കൊറോണ വൈറസിന്റെ ഉറവിടം: ഡബ്ല്യുഎച്ച്ഒ സംഘം ചൈനയിലേക്ക്

ചൈനയിലെ ലാബില്‍നിന്നാണ് വൈറസ് ഉണ്ടായതെന്ന ആരോപണങ്ങള്‍ക്കിടെയാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം.

Update: 2020-07-04 10:08 GMT

ജനീവ: കോവിഡ് 19 മഹാമാരിക്ക് കാരണമായ വൈറസ് സാര്‍സ് കോവ്2 വിന്റെ ഉറവിടം അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടനയായ ഡബ്യുഎച്ച്ഒ ചൈനയിലേക്ക് വിദഗ്ധ സംഘത്തെ അയക്കുന്നു. അടുത്ത ആഴ്ച സംഘം ചൈനയിലെത്തും. ചൈനയിലെ ലാബില്‍നിന്നാണ് വൈറസ് ഉണ്ടായതെന്ന ആരോപണങ്ങള്‍ക്കിടെയാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം.

'വൈറസിന്റെ ഉറവിടം കണ്ടെത്തേണ്ടത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇത് ശാസ്ത്രമാണ്, പൊതുജനാരോഗ്യമാണ്. വൈറസിന്റെ ആവിര്‍ഭാവം ഉള്‍പ്പടെയുള്ള കാര്യങ്ങളെ കുറിച്ച് പൂര്‍ണമായി മനസ്സിലാക്കിയാല്‍ വൈറസിനെതിരെ വളരെ ശക്തമായി നമുക്ക് പോരാടാനാകും.' ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു.

ചൈനയിലേക്ക് അടുത്താഴ്ച ഒരു സംഘത്തെ അയക്കും. അത് വൈറസ് എങ്ങനെ ആരംഭിച്ചുവെന്നും ഭാവിയില്‍ നമുക്ക് എന്തു ചെയ്യാനാകുമെന്ന് മനസ്സിലാക്കുന്നതിലേക്കും നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതതായും ടെഡ്രോസ് കൂട്ടിച്ചേര്‍ത്തു.

ചൈനീസ് ലാബില്‍നിന്നാണ് വൈറസ് ഉണ്ടായതെന്ന് യുഎസ് നേരത്തേ ആരോപിച്ചിരുന്നു. എന്നാല്‍ ചൈന ഈ ആരോപണത്തെ നിഷേധിച്ചിരുന്നു.ചൈനയില്‍ അജ്ഞാത കാരണങ്ങളാല്‍ ന്യൂമോണിയ കേസുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നതായി കാണിച്ച് ലോകാരോഗ്യ സംഘടനയക്ക് ചൈനയുടെ അറിയിപ്പ് ലഭിച്ചത് ആറു മാസങ്ങള്‍ക്ക് മുമ്പാണ്. പിന്നീടാണ് ഇതിനുകാരണം നോവല്‍ കൊറോണ വൈറസ് ആണെന്ന് കണ്ടെത്തിയത്.


Tags:    

Similar News