ഇറാന്റെ മിസൈല്‍ സേന എങ്ങനെ പോരാടുകയും സിഗ്‌നലുകള്‍ നല്‍കുകയും ചെയ്യുന്നു എന്നത് ഇസ്രായേല്‍-യുഎസ് സംയുക്ത സേനക്കെതിരായ ഇറാന്റെ പോരാട്ടത്തിന്റെ ദിശ നിര്‍ണയിക്കും. ഇറാന്റെ പ്രതിരോധ തന്ത്രം കര ലക്ഷ്യങ്ങളില്‍ ഒതുങ്ങുന്നതല്ല. ലോകത്തിലെ എണ്ണ, വാതക വ്യാപാരത്തിന്റെ ഒരു പ്രധാന പങ്ക് കടന്നുപോകുന്ന ഗള്‍ഫും ഹോര്‍മുസ് കടലിടുക്കും നിയന്ത്രിക്കാനുള്ള ശേഷിയുള്ളതിനാല്‍ ആഗോള വിപണികളെ ഇളക്കിമറിക്കാന്‍ തെഹ്റാന് വേഗത്തിലുള്ള വഴി തുറക്കുന്നു.
പ്രതിരോധ വിശകലന വിദഗ്ധരുടെ വിലയിരുത്തലില്‍ ഇറാന്റെ മിസൈല്‍ ശക്തി പശ്ചിമേഷ്യയിലെ ഏറ്റവും വലുതും വൈവിധ്യപൂര്‍ണ്ണവുമായ ഒന്നാണ്. വിശാലമായ ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളാണ് ഇറാന്റെ പ്രതിരോധത്തിന്റെ നട്ടെല്ല്. കൂടാതെ ആധുനിക വ്യോമസേന സംവിധാനം ഇല്ലാതെ തന്നെ ശത്രുവിന്റെ മര്‍മ്മങ്ങള്‍ ലക്ഷ്യമാക്കാന്‍ ഇറാന്റെ മിസൈല്‍ സംവിധാനം കരുത്ത് നല്‍കുന്നു.
ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ രാജ്യത്തിന്റെ മിസൈല്‍ പദ്ധതിയെ പ്രതിരോധത്തിന്റെ നട്ടെല്ലായാണ് കണക്കാക്കുന്നത്. ഉപരോധങ്ങളില്‍ സാമ്പത്തികമായി തകര്‍ന്ന ഇറാന്‍ വ്യോമസേന പഴകിയ വിമാനങ്ങളെയാണ് ആശ്രയിക്കുന്നത്. വ്യോമസേനയുടെ ഈ ബലഹീനതയെ മിസൈല്‍ സംവിധാനം ഉപയോഗിച്ച് കവച്ചു വയ്ക്കുകയാണ് ഇറാന്‍ സൈന്യം.
ഏറ്റവും ദൈര്‍ഘ്യമേറിയ ഇറാനിയന്‍ ബാലിസ്റ്റിക് മിസൈലുകള്‍ക്ക് 2,000 കിലോമീറ്റര്‍ (1,243 മൈല്‍) മുതല്‍ 2,500 കിലോമീറ്റര്‍ (1,553 മൈല്‍) വരെ സഞ്ചരിക്കാനാകും. അതായത് ഈ മിസൈലുകള്‍ക്ക് ഇസ്രായേലിലേക്കും, ഗള്‍ഫിലുടനീളമുള്ള യുഎസ് സൈനിക താവളങ്ങളിലേക്കും ഞൊടിയിടയില്‍ എത്തിച്ചാരാന്‍ സാധിക്കും.
ഹ്രസ്വ-ദൂര മിസൈലുകള്‍: ആദ്യ പ്രഹരം
ഏകദേശം 150-800 കിലോമീറ്റര്‍ ലക്ഷ്യമാക്കാന്‍ ശേഷിയുള്ള ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈലുകള്‍ സമീപത്തുള്ള സൈനിക ലക്ഷ്യങ്ങള്‍ക്കും ദ്രുത പ്രാദേശിക ആക്രമണങ്ങള്‍ക്കുമായി നിര്‍മ്മിച്ചവയാണ്.
സോള്‍ഫാഗര്‍, ക്വിയാം-1, പഴയ ഷഹാബ്-1/2 മിസൈലുകള്‍ എന്നിവയാണ് അടിസ്ഥാന സംവിധാനങ്ങള്‍. പ്രതിസന്ധി ഘട്ടത്തില്‍ അവയുടെ കുറഞ്ഞ ദൂരപരിധി ഒരു നേട്ടമാകാം. വേഗത്തില്‍ വിക്ഷേപിക്കാനും മുന്നറിയിപ്പ് സമയം കുറയ്ക്കാനും മുന്‍കരുതല്‍ കൂടുതല്‍ ബുദ്ധിമുട്ടാക്കാനും അവയ്ക്ക് കഴിയും.
2020 ജനുവരിയില്‍ ഇറാഖിലെ ഏറ്റവും ഉയര്‍ന്ന പ്രൊഫൈല്‍ ജനറല്‍ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതിന് ശേഷം ഇറാഖിലെ ഐന്‍ അല്‍-അസദ് വ്യോമതാവളത്തില്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചുകൊണ്ട് ഇറാന്‍ ഈ പ്ലേബുക്ക് ഉപയോഗിച്ചു. ആക്രമണം അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുകയും 100-ലധികം യുഎസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു.
മധ്യദൂര മിസൈലുകള്‍: ഭൂപടത്തിലെ മാറ്റം
മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍ക്ക് ഏകദേശം 1,500-2,000 കിലോമീറ്റര്‍ ദൂരമുള്ള ലക്ഷ്യങ്ങളെ ചാമ്പലാക്കാന്‍ സാധിക്കും. ഇറാന്‍ പ്രതിരോധത്തിന്റെ കരുത്താണ് ഈ മിസൈലുകള്‍. ഖൈബാര്‍ ഷെകാന്‍, ഹജ് ഖാസിം തുടങ്ങിയ പുതിയ ഡിസൈനുകള്‍ക്കൊപ്പം, ഷഹാബ്-3, ഇമാദ്, ഗാദര്‍-1, ഖോറാംഷഹര്‍ വകഭേദങ്ങള്‍, സെജ്ജില്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഇറാന്റെ കൂടുതല്‍ ദൂരത്തേക്ക് ആക്രമണം നടത്താന്‍ കരുത്ത് പകരുന്നു.
ദ്രാവക ഇന്ധന മിസൈലുകളേക്കാള്‍ വേഗത്തില്‍ വിക്ഷേപിക്കാന്‍ കരുത്തുള്ള ഖര-ഇന്ധന സംവിധാനമായി സെജ്ജില്‍ വേറിട്ടുനില്‍ക്കുന്നു.
മധ്യദൂര മിസൈലുകള്‍ ഇസ്രായേലിനെയും ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങളെ ഇറാന്‍ റഡാറില്‍ ഒതുക്കുന്നു. ഇത് ഇറാന്റെ ലക്ഷ്യ പട്ടികയും പ്രദേശത്തിന്റെ എക്‌സ്‌പോഷറും വര്‍ദ്ധിപ്പിക്കുന്നു.
ക്രൂയിസ് മിസൈലുകളും ഡ്രോണുകളും
ക്രൂയിസ് മിസൈലുകള്‍ ഇറാന്റെ ആവനാഴിയിലെ മറ്റൊരു വജ്രായുധമാണ്. ഭൂപ്രദേശത്തോട് താഴ്ന്ന് പറക്കാന്‍ ശേഷിയുള്ള ഈ മിസൈലുകള്‍ ശത്രുവിന്റെ കണ്ണ് വെട്ടിച്ച് ലക്ഷ്യസ്ഥാനത്ത് നാശം വിതക്കും.
സൗമര്‍, യാ-അലി, ഖുദ്സ് വകഭേദങ്ങള്‍, ഹോവെയ്സെ, പാവേ, റാദ് തുടങ്ങിയ കര-അറ്റാക്ക്, കപ്പല്‍ വിരുദ്ധ ക്രൂയിസ് മിസൈലുകള്‍ ഇറാനില്‍ വ്യാപകമായി വിന്യസിക്കപ്പെടുന്നു. സൗമറിന് 2,500 കിലോമീറ്റര്‍ ദൂരപരിധിയുണ്ട്.
ഡ്രോണുകളും ഇറാന്റെ പ്രതിരോധ ശേഷിക്ക് കരുത്ത് പകരുന്ന പ്രധാന ആയുധമാണ്. മിസൈലുകളേക്കാള്‍ സാവധാനത്തില്‍ പ്രവര്‍ത്തിക്കുന്നതാണെങ്കിലും വലിയ അളവില്‍ വിക്ഷേപിക്കാന്‍ എളുപ്പവുമാണ് എന്നത് ഒരു സവിശേഷതയാണ്. വണ്‍-വേ അറ്റാക്ക് ഡ്രോണുകള്‍ ആവര്‍ത്തിച്ചുള്ള തരംഗങ്ങളില്‍ ഉപയോഗിച്ച് വ്യോമ പ്രതിരോധത്തെ ക്ഷീണിപ്പിക്കാനും വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ഊര്‍ജ്ജ കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമാക്കാനും സഹായിക്കുന്നു. ഏറ്റുമുട്ടല്‍ കൂടുതല്‍ രൂക്ഷമാകുകയാണെങ്കില്‍ ഡ്രോണ്‍ തന്ത്രം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതായി വിശകലന വിദഗ്ധര്‍ പറയുന്നു.
ഭൂഗര്‍ഭ 'മിസൈല്‍ നഗരങ്ങള്‍'
യുദ്ധത്തിന്റെ ദൈര്‍ഘ്യം കൂടുന്നതിന് അനുസരിച്ച് മിസൈലുകളുടെ എണ്ണം പ്രധാനമാണ്. ഇതിനെ ആശ്രയിച്ചിരിക്കും ഇറാന്‍ പിടിച്ചു നില്‍ക്കാനുള്ള കരുത്ത്. ലോകത്തെ പ്രധാന ആയുധ ശക്തികളും ആയുധ കച്ചവടക്കാരുമായ ഇസ്രായേലും യുഎസുമായി യുദ്ധം നീണ്ടു പോയാല്‍ ഇറാന് പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്നത് പ്രധാന ചോദ്യമാണ്.
ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഇറാന്റെ ഭൂഗര്‍ഭ അറകളില്‍ സുരക്ഷിതമായി സംഭരിച്ചിട്ടുള്ള മിസൈലുകള്‍. രാജ്യത്തുടനീളമുള്ള ഭൂഗര്‍ഭ സംഭരണ തുരങ്കങ്ങള്‍, രഹസ്യ താവളങ്ങള്‍, സംരക്ഷിത വിക്ഷേപണ കേന്ദ്രങ്ങള്‍ എന്നിവയില്‍ തെഹ്റാന്‍ വര്‍ഷങ്ങളോളം കരുതിവെച്ച ആയുധ ശേഖരങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍. ദീര്‍ഘമായ യുദ്ധങ്ങളില്‍ പോലും കരുത്തോടെ നിലയുറപ്പിക്കാന്‍ ഈ മിസൈല്‍ നഗരങ്ങള്‍ ഇറാനെ പ്രാപ്തമാക്കും.
കപ്പല്‍ വിരുദ്ധ മിസൈലുകള്‍, നാവിക മൈനുകള്‍, ഡ്രോണുകള്‍, അതിവേഗ ആക്രമണ കപ്പലുകള്‍ എന്നിവ ഉപയോഗിച്ച് ഇറാന് നാവിക സേനയെയും വാണിജ്യ കപ്പലുകളെയും ലക്ഷ്യമാക്കാന്‍ കഴിയും. വളരെ ഉയര്‍ന്ന വേഗതയും കൗശലവും അവകാശപ്പെടുന്ന ഫത്താ സീരീസ് പോലുള്ള 'ഹൈപ്പര്‍സോണിക്' സംവിധാനങ്ങള്‍ എന്ന് വിളിക്കുന്നതും ഇറാന്‍ നേരത്തെ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
2025 ജൂണിലുണ്ടായ 12 ദിവസത്തെ യുദ്ധത്തില്‍ നിന്ന് വ്യത്യസ്തമായി, ഇത്തവണ ഖാംനഈയുടെ വധം ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന ഒന്നായാണ് തെഹ്റാന്‍ കണക്കാക്കുന്നത്. തിരിച്ചടി വൈകുന്നത് ബലഹീനതയായി വ്യാഖ്യാനിക്കപ്പെടുമെന്നതിനാല്‍, ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ പ്രതികാരം രാജ്യത്തിന്റെ 'നിയമപരമായ അവകാശമായി' പ്രഖ്യാപിച്ചിരിക്കുകയാണ്. യുഎസുമായി യാതൊരു ചര്‍ച്ചക്കും ഇല്ലെന്ന് ഇറാന്‍ വ്യക്തമാക്കുകയും ചെയ്തു. തന്റെ മണ്ണില്‍ ഒരു ആക്രമണം നടന്നാല്‍ അത് ഒരു വലിയ യുദ്ധത്തിന്റെ തുടക്കമായിരിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഹിസ്ബുല്ല, ഹൂതികള്‍ തുടങ്ങിയ ഇറാന്‍ അനുകൂല ഗ്രൂപ്പുകളും പോരാട്ടത്തില്‍ പങ്കുചേരുന്നതോടെ ലെബനന്‍, യെമന്‍ തുടങ്ങിയ മേഖലകളിലേക്കും യുദ്ധം പടരാന്‍ സാധ്യതയുണ്ട്.

