നീറ്റ് പരീക്ഷ ഇന്ന്; കേരളത്തില്‍ 13 കേന്ദ്രങ്ങള്‍

Update: 2021-09-12 03:50 GMT

തിരുവനന്തപുരം: മെഡിക്കല്‍/ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് യുജി) പരീക്ഷ ഇന്ന് നടക്കും. സംസ്ഥാനത്തെ 1 നഗരപ്രദേശങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. പരീക്ഷ നടത്തുന്ന നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തത്. ഉച്ചയ്ക്കുശേഷം രണ്ടുമുതല്‍ അഞ്ചുവരെയാണ് പരീക്ഷ. 11 മുതല്‍ പരീക്ഷ കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കും. എന്നാല്‍, ഒന്നരയ്ക്കുശേഷം പ്രവേശനം അനുവദിക്കില്ല. രാജ്യത്തെയും ഗള്‍ഫിലെയും 202 സിറ്റി കേന്ദ്രങ്ങള്‍ക്ക് കീഴില്‍ 16.1 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. 

കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കേരളത്തില്‍ പരീക്ഷയെഴുതുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ട്. കഴിഞ്ഞവര്‍ഷം 1,15,959 പേരാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്. നീറ്റിന്റെ പരിഷ്‌കരിച്ച അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ ഇന്നലെ തന്നെ ലഭ്യമാക്കിയിരുന്നു. അഡ്മിറ്റ് കാര്‍ഡ് നേരത്തെ എടുത്തവര്‍ പുതിയത് ഡൗണ്‍ലോഡ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. നേരത്തെ ഡൗണ്‍ലോഡ് ചെയ്തവരും എന്‍ടിഎ നീറ്റ്(യുജി) വെബ്‌സൈറ്റില്‍നിന്ന് പുതിയ അഡ്മിഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. പുതിയ അഡ്മിഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനായി ഈ വെബ്‌സൈറ്റ് (https://neet.nta.nic.in/) സന്ദര്‍ശിക്കുക.

വെബ്‌സൈറ്റില്‍നിന്ന് അഡ്മിഷന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ എന്തെങ്കിലും പ്രയാസം നേരിടുന്നവര്‍ 011 40759000 എന്ന ടെലിഫോണ്‍ നമ്പറിലോ neet@nta.ac.in എന്ന ഇ- മെയില്‍ ഐഡിയിലോ പരാതിപ്പെടണം. ഇതാദ്യമായി മലയാളത്തിലും ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇത്തവണ നീറ്റ് പരീക്ഷ. കൊവിഡ് സാഹചര്യത്തില്‍ കര്‍ശനമായ നിബന്ധനകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൊവിഡ് സാഹചര്യത്തില്‍ ബെഞ്ചില്‍ ഒരാള്‍ എന്ന രീതിയില്‍ ഹാളില്‍ 12 വിദ്യാര്‍ഥികള്‍ക്കാണ് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്.

മുന്‍കൂട്ടി അറിയിച്ച കൊവിഡ് ബാധിതര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും കണ്ടെയ്ന്‍മെന്റ് സോണില്‍നിന്നുള്ളവര്‍ക്കും മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കുന്നുണ്ട്. പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികളുടെ ശരീരോഷ്മാവ് പരിശോധിക്കും. രോഗലക്ഷണങ്ങളുള്ളവര്‍ക്ക് പ്രത്യേക ക്ലാസ് മുറികള്‍ തയ്യാറാക്കിയിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരിക്കല്‍ കൂടി ഉറപ്പാക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍ ബിന്ദു നാഷനല്‍ ടെസ്റ്റിങ് ഏജന്‍സ് ഡയറക്ടര്‍ ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News