മോഡലുകളുടെ അപകടമരണം: ലഹരി-സിനിമാ- ക്രിമിനല്‍ മാഫിയാ ബന്ധം അന്വേഷിക്കണം- എസ്ഡിപിഐ

Update: 2021-11-20 16:55 GMT

കൊച്ചി: മിസ് കേരള മല്‍സര വിജയികളായ മോഡലുകള്‍ കാര്‍ അപകടത്തില്‍ മരണപ്പെട്ട സംഭവത്തിലെ അന്വേഷണം ലഹരി മാഫിയ കേന്ദ്രീകരിച്ചുകൂടി നടത്തണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി കെ എ മുഹമ്മദ് ഷമീര്‍ ആവശ്യപ്പെട്ടു. അന്വേഷണം ലോക്കല്‍ പോലിസില്‍നിന്ന് ക്രൈം ബ്രാഞ്ചിന് കൈമാറിയത് സ്വാഗതാര്‍ഹമാണ്. മരണപ്പെട്ട മോഡലുകള്‍ പങ്കെടുത്ത നിശാ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലിലെ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് ഹോട്ടല്‍ ഉടമ തന്നെ നശിപ്പിച്ചത് പ്രമുഖരായ ആരെയോ രക്ഷിക്കാന്‍ വേണ്ടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കൊല്ലപ്പെട്ട മോഡലുകള്‍ക്ക് ഹോട്ടലുടമ ദുരുദ്ദേശത്തോടെ രാസലഹരി നല്‍കിയെന്നാണ് പോലിസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നത്. എന്നിട്ടും 24 മണിക്കൂര്‍ തികയുന്നതിന് മുമ്പ് ഹോട്ടല്‍ ഉടമയ്ക്ക് ജാമ്യം ലഭിച്ചത് ദുരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട്. കൊച്ചി കേന്ദ്രമായി ലഹരി ഡീജേ പാര്‍ട്ടി മാഫിയകള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. മുംബൈയെ പോലെ സിനിമാ- ലഹരി അധോലോക മാഫിയ കൊച്ചിയില്‍ വളര്‍ന്നുവരുന്നത് അനുവദിക്കാവുന്നതല്ല.

നേരത്തെ ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്ന ഡിജെ സാജങ്ക ഉള്‍പ്പെടെയുള്ളവര്‍ കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ ദുരൂഹ ഡിജേ പാര്‍ട്ടി നടത്താന്‍ ശ്രമിക്കുകയും പോലിസ് റെയ്ഡിനെ തുടര്‍ന്ന് രക്ഷപ്പെടുകയും ചെയ്തിരുന്നു. മോഡലുകളുടെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരാനും കൊച്ചി കേന്ദ്രീകരിച്ച് തഴച്ചുവളരുന്ന ലഹരി- സിനിമാ ക്രിമിനല്‍ സംഘങ്ങളെ അടിച്ചമര്‍ത്താനും പോലിസ് തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags: