കരിക്കുലം കോര്‍ കമ്മിറ്റിയില്‍ ബിജെപി പ്രതിനിധി; വിദ്യാഭ്യാസ മേഖലയിലെ ഹിന്ദുത്വവല്‍ക്കരണത്തില്‍ നിന്ന് സിപിഎം പിന്‍മാറുക: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

Update: 2022-03-17 13:48 GMT

തിരുവനന്തപുരം: കരിക്കുലം കോര്‍ കമ്മിറ്റിയില്‍ ബിജെപി പ്രതിനിധിയെ ഉള്‍പ്പെടുത്തിയ നടപടിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട അക്കാദമിക കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ട കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയില്‍ ആദ്യമായി ബിജെപി അനുകൂല അധ്യാപക സംഘടനാ പ്രതിനിധി കൂടി ഉള്‍പ്പെട്ടതിന് പിന്നില്‍ വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വവല്‍ക്കരിക്കാനുള്ള സിപിഎം നടപടിയുടെ ഭാഗമാണ്.

വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനും പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി വൈസ് ചെയര്‍മാനുമായ കമ്മിറ്റി സര്‍ക്കാര്‍ മാറുന്നതുവരെയുള്ള സ്ഥിരം സംവിധാനമാണ്. സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്‌കരണ നടപടികള്‍ക്ക് ഉള്‍പ്പെടെ അംഗീകാരം നല്‍കേണ്ട സമിതിയാണ് ബിജെപി സംഘടനയായ ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറി ടി അനൂപ് കുമാറിനെയും ഇടതുപാര്‍ട്ടിക്കാരെയും കുത്തിനിറച്ച് പുനസ്സംഘടിപ്പിച്ചത്.

ഹയര്‍ സെക്കന്‍ഡറി മേഖലയുമായി ബന്ധപ്പെട്ട അക്കാദമിക വിഷയങ്ങളും പാഠപുസ്തകങ്ങളുടെ അംഗീകാരം ഉള്‍പ്പെടെ കാര്യങ്ങളും തീരുമാനിക്കുന്ന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയിലൂടെ വിദ്യാഭ്യാസ മേഖലയില്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ കാപട്യത്തെ ശക്തമായി ചോദ്യം ചെയ്യുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടേറിയറ്റ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ആക്ടിങ് പ്രസിഡന്റ് കെ എം ഷെഫ്‌റിന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ് മുജീബ് റഹ്മാന്‍, അര്‍ച്ചന പ്രജിത്ത്, കെ കെ അഷ്‌റഫ്, ഫസ്‌ന മിയാന്‍, മഹേഷ് തോന്നക്കല്‍, പി എച്ച് ലത്തീഫ്, അമീന്‍ റിയാസ്, ഫാത്തിമ നൗറിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News