ഇതിഹാസ കഥക് നര്‍ത്തകന്‍ പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു

ഞായറാഴ്ച രാത്രി ബിര്‍ജു മഹാരാജ് കൊച്ചുമക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെ ആരോഗ്യനില വഷളാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Update: 2022-01-17 02:09 GMT

ന്യൂഡല്‍ഹി: ഇതിഹാസ കഥക് നര്‍ത്തകന്‍ പണ്ഡിറ്റ് ബിര്‍ജു മഹാരാജ് (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. ഞായറാഴ്ച രാത്രി ബിര്‍ജു മഹാരാജ് കൊച്ചുമക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെ ആരോഗ്യനില വഷളാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലെ സാകേത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ദിവസങ്ങള്‍ക്കുമുമ്പ് വൃക്കരോഗം കണ്ടെത്തി ഡയാലിസിസ് ചെയ്തു വരികയായിരുന്നു. പത്മവിഭൂഷണ്‍, പത്മഭൂഷണ്‍ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പണ്ഡിറ്റ്ജി, മഹാരാജ്ജി എന്നെല്ലാമാണ് അദ്ദേഹത്തെ പ്രിയപ്പെട്ടവരും ശിഷ്യരും വിളിച്ചിരുന്നത്. കൂടാതെ ഇന്ത്യയിലെ അറിയപ്പെടുന്ന കലാകാരന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം.

കഥക് നൃത്തത്തില്‍ പേരുകേട്ടവരാണ് മഹാരാജ് കുടുംബം. പിതാവും ഗുരുവുമായ അച്ചന്‍ മഹാരാജ്, അമ്മാവന്‍മാരായ ശംഭു മഹാരാജ്, ലച്ചു മഹാരാജ് എന്നിവരെല്ലാം പ്രശസ്ത കഥക് നര്‍ത്തകരാണ്. നര്‍ത്തകന്‍ മാത്രമല്ല ഗായകന്‍ കൂടിയാണ് ബിര്‍ജു മഹാരാജ്. ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചിട്ടുണ്ട്. തുംരി, ദാദ്ര, ഭജന്‍, ഗസല്‍ എന്നിവയില്‍ പ്രാവീണ്യം നേടിയ ബിര്‍ജു മഹാരാജ് ഒരു മികച്ച ഗായകന്‍ കൂടിയായിരുന്നു. തന്റെ ജീവിതത്തിലെ സംഭവങ്ങള്‍ കലയില്‍ സന്നിവേശിപ്പിച്ച് കലാസ്വാദകരെ അമ്പരപ്പിച്ച നര്‍ത്തകനാണ് അദ്ദേഹം.

Tags:    

Similar News