ലക്കിടി വ്യാജ ഏറ്റുമുട്ടല്‍ കൊല: ബന്ധുക്കളുടെ പരാതികൂടി അന്വേഷിക്കണമെന്ന് കൽപ്പറ്റ ജില്ലാകോടതി

പിന്‍തിരിഞ്ഞു പോകുന്നവരെ തികച്ചും ആസുത്രിതമായി പിറകില്‍ നിന്നു വെടിവെച്ചു കൊല്ലുകയായിരുന്നു എന്നും, സുപ്രീകോടതി യുടെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം തൻറെ അനുജന്റെ കൊലപാതകത്തിനുപിന്നിലെ ദുരുഹതകള്‍ നീക്കി കുറ്റക്കാരായ പോലിസുകാര്‍ക്കെതിരെ അന്വേഷണവും മറ്റു നടപടികളും സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം

Update: 2019-07-02 16:09 GMT

കൽപ്പറ്റ: ലക്കിടിയിലെ ഉപവന്‍ റിസോട്ടില്‍ മാര്‍ച്ച് 6 ന് രാത്രി നടന്ന പോലീസ് വെടിവയ്പ്പില്‍ മാവോവാദി നേതാവ് സി.പി.ജലീല്‍ കൊലപ്പെട്ട സംഭവത്തിൻറെ അന്വേഷണത്തില്‍ ബന്ധുക്കളുടെ പരാതികൂടി പരിഗണിക്കണമെന്ന് കൽപ്പറ്റ ജില്ലാ കോടതി. വയനാട് ജില്ല പോലിസ് മേധാവിയോട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു. കൊല്ലപ്പെട്ട സി.പി.ജലീലിൻറെ സഹോദരനും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറിയുമായ സി.പി. റഷീദ് നൽകിയ ഹരജിയിലാണ് ഉത്തരവ്. അന്വേഷണത്തില്‍ അപര്യാപ്തതയുണ്ടെങ്കില്‍ പരാതിക്കാര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും കേസ് പരിഗണിച്ച ജില്ല സെഷന്‍സ് ജഡ്ജി ശ്രീ, കെ.പി. ജോണ്‍ നിര്‍ദ്ദേശിച്ചു. 


വിശദമായ വാദം കേള്‍ക്കലിനും പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍വാദങ്ങള്‍ക്കും ശേഷം ഉത്തരവു പറയാനായി ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരും ബന്ധുക്കളും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മജിസ്റ്റീരിയല്‍ അന്വേഷണം ആവശ്യപ്പെട്ടു കൊലപാതകം നടന്ന അന്നു തന്നെ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് മാര്‍ച്ച് മാസം 11ന് തന്നെ വയനാട് ജില്ലകളക്ടറെ അന്വേഷണ ഉദ്യോഗസ്ഥനായി മജിസ്റ്റിരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംഭവം നടന്നു 100 ദിവസം കഴിയുമ്പോഴും അന്വേഷണം ആരംഭിച്ചിട്ടുണ്ടായിരുന്നില്ല. പോലിസ് അന്വേഷണത്തിലെ വീഴ്ചകളും പോലിസ് പുറത്തുവിട്ട വിശദീകരണങ്ങളും ദൃശ്യങ്ങളും അവയിലെ പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടിയാണ് സിപി റഷീദ് കോടതിയെ സമീപിച്ചത്.

പിന്‍തിരിഞ്ഞു പോകുന്നവരെ തികച്ചും ആസുത്രിതമായി പിറകില്‍ നിന്നു വെടിവെച്ചു കൊല്ലുകയായിരുന്നു എന്നും, സുപ്രീകോടതി യുടെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം തൻറെ അനുജന്റെ കൊലപാതകത്തിനുപിന്നിലെ ദുരുഹതകള്‍ നീക്കി കുറ്റക്കാരായ പോലിസുകാര്‍ക്കെതിരെ എഫ്ഐആര്‍ ഇട്ട് അന്വേഷണവും മറ്റു നടപടികളും സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. തൻ്റെ വാദങ്ങള്‍ക്ക് തെളിവായി സമര്‍പ്പിച്ച ദൃശ്യങ്ങളിലെ സമയവും എഫ്ഐആറിലെ സമയവും തമ്മിലുള്ള വൈരുദ്ധ്യവും ആത്മരക്ഷാര്‍ത്ഥം പോലിസ് തിരിച്ച് വെടിവയ്കുകയായിരുന്നു എന്നവാദം തെറ്റാണെന്നും ഹരജിക്കാരന്‍ കോടതിയില്‍ വാദിച്ചു. 


ഹരജി തള്ളണമെന്ന് സമര്‍ത്ഥിക്കാന്‍ അന്വേഷണം കൃത്യമായി നടക്കുന്നു എന്ന് കോടതിയെ ധരിപ്പിക്കാനുമായി പോലിസ് ശ്രമിച്ചിരുന്നു. അതിൻറെ ഭാഗമായി സി പി ജലീല്‍ പോലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തിൽ പോലിസിനെതിരേ സഹോദരൻറെ പരാതി കോടതിയിൽ വന്നതിന് തൊട്ടുപിന്നാലെ തെളിവെടുപ്പിന് ഹാജരാകാൻ കുടുംബാംഗങ്ങളോട് നിർദേശിച്ച് ജില്ലാ കലക്ടർ നോട്ടീസ് നൽകിയിരുന്നു. ഹരജി പരിഗണിച്ച ജൂലായ് 1ാം തീയതി തന്നെയായിരുന്നു ബന്ധുക്കളോട് ഹാജരാകന്‍ കലക്ടർ ആവശ്യപ്പെട്ടത്. 

അന്വേഷണ വിഷയമായി സമന്‍സ് പറയുന്ന പരസ്പരം ഏറ്റുമുട്ടല്‍ എന്ന വാചകം തന്നെ മുന്‍വിധി നിറഞ്ഞതും അന്വേഷണത്തിൻറെ നിഷ്പക്ഷതയെ സംശയത്തിലാഴ്ത്തുന്നതുമാണ്. ജലീലിന്റെ കൊലപാതകം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍ ഒട്ടിച്ചതിന്റെ പേരില്‍ യുഎപിഎ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് എടുത്ത് നോട്ടീസ് അയച്ചാണ് പോലീസ് ഞങ്ങളെ അഴിക്കുള്ളിലാക്കി നിശബ്ദരാക്കാന്‍ ശ്രമിക്കുന്നതെന്ന് റഷീദ് ആരോപിച്ചു. ഹരജിക്കാരനുവേണ്ടി അഡ്വ.തുഷാര്‍ നിര്‍മ്മല്‍ , അഡ്വ.ലൈജു.വി.ജി എന്നിവര്‍ ഹാജരായി. സർക്കാരിന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ ജോസഫ് മാത്യൂവും ഹാജരായി. 

Tags:    

Similar News