മഹാരാജാസ് സംഭവം; സ്വതന്ത്രമായ അന്വേഷണം നടത്തണം: കാംപസ് ഫ്രണ്ട്

Update: 2018-07-02 09:11 GMT


കോട്ടയം: മഹാരാജാസ് കോളേജിലെ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണെമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. നവാഗതരെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മഹാരാജാസില്‍ കാലങ്ങളായി സംഘര്‍ഷം നില നില്‍ക്കുന്നുണ്ട്. വിഷയത്തില്‍ രക്തസാക്ഷികളെ സൃഷ്ടിച്ച് മുതലെടുക്കാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നത്. അത്‌കൊണ്ട് തന്നെ പോലീസ് നിഷ്പക്ഷമായ അന്വേഷണത്തിന് തയ്യാറാവുകയും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരികയും വേണം.

കോളേജില്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചത് എസ്.എഫ്.ഐ ആണ് എന്നതിന്റെ തെളിവാണ് ചുമരെഴുത്ത് വികൃതമാക്കിയ നടപടി. കഴിഞ്ഞ യൂണിയന്‍ തെരെഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയാണ് മഹാരാജാസ് കോളേജില്‍ മറ്റു വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നതിനും അവയെ തകര്‍ക്കാനും എസ്എഫ്‌ഐ യെ പ്രേരിപ്പിക്കുന്നത്. തങ്ങളല്ലാത്ത എല്ലാ സംഘടനകളെയും ആക്രമിക്കുന്ന രീതിയാണ് മഹാരാജാസില്‍ കഴിഞ്ഞ കാലങ്ങളായി ഉണ്ടായിരുന്നത്. കേരളത്തിലെ മിക്ക കാംപസുകളിലും അക്രമത്തിലൂടെ ആധിപത്യം നേടാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നത്.

കരുതിക്കൂട്ടി സംഘര്‍ഷമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതാണ് എസ്എഫ്‌ഐയുടെ സംഘടനാപ്രവര്‍ത്തനം. മഹാരാജാസിലും കാണാനാവുന്നത് അത് തന്നെയാണ്. കഴിഞ്ഞ ദിവസം പ്രവേശനോല്‍സവുമായി ബന്ധപ്പട്ട് സ്ഥാപിച്ചിരുന്ന കാംപസ് ഫ്രണ്ടിന്റെ പോസ്റ്ററുകളും ബാനറുകളും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നശിപ്പിക്കുകയും പ്രവര്‍ത്തകരെ അക്രമിക്കുകയും ചെയ്തിരുന്നു. മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട നിരവധി അക്രമ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. മുമ്പ് ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് റെയ്ഡ് നടത്തിയപ്പോള്‍ കോളജ് ഹോസ്റ്റലില്‍ നിന്ന് മാരകായുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഗുണ്ടാവിളയാട്ടവുമായി മഹാരാജാസ് കോളജിനെ സ്വന്തം റിപബ്ലിക്കാക്കി മാറ്റാനാണ് എസ് എഫ് ഐ യുടെ ശ്രമം. ഇരുട്ടിന്റെ മറവില്‍ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ഉണ്ടായ സംഘര്‍ഷത്തിനിടയില്‍ ഉണ്ടായ കൊലപാതകം സംശയം ഉയര്‍ത്തുന്നുണ്ട്. നിഷ്പക്ഷമായ അന്വേഷണത്തിലൂടെ മാത്രമേ സത്യാവസ്ഥ പുറത്ത്‌കൊണ്ട് വരാനാകൂ.

സംഭവത്തെ ആസൂത്രിതമായ കൊലപാതകമായി ചിത്രീകരിച്ച് കാംപസ് ഫ്രണ്ടിന്റെ പേരില്‍ കെട്ടിവെച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് എസ്എഫ് ഐ. ഇത് പൊതുജനങ്ങളും മാധ്യമങ്ങളും തിരിച്ചറിയണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

 
Tags:    

Similar News