ശക്തമായി തിരിച്ചടിക്കും; സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയെന്ന് പ്രധാനമന്ത്രി

രാഷ്ട്രത്തിന്റെ രോഷം മനസ്സിലാക്കുന്നു. ആക്രമണത്തിന്റെ ഉത്തരവാദികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും. അക്രമികള്‍ക്കെതിരേ നീങ്ങാന്‍ സേനകള്‍ക്ക് പരിപൂര്‍ണസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അവരുടെ ധൈര്യത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.

Update: 2019-02-15 06:47 GMT

ന്യൂഡല്‍ഹി: പുല്‍വാമയില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും അതിന് ഉത്തരവാദികളുമായ ശക്തികള്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടുമെന്നും പാകിസ്ഥാന് മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രത്തിന്റെ രോഷം മനസ്സിലാക്കുന്നു. ആക്രമണത്തിന്റെ ഉത്തരവാദികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും. അക്രമികള്‍ക്കെതിരേ നീങ്ങാന്‍ സേനകള്‍ക്ക് പരിപൂര്‍ണസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അവരുടെ ധൈര്യത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.

മന്ത്രിസഭാ സുരക്ഷാ സമിതി യോഗത്തിന് ശേഷം പ്രധാനമന്ത്രി പങ്കെടുത്ത ആദ്യപൊതുപരിപാടിയായ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടന വേദിയിലായിരുന്നു ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെട്ട നമ്മുടെ അയല്‍രാജ്യം ശക്തമായ ഗൂഢാലോചനകളിലൂടെയും തന്ത്രങ്ങളിലൂടെയും ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്നാണ് കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റി. ഈ ആക്രമണത്തെ ശക്തമായ രീതിയില്‍ അപലപിച്ചുകൊണ്ട് ഇന്ത്യയെ പിന്തുണച്ച എല്ലാ രാഷ്ട്രങ്ങള്‍ക്കും ഞാന്‍ നന്ദി അറിയിക്കുകയാണ്. പുല്‍വാമ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സൈനികര്‍ക്ക് താന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണെന്നും മോദി വ്യക്തമാക്കി.

Tags:    

Similar News