപിഐ ഏലൂര്‍ പിസിബി ഓഫിസ് ഉപരോധിച്ചു

Update: 2023-06-10 05:30 GMT

കളമശ്ശേരി: പെരിയാറിലേക്ക് കമ്പനികള്‍ വിഷമാലിന്യങ്ങള്‍ തള്ളുന്നതിനെതിരേ പൊലൂഷന്‍ കണ്‍ട്രോണ്‍ ബോര്‍ഡ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കളമശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏലൂര്‍ പിസിബി ഓഫിസ് ഉപരോധിച്ചു. കഴിഞ്ഞദിവസം പെരിയാറിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കിയതിനെ തുടര്‍ന്ന് വെള്ളം കറുത്തിരുണ്ട് ഒഴുകുകയും, മല്‍സ്യങ്ങള്‍ ചത്തുപൊങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറേ കാലങ്ങളായി എടയാര്‍, ഏലൂര്‍ വ്യവസായ മേഖലയിലെ നിരവധി സ്ഥാപനങ്ങളാണ് പെരിയാറിലേക്ക് രാസ മാലിന്യങ്ങള്‍ ഒഴുക്കിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ എസ്ഡിപിഐ അടക്കം നിരവധി പൗരാവകാശ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും പലതവണ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിരുന്നു. കൂടാതെ നേരത്തെ എസ്ഡിപിഐ നേതാക്കള്‍ ഏലൂര്‍ പിസിബി ഓഫിസറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും മാലിന്യം തള്ളുന്ന കമ്പനികള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനു ശേഷവും മാലിന്യം തതള്ളുന്നത് ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് എസ്ഡിപിഐ കളമശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏലൂരിലുള്ള പിസിബി ഓഫിസ് ഉപരോധിച്ചത്. തുടര്‍ന്ന് ഏലൂര്‍ സി ഐ ബാലന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് സീനിയര്‍ എന്‍ജിനീയര്‍ കൃഷ്ണന്‍ എത്രയും വേഗം പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് സാദിഖ് ഏലൂക്കര, മണ്ഡലം സെക്രട്ടറി ഷാനവാസ് കൊടിയന്‍, മണ്ഡലം കമ്മിറ്റി അംഗങ്ങളായ നാസിം പുളിക്കല്‍, നഹാസ് എടയാര്‍, ഷാഹിദ് ഇസ്മായില്‍, ഫൈസല്‍ പോട്ട, ജലീല്‍ എടയാര്‍, സാദിഖ് എരമം, ഷെഫീഖ് എരമം പങ്കെടുത്തു.

Tags: