79ാം വയസ്സില്‍ പ്ലസ്ടു പാസായി ജോര്‍ജേട്ടന്‍; ആഘോഷമാക്കി ബന്ധുക്കളും നാട്ടുകാരും

ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചകളിലുമായിരുന്നു ക്ലാസ്. ഇതിലാണ് ഒരു എ, രണ്ട് ബി, രണ്ട് സി പ്ലസ്, ഒരു സി എന്നിങ്ങിനെ മാര്‍ക്ക് നേടി പാസ്സായത്.

Update: 2021-09-24 15:19 GMT

മാള: 79ാം വയസ്സില്‍ പ്ലസ്ടു കടമ്പ വിജയകരമായി കടന്നിരിക്കുകയാണ് മാള ഗ്രാമപ്പഞ്ചായത്തിലെ കാവനാടുള്ള എടാട്ടുകാരന്‍ ജോര്‍ജ്ജ്. കുടുംബത്തിനൊപ്പം നാടും ഏറ്റെടുത്തിരിക്കുകയാണ് ഇദ്ദേഹത്തിന്റെ അതുല്യ വിജയം. 2015ല്‍ എസ്എസ്എല്‍സി പാസ്സായതിന് പിന്നാലെയാണ് പ്ലസ്ടു കൂടി എഴുതണമെന്ന് പരേതനായ തരിയതിന്റെ മകനായ ജോര്‍ജ്ജിന് ആഗ്രഹം ഉദിക്കുന്നത്. 2018-19 വര്‍ഷത്തില്‍ എഴുതിയെങ്കിലും രണ്ട് വിഷയങ്ങളില്‍ പരാജയപ്പെട്ടു. എങ്കിലും പ്രതീക്ഷ കൈവിടാതെ ശ്രമം തുടരുകയായിരുന്നു.

മാള ഗ്രാമപ്പഞ്ചായത്തിലെ കോര്‍ഡിനേറ്റര്‍ ചിത്രയുടെ നേതൃത്വത്തില്‍ മലയാളത്തിന് ദേവദാസ്, ഹിസ്റ്ററിക്ക് ട്രീസ ജോയ്, ഇംഗ്ലീഷിന് ഹണി, സോഷ്യോളജിക്ക് ലിജി, പൊളിറ്റിക്‌സിന് സിന്ധു എന്നീ അധ്യാപകരുടെ ശിക്ഷണത്തില്‍ 2020 ല്‍ വീണ്ടും പഠിച്ച് പരീക്ഷയെഴുതി. മേലഡൂര്‍ ഗവ. സമിതി ഹയര്‍ സെക്കന്ററി സ്‌കൂളിലായിരുന്നു പഠനം.ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചകളിലുമായിരുന്നു ക്ലാസ്. ഇതിലാണ് ഒരു എ, രണ്ട് ബി, രണ്ട് സി പ്ലസ്, ഒരു സി എന്നിങ്ങിനെ മാര്‍ക്ക് നേടി പാസ്സായത്.

പഠിക്കാന്‍ ഏറെ താല്‍പ്പര്യമുണ്ടായിരുന്നെങ്കിലും ഏഴാം ക്ലാസ് പാസ്സായപ്പോള്‍ പഠനം നിര്‍ത്താനാണ് പിതാവ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് പലരുടെയും ഇടപെടലിലൂടെ പഠനം തുടര്‍ന്നു. എന്നാല്‍ പത്താം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കേ പരീക്ഷക്ക് രണ്ട് മാസമുള്ളപ്പോള്‍ പഠനം നിര്‍ത്തേണ്ടതായി വന്നു. പിന്നീട് കുരുവിലശ്ശേരി സഹകരണ ബാങ്കില്‍ ജോലിക്ക് പോയി. വളത്തിന്റേയും മറ്റും ചുമതലയായിരുന്നു. പിന്നീടത് പ്യൂണ്‍ തസ്തികയിലേക്ക് മാറി. റിട്ടയറായപ്പോഴാണ് പഠനമോഹം വീണ്ടുമുദിച്ചത്.

ഭാര്യ കൊച്ചുത്രേസ്യ 2011ല്‍ മരിച്ചു. മുന്‍ ഗ്രാമപഞ്ചായത്തംഗം കിഷോര്‍കുമാറടക്കം നാല് മക്കളും 10 പേരക്കുട്ടികളുമുണ്ട്. വായനയും പ്രാര്‍ത്ഥനയുമാണ് തന്റെ ഹോബികളെന്നാണ് ജോര്‍ജ്ജേട്ടന്‍ പറയുന്നത്. പരന്ന വായനയും പ്ലസ് ടു പരീക്ഷ പാസാവാന്‍ സഹായിച്ചതായി അദ്ദേഹം പറയുന്നു. ജോര്‍ജ്ജേട്ടന്റെ കുടുംബത്തിനൊപ്പം നാട്ടുകാരും ഈ നേട്ടത്തില്‍ ഏറെ അഭിമാനിക്കുകയാണ്.

Tags:    

Similar News