മുട്ടില്‍ മരം കൊള്ളക്കേസ്: കര്‍ശന നിലപാടുമായി ഹൈക്കോടതി; ഉന്നതര്‍ ഉണ്ടെങ്കിലും പിടികൂടണം

പട്ടയ ഭൂമിയിലെ മാത്രമല്ല വന ഭൂമിയിലെ മരങ്ങളും മുറിച്ചുകടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണം.മരം മുറിച്ചു കടത്താന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടോയെന്നും അന്വേഷിക്കണം.അത്തരത്തില്‍ ഒത്താശ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും കര്‍ശന നടപടി വേണം

Update: 2021-09-01 11:41 GMT

കൊച്ചി: വയനാട് മുട്ടില്‍ മരംകൊള്ളക്കേസില്‍ കര്‍ശന നിലപാടുമായി ഹൈക്കോടതി.സംഭവത്തില്‍ ഉന്നതരുടെ ഇടപെടല്‍ ഉണ്ടെങ്കില്‍ അതും പിടികൂടണമെന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.പട്ടയ ഭൂമിയിലെ മാത്രമല്ല വന ഭൂമിയിലെ മരങ്ങളും മുറിച്ചുകടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണം.മരം മുറിച്ചു കടത്താന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടോയെന്നും അന്വേഷിക്കണം.അത്തരത്തില്‍ ഒത്താശ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും കര്‍ശന നടപടി വേണം.

സംഭവത്തില്‍ ഉന്നത തല ഗൂഡാലോചന നടന്നിട്ടുണ്ടോയെന്നതടക്കം അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.മരംകൊള്ള ഗൗരവമുള്ള വിഷയമാണ്. ഇതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. മരംകൊള്ളയുടെ ഗൗരവം ഉള്‍ക്കൊണ്ടുള്ള വിശദമായ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

മുട്ടില്‍ മരം കൊള്ളക്കേസ് സിബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഈ ഘട്ടത്തില്‍ സിബി ഐ അന്വേഷണം വേണ്ടെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.തുടര്‍ന്നുള്ള അന്വേഷണത്തില്‍ വീഴ്ചയുണ്ടായാല്‍ ആ വിവരം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

Tags: