'നോട്ട് മെനി, ബട്ട് വണ്‍ ' പുസ്തകത്തിന്റെ പ്രകാശനം ഉപരാഷ്ട്രപതി നിര്‍വഹിച്ചു

പ്രപഞ്ചത്തിലെ ഏകത്വത്തെക്കുറിച്ചുള്ള ശ്രീനാരായണഗുരുവിന്റെ ദീര്‍ഘവീക്ഷണം സംബന്ധിച്ച് പ്രഫ.ശശിധരന്‍ ആണ് ' നോട്ട് മെനി ബട്ട് വണ്‍ '.രചിച്ചത്

Update: 2021-01-29 11:31 GMT

കൊച്ചി: പ്രഫ.കെ ശശിധരന്‍ രചിച്ച നോട്ട് മെനി, ബട്ട് വണ്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഓണ്‍ലൈനായി നിര്‍വഹിച്ചു. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ശ്രീനാരായണഗുരുദേവന്‍ ഒരു ബഹുമുഖ പ്രതിഭയായിരുന്നുവെന്ന് പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പറഞ്ഞു.മഹാനായ ഋഷിവര്യനായിരുന്ന അദ്ദേഹം അദ്വൈത ചിന്തയുടെ വക്താവ്, കഴിവുള്ള കവി എന്നിവ കൂടിയായിരുന്നു.

ക്ഷേത്രപ്രവേശന പ്രസ്ഥാനത്തിലും തൊട്ടുകൂടായ്മ എന്ന സാമൂഹിക വിവേചനത്തിനെതിരെയും അദ്ദേഹം മുന്‍പന്തിയില്‍ നിന്നു. ഇന്ത്യയുടെ സാമൂഹിക മൂല്യത്തെ കുറിച്ചും, സാര്‍വത്രികത യെക്കുറിച്ചും ഒരു നേര്‍കാഴ്ച നല്‍കുന്നതിന് ഇതുപോലെയുള്ള പുസ്തകങ്ങള്‍ സഹായിക്കും. ഇന്ത്യയുടെ ഇപ്പോഴത്തെ തലമുറയും ഭാവി തലമുറയും ഇന്ത്യയുടെ ആത്മാവിനെ അഭിനന്ദിക്കാനും അവരുടെ പാരമ്പര്യത്തെകുറിച്ച് കൂടുതല്‍ അറിയാനും ഈ പുസ്തകം സഹായകരമായിരിക്കും.

ഒരു രാജ്യത്തിനും അവരുടെ പാരമ്പര്യം മറന്നുകൊണ്ട് മുന്നോട്ടുപോകാനാവില്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു.സംസ്‌കൃതം, മലയാളം, തമിഴ് ഭാഷകളില്‍ രചിച്ച ഗുരുവിന്റെ കവിതകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുക മാത്രമല്ല, ഓരോ കവിതയും അവയുടെ ദാര്‍ശനിക അര്‍ത്ഥങ്ങളും സംബന്ധിച്ച സമഗ്രമായ വ്യാഖ്യാനങ്ങള്‍ ഉള്‍ക്കൊള്ളുന്നത് കൂടിയാണ് പ്രഫ.ശശിധരന്‍ രചിച്ച പുസ്തകമെന്ന് ചടങ്ങില്‍ ആമുഖപ്രഭാഷണം നടത്തിയ ടാറ്റാ ട്രസ്റ്റ്സ് ട്രസ്റ്റി പത്മശ്രീ ആര്‍ കെ. കൃഷ്ണകുമാര്‍ പറഞ്ഞു.ആധുനിക പ്രപഞ്ച ശാസ്ത്രത്തിന് തുല്യമായി അദ്വൈത ചൈതന്യം കൊണ്ടുവരുന്നതിനുള്ള ശ്രീനാരായണഗുരുവിന്റെ ശ്രമങ്ങള്‍ പുസ്തകം എടുത്തു കാണിക്കുന്നത് എങ്ങനെയെന്നതിനെകുറിച്ച് പ്രഫ. ശശിധരന്‍ വിശദീകരിച്ചു.

Tags: