കൃഷി ഭൂമിയും വീടുമില്ല; കഞ്ഞിവെപ്പ് സമരവുമായി മല്ലികപ്പാറ ഊര് നിവാസികള്‍

Update: 2022-05-23 05:50 GMT

കല്‍പ്പറ്റ: കൃഷി ഭൂമിക്കും വീടിനും വേണ്ടി മല്ലികപ്പാറ ഊര് നിവാസികള്‍ 24ന് രാവിലെ 10 മുതല്‍ കലക്ട്രേറ്റില്‍ കഞ്ഞി വെപ്പ് സമരം സംഘടിപ്പിക്കുന്നു. ഒരു നൂറ്റാണ്ടോളമായി ഇവിടെ കഴിയുന്ന ആദിവാസികള്‍ക്ക് ഒരേക്കര്‍ വീതം കൈവശരേഖയോടു കൂടിയ ഭൂമിയും, അതില്‍ കാപ്പി, കുരുമുളക് മുതലായ കൃഷിയും ഉണ്ടായിരുന്നു. കാട്ടുമൃഗങ്ങളുടെ ഉപദ്രവത്തില്‍ ജീവനും, വീടുകളും തകര്‍ക്കുകയും, ഞങ്ങള്‍ വര്‍ഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന ഏക വഴി നാഗമന എസ്‌റ്റേറ്റുകാര്‍ അന്യായമായി തടഞ്ഞു വെക്കുകയും ചെയ്തതോടെ സഞ്ചാരവും ജീവിതവും അസാധ്യമായതായി ഊര് നിവാസികള്‍ പറയുന്നു. 2015 ഓടു കൂടി വീടും സ്ഥലവും ഉപേക്ഷിച്ചിറങ്ങാന്‍ നിര്‍ബ്ബന്ധിതരാവുകയും ചെയ്തു.

ഞങ്ങള്‍ ഇവിടം വിട്ടിറങ്ങുന്നതിന് മുന്‍പ് അധികാര സ്ഥാനങ്ങളില്‍ ഉള്ളവര്‍ ഞങ്ങളെ സമീപിക്കുകയും ഇവിടം വിട്ട് പുറത്ത് വന്നാല്‍ നിങ്ങള്‍ക്ക് വീടും സ്ഥലവും പകരം തരാമെന്ന് അറിയിച്ചിരുന്നതുമാണ്.

എന്നാല്‍ അന്നുമുതല്‍ ഈ ആവശ്യമുന്നയിച്ച് പരാതികളും അപേക്ഷകളും നല്‍കി അധികാര സ്ഥാപനങ്ങളില്‍ കയറി ഇറങ്ങിയതല്ലാതെ നാളിതുവരെയായിട്ടും യാതൊരു ഗുണവുമുണ്ടായിട്ടില്ല.

വാസയോഗ്യമായ വീടും ഒരേക്കറില്‍ കുറയാത്ത കൃഷി ഭൂമിയും ലഭ്യമാക്കണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം.

തിരുനെല്ലി പഞ്ചായത്തില്‍ മാത്രം 183 കോളനികളിലായി 14,472 അംഗങ്ങള്‍ ഉള്ളടങ്ങിയ 4120 കുടുംബങ്ങളാണ് ഉള്ളത്. ഞങ്ങള്‍ക്ക് ആവശ്യമായത്ര ഉപയോഗപ്രദമായ കൃഷി ഭൂമിയും, വീടും തരാന്‍ ഈ പഞ്ചായത്തില്‍ത്തന്നെ സാധ്യതകള്‍ ഉണ്ടെന്നിരിക്കേ, ലൈഫ് മിഷന്‍, സ്വപ്‌ന പദ്ധതി എന്നിങ്ങനെ പല പേരിലും 4 സെന്റ് ഭൂമിയും ചോര്‍ന്നോലിക്കുന്ന വീടും കുരവക്കണ്ടത്തില്‍ വെച്ച് തന്നു കോളനികളില്‍ തളച്ചിടുകയാണ്.

ഉറവ വറ്റാത്ത ഇടങ്ങളില്‍ വീടും കക്കൂസും പണിതാല്‍ എന്താണ് സംഭവിക്കുക എന്നത് ഞങ്ങളുടെ രക്ഷക വേഷം ചമഞ്ഞുവരുന്ന ഇക്കൂട്ടര്‍ക്ക് അറിയാഞ്ഞിട്ടല്ല.

'ആദിവാസികളല്ലേ, അവര്‍ക്ക് ഇത്രയൊക്കെ മതി' എന്ന വംശീയ ചിന്തയാണ് അധികൃതര്‍ക്കെന്ന് ആദിവാസി നേതാക്കള്‍ പറഞ്ഞു.

കളക്ട്രേറ്റ് പടിക്കലില്‍ സംഘടിപ്പിക്കുന്ന കഞ്ഞിവെപ്പ് സമരം മക്തബ് പത്രാധിപന്‍ സുനില്‍ കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന്

പരിസ്ഥിതി, സാമൂഹിക, രാഷ്ട്രീയ, മനുഷ്യാവകാശ മേഖലകളില്‍ നിന്നടക്കമുള്ള പ്രമുഖര്‍ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കും.

Tags:    

Similar News