എന്‍ആര്‍സി നടപ്പാക്കുന്നത് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചശേഷം: നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ്

ദേശീയ ജനസംഖ്യ റജിസ്റ്ററിനായി ശേഖരിച്ച ചില വിവരങ്ങള്‍ ദേശീയ പൗരത്വ റജിസ്റ്ററിനായി ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുമെന്നും മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.

Update: 2019-12-29 09:32 GMT

ന്യൂഡല്‍ഹി: ദേശീയ പൗരത്വ റജിസ്റ്റര്‍(എന്‍ആര്‍സി) നടപ്പിലാക്കുന്നതിനു മുന്‍പായി സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിക്കുന്നതുള്‍പ്പെടെ കൃത്യമായ നിയമ നടപടികള്‍ പിന്തുടരുമെന്ന് നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ്. സംസ്ഥാന സര്‍ക്കാരുകളുടെ പ്രതികരണം തേടും. ദേശീയ പൗരത്വ റജിസ്റ്ററുമായി ബന്ധപ്പെട്ട് ചെയ്യുന്നതെല്ലാം പരസ്യമായിരിക്കും. ഒന്നും രഹസ്യമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദി സണ്‍ഡേ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് നിയമ മന്ത്രിയുടെ പ്രതികരണം.

രാജ്യവ്യാപകമായി ദേശീയ പൗരത്വ റജിസ്റ്റര്‍ നടപ്പിലാക്കുന്നതു സംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. നടപടികള്‍ തുടങ്ങുമ്പോള്‍ പരസ്യപ്രഖ്യാപനം ഉണ്ടാകും. എന്‍പിആര്‍ വിവരങ്ങള്‍ ശേഖരിക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെയും പ്രസാദ് ന്യായീകരിച്ചു. സെന്‍സസ് വിവരങ്ങള്‍ ഏതൊരു അതോറിറ്റിക്കും പരസ്യമാക്കാനാവില്ല. അതിനാല്‍ എന്‍പിആര്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടത് അവശ്യമാണ്. നിര്‍ധനര്‍ക്കായുളള ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ എന്‍പിആര്‍ സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദേശീയ ജനസംഖ്യ റജിസ്റ്ററിനായി ശേഖരിച്ച ചില വിവരങ്ങള്‍ ദേശീയ പൗരത്വ റജിസ്റ്ററിനായി ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ ഭയപ്പെടേണ്ടതില്ല. പൗരത്വ ഭേദഗതി നിയമം മൂലം ഒരു ഇന്ത്യക്കാരനും പൗരത്വം നിഷേധിക്കുകയില്ല. എന്‍ആര്‍സി തികച്ചും വ്യത്യസ്തമായ ഒരു വ്യവസ്ഥയാണ്. ഇന്ത്യയിലെ പൗരന്മാരുമായി മാത്രം ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ ഇതില്‍ ഭയപ്പെടേണ്ടതില്ല. മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള (പാക്കിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍) ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാര്‍, ജെയിന്‍, സിഖ്, പാര്‍സികള്‍ എന്നിവര്‍ക്ക് മാത്രമാണ് സിഎഎ. ഒരു ഇന്ത്യക്കാരനും സിഎഎ ബാധകമല്ല.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധക്കാര്‍ക്കുനേരെയുണ്ടായെ പൊലീസ് അതിക്രമത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, പ്രതിഷേധിക്കാനുള്ള അവകാശത്തെ നരേന്ദ്ര മോദി സര്‍ക്കാര്‍ മാനിക്കുന്നുവെന്നായിരുന്നു പ്രസാദിന്റെ മറുപടി. എന്നാല്‍, പ്രതിഷേധത്തിന്റെ പേരില്‍ ആരെങ്കിലും പൊതുമുതല്‍ നശിപ്പിക്കുന്നത് സഹിക്കാനാവില്ലെന്നും അവര്‍ക്കെതിരെ നിയമ നടപടികളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Tags: