വഖ്ഫ് ഭേദഗതി നിയമം:സുപ്രിംകോടതിയില്‍ ഇന്ന് നടന്ന വാദങ്ങളുടെ പൂര്‍ണരൂപം: 22-05-2025

Update: 2025-05-22 12:57 GMT

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിക്കെതിരെ വ്യാഴാഴ്ച (22-05-2025) സുപ്രിംകോടതിയില്‍ വാദം നടന്നു. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. നിയമത്തില്‍ ഇടക്കാല ഉത്തരവ് ആവശ്യമുണ്ടോയെന്നാണ് കോടതി പരിശോധിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. ഹരജിക്കാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, രാജീവ് ധവാന്‍, അഭിഷേക് മനു സിങ്‌വി, ഹുസൈഫ അഹമദി, ചന്ദര്‍ ഉദയ് സിങ് തുടങ്ങിയവര്‍ വാദങ്ങളുന്നയിച്ചു.

ആദ്യം ഹരജികള്‍ പരിഗണിച്ചിരുന്ന ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ചതിന് ശേഷം രൂപീകരിച്ച പുതിയ ബെഞ്ച് ഈ കേസ് കേള്‍ക്കുന്നത് ഇത് മൂന്നാം ദിവസമാണ്

ഒന്നാം ദിവസത്തെ വാദങ്ങള്‍

രണ്ടാം ദിവസത്തെ വാദങ്ങള്‍

22-05-2025, വ്യാഴാഴ്ച (മൂന്നാം ദിവസം)

ഒരു അഭിഭാഷകന്‍: സര്‍വേ പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാനസര്‍ക്കാരിനും നിര്‍ദേശം നല്‍കാന്‍ ഞാന്‍ ഒരു ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്.

അഭിഭാഷകന്‍: ഒരു വര്‍ഷത്തിനുള്ളില്‍ കേന്ദ്രവും സംസ്ഥാനങ്ങളും സര്‍വേ പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ഇതു പോലുള്ള ഒന്നും സംഭവിക്കുമായിരുന്നില്ല. അനുബന്ധ കടമയില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. മുതവല്ലിയെ വ്യത്യസ്തമായ രീതിയില്‍ കാണാന്‍ അവര്‍ ശ്രമിക്കുന്നു.

ചീഫ്ജസ്റ്റിസ്: വാദം നടക്കാനിരിക്കുമ്പോള്‍ ആരോ എണീറ്റ് സംസാരിക്കുന്നു

അഭിഭാഷകന്‍: 2025 ഏപ്രില്‍ 25ന് ജസ്റ്റിസ് സുന്ദരേഷ് എന്നോടു പറഞ്ഞു. ഈ കോടതിയില്‍ ചെന്ന് കാര്യം പറയാന്‍.

ചീഫ് ജസ്റ്റിസ്: 2025ലെ വഖ്ഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യണമോ വേണ്ടയോ എന്നു മാത്രമാണ് ഞങ്ങള്‍ പരിശോധിക്കുന്നത്. മിസ്റ്റര്‍ തുഷാര്‍ മേത്ത വാദിക്കൂ..

തുഷാര്‍ മേത്ത: പത്ത് മിനുട്ടിനുള്ളില്‍ വാദം പൂര്‍ത്തിയാക്കാം. കോടതി കഴിഞ്ഞ മൂന്നു ദിവസമായി വാദം കേള്‍ക്കുന്നു.. മുന്‍കൂറായി പറഞ്ഞതിനാല്‍ അത് ഭരണഘടനാ വിരുദ്ധമല്ല.

തുഷാര്‍ മേത്ത: അഭിപ്രായങ്ങള്‍ ഉന്നയിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമല്ല, അഭിപ്രായം വാദിക്കാന്‍ കഴിയുമെന്നതിനാല്‍ മാത്രം നിയമനിര്‍മാണ സഭ പാസാക്കിയ ഒരു നിയമം സ്റ്റേയ്ക്ക് അര്‍ഹമാണെന്ന് അര്‍ത്ഥമില്ല.

തുഷാര്‍ മേത്ത: ഞാന്‍ ഒരു കുറിപ്പ് തയ്യാറാക്കിയിട്ടുണ്ട്. അതില്‍ നിയമം മാത്രമേയുള്ളൂ, മുമ്പ് വാദിച്ച മൂന്നു വിഷയങ്ങളിലെ വസ്തുതകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിയമഭേദഗതിയിലെ മൂന്ന് (ഇ) വകുപ്പ് ആദിവാസി ഗോത്രങ്ങളുടെ സംരക്ഷണത്തിനുള്ളതാണ്. ഭരണഘടനയിലെ ഷെഡ്യൂളുകളില്‍ പെടുത്തി സംരക്ഷിക്കപ്പെട്ട വിഭാഗമാണ് ആദിവാസികള്‍. ഞാന്‍ ചൂണ്ടിക്കാട്ടിയ വിധികളെല്ലാം അവരുടെ സംരക്ഷണം ശരിവച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസ്: ഭരണഘടനയിലെ ആറാം ഷെഡ്യൂള്‍ നിയമം പ്രയോഗിക്കാത്തിന്റെ കാരണമെന്താണ് ?. അവരുടെ സാമൂഹിക പിന്നാക്കാവസ്ഥ മുതലെടുത്ത് ഭൂമി പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ ?

തുഷാര്‍ മേത്ത: വഖ്ഫ് അല്ലാഹുവിനുള്ളതാണ്, എന്നെന്നേക്കുമായി. ഭൂമി കൈയ്യേറ്റമുണ്ടെങ്കില്‍ അത് റദ്ദാക്കാം. പക്ഷേ, അവിടെ വഖ്ഫ് ഉണ്ടെങ്കില്‍ അത് മാറ്റാനാവില്ല. ഗോത്രവര്‍ഗക്കാര്‍ക്ക് ഇസ്‌ലാം പിന്തുടരാം. പക്ഷേ, അവര്‍ക്ക് അവരുടേതായ പ്രത്യേക സാംസ്‌കാരിക സ്വത്വം ഉണ്ടെന്ന് സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി) പറയുന്നു.

ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ്: ആ വാദം ശരിയാണെന്ന് തോന്നുന്നില്ല. ഇസ്‌ലാം ഇസ്‌ലാമാണ്... മതം ഒന്നു തന്നെയാണ്.... നിങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത്, തെറ്റിധരിപ്പിച്ച് ഒരാള്‍ ഭൂമി ഏറ്റെടുത്താല്‍ അത് റദ്ദാവും, അതു കൊണ്ട് തന്നെ അത് റദ്ദാവും...

തുഷാര്‍ മേത്ത: ഞാന്‍ പറയുന്നത് എന്താണെന്ന് വച്ചാല്‍, എനിക്ക് വാദം പറയാന്‍ അവസരം തരാതെ നിയമഭേദഗതി സ്റ്റേ ചെയ്യരുതെന്നാണ്. എനിക്ക് സ്ഥിതി വിവര കണക്കുകള്‍ സമര്‍പ്പിക്കാന്‍ കഴിയുമായിരുന്നു.

തുഷാര്‍ മേത്ത: അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലു ട്രസ്റ്റ് രൂപീകരിക്കാം.

തുഷാര്‍ മേത്ത: പി രാമറെഡ്ഡി-ആന്ധ്രപ്രദേശ് കേസ് പരാമര്‍ശിക്കുന്നു. ഹരജികളില്‍ അന്തിമവാദം കേട്ടതിന് ശേഷം നിയമഭേദഗതി ഭരണഘടനയിലെ തുല്യതക്കുള്ള അവകാശമായ 14ാം അനുഛേദത്തിന്റെ ലംഘനമാണെന്ന് കണ്ടെത്തിയാല്‍ കോടതിക്ക് റദ്ദാക്കാം. അതിനിടയില്‍ അവര്‍ക്ക് വഖ്ഫ് രൂപീകരിക്കാനുള്ള അവകാശവുമുണ്ടാവും. ഇന്ന് തന്നെ സ്റ്റേ ചെയ്യാന്‍ അത്രയും മോശം നിയമമാണോ ഇത് ?

തുഷാര്‍ മേത്ത: നിയമങ്ങളുള്ളതിനാല്‍ എനിക്ക് ആദിവാസി ഭൂമി വാങ്ങാന്‍ കഴിയില്ല. പക്ഷെ, ഞാന്‍ വഖ്ഫ് രൂപീകരിച്ച് മുതവല്ലി ഇഷ്ടമുള്ളത് ചെയ്യുകയാണെങ്കില്‍.... കോടതിക്ക് അത് റദ്ദാക്കാം. വ്യവസ്ഥ വളരെ ക്രൂരമാണെങ്കില്‍ മാത്രമേ അത് സ്‌റ്റേ ചെയ്യാവൂ എന്ന് ഓര്‍ക്കണം

തുഷാര്‍ മേത്ത: 2013ലെ നിയമത്തിലെ വകുപ്പ് 104 നോക്കൂ(2025ലെ ഭേദഗതിയിലൂടെ ഒഴിവാക്കി)- വഖ്ഫ് രൂപീകരിക്കാന്‍ 1923ല്‍ അമുസ്‌ലിംകള്‍ക്ക് അനുവാദമുണ്ടായിരുന്നു. ചിലര്‍ പണം കടം കൊടുത്ത് അതിന് പകരം വഖ്ഫ് ചെയ്യിക്കുമായിരുന്നു. പണം തിരികെ കൊടുത്താലും ഭൂമി തിരികെ കിട്ടില്ലായിരുന്നു.

തുഷാര്‍ മേത്ത: പുതിയ നിയമം അമുസ്‌ലിംകള്‍ വഖ്ഫ് ചെയ്യുന്നത് തടയുന്നില്ല, അഞ്ച് വര്‍ഷം പ്രാക്ടീസ് ചെയ്യണം എന്നു പറയുന്നത് വഖ്ഫ് തട്ടിപ്പിന് ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പാക്കാനാണ്. ഇത് 102 വര്‍ഷം മുമ്പ് അംഗീകരിക്കപ്പെട്ടു. ആ ഭീഷണി തുടരുന്നു. നിങ്ങള്‍ക്ക് വഖ്ഫില്‍ വിശ്വാസമുണ്ടെങ്കില്‍ സംഭാവനയായി ചെയ്യൂ എന്നാണ് ജെപിസി പറയുന്നത്. 71ാം വകുപ്പ് നോക്കൂ'' പണമായോ വസ്തുക്കളായോ സംഭാവനകള്‍'' എന്ന് പറയുന്നു. ഞാന്‍ ഹിന്ദുവാണ്, എനിക്ക് വഖ്ഫിന് സംഭാവന നല്‍കാം.

ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ്: ഒരു സ്ഥാവര വസ്തുവും (immovable property) ദാനം ചെയ്യാന്‍ കഴിയില്ലെന്നാണ് ഇത് പറയുന്നത്. അത് നിങ്ങള്‍ എങ്ങനെയാണ് മനസിലാക്കുന്നത് ?

ചീഫ് ജസ്റ്റിസ്: ഇത് 2013ല്‍ കൊണ്ടുവന്നതാണോ, 2025ല്‍ നീക്കം ചെയ്തതാണോ?

തുഷാര്‍ മേത്ത: 1923 മുതല്‍ 2013 വരെ മുസ്‌ലിംകള്‍ക്ക് വഖ്ഫ് രൂപീകരിക്കാമായിരുന്നു. 2013ല്‍ മുസ് ലിം എന്നത് മാറ്റി ഏതൊരു വ്യക്തിയും എന്നാക്കി.

ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ്: പക്ഷേ, അത് ഇസ്‌ലാം സ്വീകരിക്കുന്ന വ്യക്തിക്ക് മാത്രമായി പരിമിതപ്പെടുത്തി.

തുഷാര്‍ മേത്ത: ഞാന്‍ ഒരു ഹിന്ദുവാണെങ്കില്‍ വഖ്ഫ് സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എനിക്ക് ട്രസ്റ്റ് രൂപീകരിക്കാം, ജീവകാരുണ്യ ആവശ്യങ്ങള്‍ക്കായി എനിക്ക് പള്ളി നിര്‍മിക്കാം.

തുഷാര്‍ മേത്ത: സയ്യിദ് അഹമ്മദ് കമ്മിറ്റിയുടെ അടിസ്ഥാനത്തിലാണ് 1995ലെ നിയമം കൊണ്ടുവന്നത്....

കപില്‍ സിബല്‍: അമുസ്‌ലിംകള്‍ക്ക് വഖ്ഫ് രൂപീകരിക്കാമെന്ന് 2010ല്‍ ജസ്റ്റിസ് ജെ സിങ് വി ഉത്തരവിട്ടിട്ടുണ്ട്.

തുഷാര്‍ മേത്ത: ഒരു ഹിന്ദുവിന് പള്ളി നിര്‍മിക്കണമെങ്കില്‍ എന്തിനാണ് വഖ്ഫ് രൂപീകരിക്കുന്നത്, പൊതു ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ട്രസ്റ്റ് രൂപീകരിക്കാമല്ലോ.

തുഷാര്‍ മേത്ത: വഖ്ഫ് സ്വത്ത് രജിസ്റ്റര്‍ ചെയ്യാത്തത് വ്യാപകമായ കുഴപ്പങ്ങള്‍ സൃഷ്ടിച്ചതായി 1976ലെ സമിതി റിപോര്‍ട്ട് പറയുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ 1984ല്‍ നിയമം ഉണ്ടാക്കിയെങ്കിലും വിജ്ഞാപനം ചെയ്തില്ല. ഇതാണ് 1995ലെ നിയമത്തില്‍ വകുപ്പ് 87 ആയി അവതരിപ്പിച്ചത്. വഖ്ഫ് സ്വത്ത് രജിസ്റ്റര്‍ ചെയ്യണം എന്ന്. പക്ഷേ, 2013ല്‍ മാറ്റി.

തുഷാര്‍ മേത്ത: 1995ല്‍ വന്നു 2013ല്‍ ഇല്ലാതാക്കി. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് കേസ് നടത്താന്‍ കഴിയില്ലെന്ന വ്യവസ്ഥ പുതിയതല്ല. ബോംബെ പബ്ലിക് ട്രസ്റ്റ് ആക്ടില്‍ നിന്നും പകര്‍ത്തിയതാണ്.

തുഷാര്‍ മേത്ത: എല്ലാ ട്രസ്റ്റ് നിയമങ്ങളിലും ഈ വ്യവസ്ഥയുണ്ട്. മുമ്പ് ട്രസ്റ്റിന് അനുകൂലമായോ പ്രതികൂലമായോ പരിമിതി നിയമം (ലിമിറ്റേഷന്‍ ആക്ട്) ബാധകമായിരുന്നില്ല. ഞങ്ങള്‍ ഇപ്പോള്‍ അത് ബാധകമാക്കി.

എനിക്ക് ഒരു സ്യൂട്ട് (അന്യായം) ഫയല്‍ ചെയ്യണമെന്നുണ്ടെങ്കില്‍ അത് ബാധകമാണ്... ഞാന്‍ ഒരു അനധികൃത കൈയ്യേറ്റക്കാരനാണെങ്കില്‍ അവര്‍ സമയത്തിന് ഫയല്‍ ചെയ്യണം. പരിമിതി രാജ്യം മുഴുവന്‍ ബാധകമാണെങ്കില്‍ അത് ഈ നിയമഭേദഗതി സ്റ്റേ ചെയ്യാന്‍ കാരണമാവുമോ ?

തുഷാര്‍ മേത്ത: 1995ലെ നിയമത്തിലെ 108ാം വകുപ്പ് പ്രകാരം എന്താണ് വിഭജന കാലത്തെ സ്വത്ത്? അക്കാദമിക് തലത്തില്‍ വാദിക്കുകയാണ്....

ചീഫ് ജസ്റ്റിസ്: ആദിവാസികളെ കുറിച്ചുള്ള നിങ്ങളുടെ വാദവും ഒന്നുതന്നെയായിരുന്നു.

തുഷാര്‍ മേത്ത: ഒരാള്‍ക്ക് അത് ഇഷ്ടപ്പെട്ടില്ലെങ്കില്‍, അദ്ദേഹം മുഴുവന്‍ സമുദായത്തെയും പ്രതിനിധീകരിക്കുന്നില്ല.

മുതിര്‍ന്ന അഭിഭാഷകന്‍ ഹുസൈഫ അഹ്മദി: ആദിവാസി വിഭാഗങ്ങളില്‍ നിന്ന് ഹരജികള്‍ വന്നിട്ടുണ്ട്.

ഹുസൈഫ അഹ്മദി: പട്ടിക വര്‍ഗ പ്രദേശങ്ങളിലെ നിരോധനത്തെ ചോദ്യം ചെയ്യുന്ന ഹരജികള്‍

തുഷാര്‍ മേത്ത: 2023 വരെയുള്ള ശരീഅത്ത് നിയമം നോക്കൂ, അത് നടപ്പാവാന്‍ വ്യക്തി മുസ്‌ലിം ആവണമായിരുന്നു, ആരും എതിര്‍ത്തില്ല. ഇപ്പോള്‍ പറയുന്നത് പ്രാക്ടീസിങ് മുസ്‌ലിം ആവണമെന്നാണ്. അവര്‍ക്ക് കാത്തിരിക്കാം, ചട്ടങ്ങള്‍ വരും.

തുഷാര്‍ മേത്ത: ശരീഅത്ത് നിയമം ഉപയോഗിക്കണമെങ്കില്‍ മുസ്‌ലിം ആണെന്ന് തെളിയിക്കണം. ഞങ്ങള്‍ക്ക് മറ്റു വ്യക്തി നിയമങ്ങളൊന്നുമില്ല. കാരണം ബാക്കിയെല്ലാം ക്രോഡീകരിച്ചിരിക്കുന്നു. ശരീഅത്ത് എല്ലാ മുസ് ലിംകള്‍ക്കും ബാധകമാവുന്ന വ്യക്തിനിയമമാണ്.

തുഷാര്‍ മേത്ത: മുസ്‌ലിം എന്ന നിലയില്‍, വിവാഹത്തിനും വിവാഹമോചനത്തിനും ഞാന്‍ നിര്‍ദിഷ്ട അധികാരിയെ സമീപിക്കണം. വഖ്ഫിനും ഇതു തന്നെയാണ് പറയുന്നത്. ഒരാളുടെ അവകാശം ഇല്ലാതാക്കി വഖ്ഫ് രൂപീകരിക്കാതിരിക്കാന്‍ അഞ്ച് വര്‍ഷം പ്രാക്ടീസ് വേണമെന്നത് മാത്രമാണ് അധിക വ്യവസ്ഥ. മതത്തിന്റെ അവിഭാജ്യ ആചാരത്തെ കുറിച്ച് ശിരൂര്‍ മഠം കേസ് ഞാന്‍ പരാമര്‍ശിക്കുന്നു. 1995ലെ നിയമത്തെ ചോദ്യം ചെയ്യുന്ന ചില ഹരജികളുണ്ട്. അവരെ ഞാന്‍ പ്രതിനിധീകരിക്കുന്നില്ല.

ചീഫ്ജസ്റ്റിസ്: 2025ല്‍ 1995ലെ നിയമത്തെയാണ് അഡ്വ വിഷ്ണു ശങ്കര്‍ ജെയ്ന്‍ ചോദ്യം ചെയ്യുന്നത്. അത് ഞങ്ങള്‍ കേള്‍ക്കില്ല.

തുഷാര്‍ മേത്ത: വ്യക്തമാക്കട്ടെ, ഉപയോഗം മൂലമുള്ള വഖ്ഫിനെ ബാബരിമസ്ജിദ് കേസില്‍ അംഗീകരിച്ചു. 1954ലെ നിയമത്തില്‍ ഉപയോഗം വഴിയുള്ള വഖ്ഫ് അംഗീകരിച്ചതിനാലായിരുന്നു അത് സംഭവിച്ചത്. ഞാന്‍ തര്‍ക്കിക്കുന്നില്ല. ഇപ്പോള്‍ ആ വകുപ്പില്ല. അത് എടുത്തുകളഞ്ഞു. ഉപയോഗം വഴിയുള്ള വഖ്ഫ് മതപരമായ അവിഭാജ്യ ആചാരമാണെന്നും അത് നിയമപരമായി അംഗീകരിക്കപ്പെട്ട ആചാരമാണെന്നും ഒരിക്കലും പറഞ്ഞിട്ടില്ല.

മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ദ്വിവേദി (രാജസ്ഥാന്‍ സര്‍ക്കാര്‍): ഉപയോഗം വഴി വഖ്ഫ് ഇസ്‌ലാമിലെ മതപരമായ അവിഭാജ്യമായ ആചാരമല്ല. 'രാം ജന്‍മഭൂമി' വിധിയില്‍ പരാമര്‍ശിച്ചിട്ടുള്ള മൂന്നു വിധിന്യായങ്ങള്‍ ഉപയോഗം വഴിയുള്ള വഖ്ഫിനെ ഇസ്‌ലാമിക തത്വമായി അവതരിപ്പിച്ചിട്ടില്ല. ഇന്ത്യയില്‍ അത് എങ്ങിനെ അവതരിപ്പിച്ചു എന്ന് പ്രിവി കൗണ്‍സില്‍ കേസില്‍ പറയുന്നുണ്ട്.

ചീഫ്ജസ്റ്റിസ്: എല്ലാവരും ഒരു മണിക്കുള്ളില്‍ വാദം തീര്‍ക്കണം.

രാജീവ് ദ്വിവേദി: ഒരു വാചകത്തിലൂടെയാണ് അവതരിപ്പിച്ചത്

രാജീവ് ദ്വിവേദി: ഇത് 1954ലെ നിയമത്തില്‍ വ്യാപിപ്പിച്ചു. 1995ല്‍ പരിമിതി നിയമം ഒഴിവാക്കി. ഇത് ആരാധനാലയ സംരക്ഷണം നിയമത്തെ ബാധിക്കുമെന്നാണ് ഇപ്പോള്‍ പറഫയുന്നത്.

രാജീവ് ദ്വിവേദി: ഞാന്‍ തുഷാര്‍ മേത്തയുടെ എല്ലാ വാദങ്ങളും സ്വീകരിക്കുന്നു. ഫെഡറല്‍ രാജ്യമായ ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ നിയമത്തെ മറ്റൊരു സംസ്ഥാനത്തിന്റെ നിയമവുമായി താരതമ്യം ചെയ്യാന്‍ പാടില്ല. പക്ഷേ, ഇവിടെ പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ സംസ്ഥാനങ്ങളിലെ എന്‍ഡോവ് മെന്റ് നിയമങ്ങളുമായി താരതമ്യം ചെയ്യുന്നു.

രാജീവ് ദ്വിവേദി: സംസ്ഥാനത്തെ നിയമങ്ങളെ പാര്‍ലമെന്റ് പാസാക്കിയ നിയമവുമായി താരതമ്യം ചെയ്ത് തുല്യതക്കുള്ള അവകാശം നഷ്ടപ്പെട്ടെന്ന് വാദിക്കാനാവില്ല. ഇത് നിയമത്തിന്റെ സാധുതയെ കുറിച്ച് ചീഫ്ജസ്റ്റിസ് പറഞ്ഞതാണ്. ഈ അനുമാനം തെളിവ് നിയമത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ തത്വങ്ങളില്‍ നിന്നല്ല, മറിച്ച് ഭരണഘടനാ തത്വങ്ങളില്‍ നിന്നാണ് വന്നത്. ജനങ്ങളുടെ ഇഛാശക്തി പ്രയോഗിക്കാനുള്ള പരമാധികാരം പാര്‍ലമെന്റിനുണ്ട്. അല്ലെന്ന് തെളിയിക്കാന്‍ ശക്തമായ കേസ് വേണം.

തുഷാര്‍ മേത്ത: കമ്മീഷണര്‍ മതസ്ഥാപനങ്ങളുമായി മാത്രമേ ഇടപെടുന്നുള്ളു. അതില്‍ ഹിന്ദു എന്‍ഡോവ്‌മെന്റ് നിയമങ്ങളിലെ മതപരവും ജീവകാരുണ്യപരവുമായ ഉദ്ദേശ്യങ്ങള്‍ ഉള്‍പ്പെടുന്നു. ഞാന്‍ നേരത്തെ തെറ്റായ ഒരു പ്രസ്താവന നടത്തി.

സീനിയര്‍ അഭിഭാഷകന്‍ രണ്‍ജീത് കുമാര്‍( ഹരിയാന സര്‍ക്കാര്‍, ചില ആദിവാസി സംഘടനകള്‍): ഞങ്ങള്‍ക്ക് പറയാനുണ്ട്

ചീഫ്ജസ്റ്റിസ്: രജിസ്റ്റര്‍ ചെയ്ത സംഘടനയാണോ ?

രണ്‍ജീത് കുമാര്‍: അതേ, ഭരണഘടനയിലെ 26(ഡി)യും 1995ലെ നിയമവും വഖ്ഫ് ഭരണം നന്നായി നടത്താനുള്ളതാണ്.

രണ്‍ജീത് കുമാര്‍: ആര്‍ക്കാണ് വഖ്ഫ് സൃഷ്ടിക്കാന്‍ കഴിയുക എന്നതിനെക്കുറിച്ചുള്ള തുഷാര്‍ മേത്തയുടെ വാദം ഞാന്‍ അംഗീകരിക്കുന്നു

രണ്‍ജീത് കുമാര്‍: വഖ്ഫ് ബോര്‍ഡിന് വഖ്ഫ് പ്രഖ്യാപനം നടത്താന്‍ അധികാരം നടത്തിയത് ശരിയല്ല.

തുഷാര്‍ മേത്ത: സിഇഒയെ നിയമിക്കുമ്പോള്‍ മുന്‍ വ്യവസ്ഥ പ്രകാരം അയാള്‍ ഒരു മുസ്‌ലിമായിരിക്കണം.ഇപ്പോള്‍ അയാള്‍ക്ക് ആരുമാകാം. ഇത് തിരഞ്ഞെടുപ്പിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നു. നിയമനത്തെ നിയന്ത്രിക്കാനുള്ള വ്യവസ്ഥയല്ല ഇത്.

തുഷാര്‍ മേത്ത: 38ാം വകുപ്പ് പ്രകാരം എക്‌സിക്യൂട്ടീവ് ഓഫിസര്‍ മുസ്‌ലിമായിരിക്കണം. കാരണം അയാള്‍ വഖ്ഫ് കാര്യങ്ങളായിരിക്കും ചെയ്യുക. സിഇഒ ഒരു സംസ്ഥാന തല ഉദ്യോഗസ്ഥനാണ്. പദ്ധതികളുണ്ടാക്കുക എന്നിവയൊക്കെയാണ് സിഇഒയുടെ ചുമതല. വഖ്ഫ് ബോര്‍ഡ് ഭരണകൂടത്തിനുള്ളിലെ ഭരണകൂടമാണെന്ന് ഒരു വിധിയില്‍ കോടതി പറഞ്ഞു. അതിനാല്‍ അതില്‍ എയോ ബിയോ പാടുള്ളൂയെന്ന വാദം അംഗീകരിക്കരുത്.

മുതിര്‍ന്ന അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍(വഖ്ഫ് ബോര്‍ഡുകള്‍): 32ാം വകുപ്പ് പ്രകാരം വാഖിഫിന്റെ ആഗ്രഹപ്രകാരമായിരിക്കണം ബോര്‍ഡ് പ്രവര്‍ത്തിക്കേണ്ടത്. 96, 97 വകുപ്പുകള്‍ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് പ്രത്യേക അധികാരം നല്‍കുന്നു. 97ാം വകുപ്പ് നിര്‍ദേശങ്ങള്‍ നല്‍കാന്‍ സംസ്ഥാന ബോര്‍ഡിനും അധികാരം നല്‍കുന്നു എന്നാല്‍ അവ....

മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍: ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ 280 സ്മാരകങ്ങള്‍ വഖ്ഫാണെന്ന് അവകാശപ്പെട്ടു....ഭരണഘടനയുടെ 25(2)(എ) പ്രകാരം സര്‍ക്കാരിന് സാമ്പത്തികവും രാഷ്ട്രീയപരവുമായ നിയമം രൂപീകരിക്കാന്‍ കഴിയും. അത് മതപരമായ ആചാരത്തില്‍ ഇടപെടുന്നതാണെന്ന് അവര്‍ വാദിക്കുകയാണെങ്കില്‍ കോടതി പരിശോധിക്കണം.-ഇത് ഒമ്പതംഗ ബെഞ്ചിന്റെ വിധിയില്‍ തീരുമാനിച്ചിട്ടുണ്ട്.

തുഷാര്‍ മേത്ത: ഈ വാദത്തെ ഞാന്‍ പിന്തുണയ്ക്കുന്നില്ല

ഗോപാല്‍ ശങ്കരനാരായണന്‍: ഇടക്കാല വിധി പരിഗണിക്കുകയാണെങ്കില്‍ ശിരൂര്‍ മഠം കേസ് ചോദ്യം ചെയ്യപ്പെടണം, അതെല്ലാം കഴിഞ്ഞേ ഈ കേസുകളില്‍ തീരുമാനമെടുക്കാനാവൂ..

രണ്ട് മണിക്ക് ശേഷം വാദം പുനരാരംഭിച്ചു

മുതിര്‍ന്ന അഡ്വ. കപില്‍ സിബല്‍(ഹരജി പക്ഷം): റവന്യൂ എന്‍ട്രി മാറ്റുക വേണ്ടി മാത്രമാണ് 3സി ചെയ്യുന്നത്. ഞാന്‍ വസ്തുവില്‍ തുടരുന്നു. എന്നെ കുടിയിറക്കില്ല. അവര്‍ അവകാശം നിര്‍ണ്ണയിക്കുന്നില്ല. ഇനി നമുക്ക് 3സി വായിക്കാം

3(സി)യെ കുറിച്ച് തുഷാര്‍ മേത്ത വാദിച്ചത് ശരിയല്ലെന്ന് സിബല്‍ പറയുന്നു.

അഡ്വ. കപില്‍ സിബല്‍: തര്‍ക്കത്തിലുള്ളത് സര്‍ക്കാര്‍ സ്വത്താണോ അല്ലയോ എന്ന് അവര്‍ തീരുമാനിക്കണം. 2) ഉയര്‍ന്നുവരുന്ന നിര്‍ദേശ പ്രകാരം അവര്‍ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് മുമ്പ് തന്നെ സ്വത്തിന്റെ വഖ്ഫ് സ്വഭാവം നഷ്ടമാവും. ഇത് ഏത് നിയമ തത്വങ്ങള്‍ പ്രകാരം തെളിയിക്കും ?.

അഡ്വ. കപില്‍ സിബല്‍: അദ്ദേഹം നല്‍കിയ രേഖാമൂലമുള്ള സത്യവാങ്മൂലത്തില്‍ നിന്നോ മറുപടിയില്‍ നിന്നോ അല്ല നിയമത്തിലാണ് തെളിവ് കാണിക്കേണ്ടത് ?. നിയമത്തിന്റെ ഭാഷ വായിക്കണം. 1. തര്‍ക്കം വന്നാല്‍ ആ സ്വത്ത് വഖ്ഫ് ആവില്ലെന്നാണ് പറയുന്നത്. അത് ഭരണഘടനാ വിരുദ്ധമാണ്, അദ്ദേഹം അതിന് ഉത്തരം നല്‍കിയില്ല, അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കേണ്ട സമയപരിധിയും ഇല്ല.

ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ്: അന്വേഷണം ആരംഭിച്ചതിന് ശേഷം പക്ഷേ റിപോര്‍ട്ട് ചെയ്യുന്നതിന് മുമ്പ്

കപില്‍ സിബല്‍: അതിന് 6 മാസം എടുത്തേക്കാം, പക്ഷേ, സമുദായത്തിന് അതിന്റെ അവകാശം നഷ്ടപ്പെട്ടു. 2.

എന്താണ് നിര്‍ണയിക്കേണ്ടത്? അത് സര്‍ക്കാര്‍ സ്വത്താണെന്ന്. അത് സര്‍ക്കാര്‍ സ്വത്താണെന്ന് നിര്‍ണയിച്ചാല്‍ റെവന്യു രേഖകള്‍ തിരുത്താം.

കപില്‍ സിബല്‍: അവരുടേത് ആണെന്ന് പറയുന്ന സ്വത്തിന്റെ സ്വഭാവം അവര്‍ തന്നെ നിര്‍ണയിക്കുന്നു. എങ്ങനെ തീരുമാനമെടുക്കുമെന്ന് ഒരു നടപടിക്രമവും സ്ഥാപിച്ചിട്ടില്ല. ഏത് നിയമം പാലിക്കും? നടപടിക്രമം എന്താണ്? ഏകപക്ഷീയം!

കപില്‍ സിബല്‍: നിയമപ്രകാരം അന്വേഷണം നടത്തണമെന്ന് അദ്ദേഹം പറയുന്നു? 83ാം വകുപ്പ് പ്രകാരം കോടതിയില്‍ പോവണം, ഈ നിയമത്തില്‍ 83ാം വകുപ്പ് ഒഴികെ മറ്റൊരു നിയമവുമില്ല.

കപില്‍ സിബല്‍: നടപടിക്രമം എന്തായിരിക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ മറുപടി തീരുമാനിക്കും? നിയമം അല്ല?!

കപില്‍ സിബല്‍: എങ്ങനെയാണ് ഉടമസ്ഥാവകാശം എന്നില്‍ തുടരുക? അത് സര്‍ക്കാര്‍ സ്വത്താണെന്ന് തീരുമാനിച്ച് റിപോര്‍ട്ട് നല്‍കിയാല്‍ റെവന്യു രേഖ തിരുത്തല്‍ മാത്രമാണ് ബാക്കിയാവുക. അന്തിമതീരുമാനം വരുന്നത് വരെ തിരുത്തല്‍ നടത്താന്‍ കഴിയില്ല, അത് കേവലമൊരു റെവന്യു രേഖ തിരുത്തല്‍ മാത്രമല്ല, വകുപ്പ് 3(സി) വച്ച് അവര്‍ വാദിക്കുന്നത് പ്രകാരം സ്വത്തിലുള്ള സമുദായത്തിന്റെ അവകാശം എടുത്തുമാറ്റപ്പെടുന്നു, അതും ആരെങ്കിലും ചോദ്യം ചെയ്താല്‍ (ചിരിക്കുന്നു)

കപില്‍ സിബല്‍: നിയമഭേദഗതിയിലെ 3(1)(ആര്‍) വകുപ്പ് കാണുക, വളരെ മോശമായ ഒന്ന് കാണുക. ഉപയോഗം വഴിയുള്ള വഖ്ഫ് സ്വത്ത് എടുത്താലും 3(സി)ബാധകമാണ്.

ചീഫ് ജസ്റ്റിസ്: കലക്ടര്‍ നിര്‍ണ്ണയ പ്രക്രിയ ആരംഭിച്ചാല്‍ മാത്രമേ ബാധകമാകൂ. ആരെങ്കിലും അവകാശവാദം ഉന്നയിക്കേണ്ടി വരും.

കപില്‍ സിബല്‍: എങ്ങനെ അവകാശപ്പെടും? ഞങ്ങള്‍ക്ക് 200 വര്‍ഷം പഴക്കമുള്ള ഖബര്‍സ്ഥാനുണ്ട്. അത് ഇസ് ലാമിന്റെ അനിവാര്യവും അവിഭാജ്യവുമായ ഘടകമാണ് (ഇനി എന്താവുമെന്ന് പറയാനാവില്ല). പക്ഷേ, സര്‍ക്കാര്‍ അല്ലെന്ന് പറഞ്ഞാലോ ? അത് എടുക്കാമോ

ചീഫ്ജസ്റ്റിസ്: 1923ലെ നിയമത്തില്‍ രജിസ്‌ട്രേഷന് സാങ്കേതികമായി ഒരു വ്യവസ്ഥയും ഉണ്ടായിരുന്നില്ല എന്നത് ശരിയാണ്, പക്ഷേ, 1954 മുതല്‍ തുടര്‍ച്ചയായി അതുവന്നു. രജിസ്‌ട്രേഷന്‍ ആവശ്യമായി വന്നത് എന്തുകൊണ്ടാണെന്ന് 1976ലെ റിപോര്‍ട്ട് പറയുന്നു. കഴിഞ്ഞ നൂറു വര്‍ഷമായി രജിസ്‌ട്രേഷനായിരുന്നു മാതൃക, ആരെങ്കിലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍.... ഞങ്ങള്‍ തുറന്ന സംവാദത്തില്‍ വിശ്വസിക്കുന്നു.

കപില്‍ സിബല്‍: ഉപയോഗം വഴിയുള്ള വഖ്ഫ് രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.

ചീഫ്ജസ്റ്റിസ്: ഞങ്ങളുടെ മനസിലുള്ളത് ഞങ്ങള്‍ നിങ്ങളോട് പറയണം

കപില്‍ സിബല്‍: വകുപ്പ് 3(സി)ലേക്ക് വരൂ. ഇത് സര്‍ക്കാരിന് മാത്രമല്ല, സ്വകാര്യ വ്യക്തികളുടെ തര്‍ക്കത്തിനും ബാധകമാണ്.

ചീഫ്ജസ്റ്റിസ്: ആരെങ്കിലും തര്‍ക്കം പറയുകയാണെങ്കില്‍ 83ാം വകുപ്പ്

കപില്‍ സിബല്‍: സ്വകാര്യ വ്യക്തികള്‍ സ്വത്തില്‍ ഭാഗികമായോ പൂര്‍ണമായോ തര്‍ക്കം പറഞ്ഞാലും അതിന്റെ വഖ്ഫ് സ്വഭാവം നഷ്ടപ്പെടും. സ്വഭാവം നിര്‍ണയിക്കാന്‍ നടപടി ക്രമവുമില്ല, എങ്ങനെയാണ് നിര്‍ണയിക്കുകയെന്ന് പരാമര്‍ശവുമില്ല.

കപില്‍ സിബല്‍: അവരുടെ ഡാറ്റ പ്രകാരം ഡല്‍ഹിയില്‍ രണ്ട് വഖ്ഫ് രജിസ്റ്റര്‍ ചെയ്തു, ജമ്മുകശ്മീരില്‍-0. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് ?. 1995ലെ നിയമത്തില്‍ നടപടി ക്രമങ്ങള്‍ വിശദീകരിച്ചു, ഒന്നും ചെയ്തില്ല. ഒരു സംസ്ഥാനസര്‍ക്കാരും നടപടികള്‍ സ്വീകരിച്ചില്ല. ഒരു വര്‍ഷത്തിനുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കണമെന്ന് 2013ല്‍ അവര്‍ പറഞ്ഞു. 1954 മുതല്‍ 1995 വരെ സംസ്ഥാനസര്‍ക്കാരുകള്‍ അവരുടെ ജോലി ചെയ്യുന്നതില്‍ പരാജയപ്പെട്ടു. അതിന് സമുദായം ശിക്ഷിക്കപ്പെടും-അതാണ് വാദം.

കപില്‍ സിബല്‍: വളരെ പ്രധാനപ്പെട്ട ചോദ്യമാണ് ഉപയോഗം മൂലമുള്ള വഖ്ഫ് സ്വത്ത് എന്താണെന്നത്. ഞാന്‍ ഒരു കുറിപ്പ് തരാം.

തുഷാര്‍ മേത്ത: എനിക്കും തരൂ

കപില്‍ സിബല്‍: മുതവല്ലി വഖ്ഫ് രജിസ്റ്റര്‍ ചെയ്യേണ്ട ആളല്ലെന്ന് 1954ല്‍ അവര്‍ പറഞ്ഞു. വഖ്ഫ് കണ്ടെത്താന്‍ ഒരു സര്‍വേ നടത്തണമെന്ന് തീരുമാനിച്ചു. പിന്നീട് 1995ലെ നിയമത്തില്‍ മുഴുവന്‍ നടപടിക്രമങ്ങളുമുണ്ട്. പക്ഷേ, ഒന്നും ചെയ്തിട്ടില്ല, സംസ്ഥാനങ്ങളാണ് ചെയ്യേണ്ടത്, മുതവല്ലിയല്ല.

കപില്‍ സിബല്‍: (അദ്ദേഹത്തിന്റെ കുറിപ്പ് പരാമര്‍ശിക്കുന്നു) 1923 മുതല്‍ 1954, 1995 വരെയുള്ള കാലത്ത് രജിസ്‌ട്രേഷന്‍ നടത്താത്തത് ഉടമസ്ഥാവകാശം എടുത്തുകളയാന്‍ കാരണമല്ലെന്നാണ് 1995ലെ നിയമം പറയുന്നത്. രജിസ്‌ട്രേഷന്‍ ബാധ്യത സംസ്ഥാനസര്‍ക്കാരുകള്‍ക്കാണ്. കാരണമെന്തെന്നാല്‍, മുതവല്ലി വഖ്ഫ് സ്വത്ത് സ്വന്തം സ്വത്തെന്ന നിലയില്‍ കൈകാര്യം ചെയ്യുന്നതായി 1923ല്‍ കണ്ടെത്തിയിരുന്നു. 1994-2013 കാലത്ത് ഒരു സംസ്ഥാനം മാത്രമാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. ആരുടെ തെറ്റാണ്? മുതവല്ലിയുടെ തെറ്റാണോ ? എന്താണീ നടക്കുന്നത് ?. സംസ്ഥാന സര്‍ക്കാരുകള്‍ സര്‍വേ പൂര്‍ത്തിയാക്കാത്തതിന് സമുദായത്തിന് സ്വത്ത് നഷ്ടപ്പെടുമോ ? പിടിച്ചെടുക്കുകയാണോ ?

കപില്‍ സിബല്‍: പ്രാഥമിക മറുപടിയുടെ വാല്യം ഒന്ന് നോക്കൂ. തെലങ്കാന-0, ജമ്മുകശ്മീര്‍-0. ആരുടെ തെറ്റാണ് ? കമ്മീഷണര്‍ തന്റെ ജോലി ചെയ്തില്ല.

തുഷാര്‍ മേത്ത: ഇത് ഡബ്ല്യുഎഎംഎസ്‌ഐ പോര്‍ട്ടലിലുണ്ട്

കപില്‍ സിബല്‍: ഇത് ന്യായമല്ല, ഞാന്‍ തടസപ്പെടുത്തിയിട്ടില്ല (അഭിഭാഷകര്‍ ഇടയില്‍ കയറി വാദിക്കാന്‍ നോക്കിയപ്പോള്‍)

ചീഫ്ജസ്റ്റിസ്: തമിഴ്‌നാട്, പഞ്ചാബ് ദയവായി സഹകരിക്കുക.

കപില്‍ സിബല്‍: ഡബ്ല്യുഎഎംഎസ്‌ഐയുടെ അവസാന റിപോര്‍ട്ട് നോക്കൂ

കപില്‍ സിബല്‍: ഒരു ഖബര്‍സ്ഥാന്‍ വേണമെന്ന് സമുദായം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ അത് അനുവദിക്കുന്നു. 200 വര്‍ഷം അത് ഉപയോഗിക്കുന്നു. 200 വര്‍ഷത്തിന് ശേഷം വാണിജ്യ ആവശ്യത്തിന് അത് വേണമെന്ന് പറഞ്ഞാല്‍ ശരിയാവുമോ? സംസ്‌കാരത്തിന് ഉപയോഗിച്ചാല്‍ അത് മതപരമായ കാര്യമല്ലേ.

ചീഫ്ജസ്റ്റിസ്: മറ്റ് വിശദാംശങ്ങള്‍ നല്‍കാമായിരുന്നുവെന്ന് നിയമത്തിലെ വ്യവസ്ഥ പോലും പറയുന്നു

കപില്‍ സിബല്‍: അവര്‍ക്ക് ഒരു പരിധിയും ബാധകമല്ല, അവര്‍ പറയുന്നു അത് എന്റെ സ്വത്താണെന്ന്

ചീഫ്ജസ്റ്റിസ്: ഇക്കാര്യം ഞങ്ങള്‍ പരിഗണിക്കും.

കപില്‍ സിബല്‍: (സര്‍വേ പൂര്‍ത്തിയായിട്ടില്ല എന്ന മറുപടി റിപോര്‍ട്ട് വായിക്കുന്നു). ഗുജറാത്തും ഉത്തരാഖണ്ഡും സര്‍വേ പൂര്‍ത്തിയാക്കിയിട്ടില്ല. അവിടെ വഖ്ഫ് ബോര്‍ഡില്ലേ ?

കപില്‍ സിബല്‍: അവിടെ എന്തുകൊണ്ട് രജിസ്റ്റര്‍ ചെയ്തില്ല എന്നതിന് എനിക്ക് ഉത്തരമുണ്ട്. രജിസ്റ്റര്‍ ചെയ്യേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്തമായിരുന്നു, അവര്‍ അത് ചെയ്യാത്തതിനാല്‍ സമുദായത്തിന്റെ തെറ്റാണെന്ന് പറയുന്നു. നിയമ ശാസനയിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം തെറ്റില്‍ നിന്നും മുതലെടുക്കാന്‍ കഴിയില്ല.

കപില്‍ സിബല്‍: ഉപയോഗം വഴിയുള്ള വഖ്ഫ് വഖ്ഫ് അല്ലെന്ന തെറ്റിധാരണയിലാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം എന്നു തോന്നുന്നു.

കപില്‍ സിബല്‍: ആധാരമോ പ്രഖ്യാപനമോ ഇല്ലാതെ തന്നെ ഉപയോഗം വഴി വഖ്ഫ് സ്വത്തുണ്ടെന്ന് അംഗീകരിച്ചത് ഭരണഘടനാ ബെഞ്ചാണ്.

ചീഫ്ജസ്റ്റിസ്: രജിസ്‌ട്രേഷന്‍ ആവശ്യമില്ലെന്ന് പറയുന്ന നേരിട്ടുള്ള വിധിയുണ്ടെന്ന് നിങ്ങള്‍ പറയുന്നുണ്ടോ?

കപില്‍ സിബല്‍: പറയുന്നു

കപില്‍ സിബല്‍: ഇത് തെളിവുകളുടെ നിയമമാണ്.- അതിനെ നിയമനിര്‍മാണത്തിലൂടെ ഇല്ലായ്മ ചെയ്യാന്‍ കഴിയില്ല.

കപില്‍ സിബല്‍: ഡിജിറ്റല്‍വല്‍ക്കരണം പുരോഗമിച്ചിരുന്ന 2013 കാലത്ത്, നാല് സ്വത്ത് മാത്രമാണ് ഡിജിറ്റലൈസ് ചെയ്തത്. ഇപ്പോള്‍ അവര്‍ പറയുന്നു രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന്

കപില്‍ സിബല്‍: നിയമഭേദഗതിയിലെ 3(ഡി) വകുപ്പ് ജെപിസിയില്‍ ചര്‍ച്ച ചെയ്തുവെന്ന് മേത്ത പറഞ്ഞത് ശരിയാണ്. പക്ഷേ, അത് തള്ളി, കാരണം അത് ബില്ലിലുണ്ടായിരുന്നില്ല.

കപില്‍ സിബല്‍: ജെപിസിയോട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ശുപാര്‍ശ ചെയ്തു.പക്ഷേ, ജെപിസി നിരസിച്ചു. ജെപിസിയുടെ റിപോര്‍ട്ടില്‍ ചേര്‍ത്തിരിക്കുന്ന ഒറിജിനല്‍ ബില്ലില്‍ 3ഡി ഇല്ലായെന്ന് കാണാം.

കപില്‍ സിബല്‍: 1904ലെയും 1954ലെയും നിയമം പറയുന്നതല്ല 3ഡി പറയുന്നത്. പഴയ നിയമങ്ങള്‍ പ്രകാരം അവിടെ പ്രാര്‍ത്ഥിക്കാമായിരുന്നു.

ചീഫ്ജസ്റ്റിസ്: നിയമം വഴി സംരക്ഷിക്കപ്പെടുന്നതെല്ലാം തുടരും

കപില്‍ സിബല്‍: ഇല്ല കോടതി, പുതിയ നിയമം അതിനെയെല്ലാം മറികടക്കുന്നു

ചീഫ്ജസ്റ്റിസ്: ഇത് ഞങ്ങള്‍ പരിഗണിക്കും

കപില്‍ സിബല്‍: 1904ലെയും 1954ലെയും നിയമപ്രകാരം ഉടമസ്ഥാവകാശം എനിക്കുണ്ടായിരുന്നു. 2025ലെ നിയമത്തില്‍ ഉടമസ്ഥാവകാശം പോവും.

ചീഫ്ജസ്റ്റിസ്: ജെപിസിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ(എഎസ്‌ഐ) സമര്‍പ്പിച്ചത് നോക്കൂ. ഗൈഡ് ലൈസന്‍സ് എഎസ്‌ഐ നല്‍കിയെങ്കിലും മുതവല്ലിയും നല്‍കിയിരുന്നു-മത സ്വഭാവം സംരക്ഷിക്കാന്‍ അനുവദിക്കുന്നില്ലെന്ന്

കപില്‍ സിബല്‍: ഇസ്‌ലാമിന്റെ ചില മൗലിക കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ചിലത് നിന്ന് ഞാന്‍ മറുവശത്ത് നിന്നും പഠിച്ചു (ചിരിക്കുന്നു)

കപില്‍ സിബല്‍: ദാനധര്‍മം എല്ലാവര്‍ക്കും ഒരു പോലെയാണെന്നും ആരുടേതുമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നു. അത് തെറ്റാണ്, കാരണം ദാനധര്‍മം ഇസലാമിന്റെ തത്വമാണ്.

കപില്‍ സിബല്‍: എന്തിനാണ് ദാനധര്‍മം ? പരലോകത്തിന് വേണ്ടിയാണ്

ചീഫ്ജസ്റ്റിസ്: ഇത് എല്ലാ മതങ്ങളുടെയും അവിഭാജ്യഘടകമാണ്.

കപില്‍ സിബല്‍: പക്ഷേ, അത് ദൈവത്തിനുള്ള ദാനധര്‍മമല്ല, ഒരിക്കല്‍ വഖ്ഫ് ആയിരുന്നെങ്കില്‍ എപ്പോഴും വഖ്ഫ് തന്നെ.

ചീഫ്ജസ്റ്റിസ്: ഹിന്ദുക്കള്‍ക്കിടയില്‍ മോക്ഷം എന്ന ആശയമുണ്ട്.

ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ്: അവരെല്ലാം സ്വര്‍ഗത്തില്‍ പോകാന്‍ ശ്രമിക്കുന്നു

കപില്‍ സിബല്‍: ഹിന്ദു എന്‍ഡോവുമെന്റുകളെ സംബന്ധിച്ചിടത്തോളം അഹിന്ദുക്കളില്ല, പക്ഷേ, മുസ്‌ലിംകള്‍ ആവുമ്പോള്‍ അമുസ്‌ലിംകള്‍ വരുന്നു. അമുസ്‌ലിംകള്‍ക്ക് സംവരണമുണ്ട്.

മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍: അനിവാര്യമായ മത ആചാരങ്ങളെ കുറിച്ച് ഞാന്‍ വിശദമായി പിന്നീട് ഉത്തരം നല്‍കും. ഇസ്‌ലാമിന്റെ അഞ്ച് തൂണുകളില്‍ ഒന്നാണ് ദാനധര്‍മ്മം എന്ന് സിബല്‍ ഇതിനകം വിശദീകരിച്ചിട്ടുണ്ട്... അത് മാറ്റാനാവാത്തതായി മാറുന്നു

രാജീവ് ധവാന്‍: വേദങ്ങളില്‍ ക്ഷേത്രമുണ്ടായിരുന്നില്ല. അഗ്നി, വായു എന്നിവയായിരുന്നു.... എന്നോടു ചോദിക്കുകയാണെങ്കില്‍ വേദങ്ങള്‍ പ്രകാരം ക്ഷേത്രങ്ങള്‍ അത്യാവശ്യമല്ല...

രാജീവ് ധവാന്‍: വഖ്ഫ് ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകമാണെന്ന അടിസ്ഥാനത്തിലാണ് ജെപിസി മുന്നോട്ടുപോയത്, അവര്‍ ചെയ്തത്-വഖ്ഫ് ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന്- ഖുര്‍ആനിലെ നിരവധി വാക്യങ്ങള്‍ അതിന്റെ പ്രാധാന്യം പറയുന്നു. ആചാരം ഹദീസുകളില്‍ നിന്ന് നേരിട്ടാണ് വരുന്നത്. ജെപിസി അതിനെ സംശയിച്ചില്ല.

രാജീവ് ധവാന്‍: ഭേദഗതി നിയമം നിയന്ത്രണപരം മാത്രമാണെന്നാണ് അവരുടെ മറുപടി വാദം പറയുന്നത്. ആ മറുപടിയില്‍ കാഷ് വഖ്ഫ്, കോര്‍പറേറ്റ് വഖ്ഫ് എന്നിവയെ കുറിച്ചും പരാമര്‍ശമുണ്ട്. വഖ്ഫ് രൂപീകരണം ഇസ്‌ലാമിലെ ആചാരമാണെന്ന് അവര്‍ പറയുന്നു. പക്ഷേ, ദാനധര്‍മത്തെ അവിഭാജ്യ ഘടകമായി കണക്കാക്കാനാവില്ല.

രാജീവ് ധവാന്‍: വഖ്ഫ് മുസ്‌ലിം സമുദായത്തിന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു സംവിധാനമാണ്.... വഖ്ഫ് മുസല്‍മാന്റെ ജീവിതവുമായും സാമൂഹിക-സാമ്പത്തിക ജീവിതവുമായും ഇഴചേര്‍ന്നിരിക്കുന്നതായി നമുക്ക് കാണാന്‍ കഴിയുമെന്ന് സുപ്രിംകോടതി വിധിയില്‍ പറയുന്നുണ്ട്.

രാജീവ് ധവാന്‍: ശിരൂര്‍ മഠക്കേസില്‍ പറഞ്ഞു.

''ഭരണഘടനയുടെ 26(2)(എ) വകുപ്പ് പ്രകാരം മതത്തിന്റെ അവിഭാജ്യമല്ലാത്ത ആചാരങ്ങളില്‍-മതനിരപേക്ഷ കാര്യങ്ങളില്‍ ഭരണകൂടത്തിന് നിയന്ത്രണം കൊണ്ടുവരാം.''

രാജീവ് ധവാന്‍: അവര്‍ മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 25, 26 അനുഛേദങ്ങളുടെ അടിത്തറ ഇളക്കുകയാണ്.

രാജീവ് ധവാന്‍: ഭരണഘടനയുടെ 25ാം അനുഛേദത്തില്‍ നിന്ന് വ്യത്യസ്തമായി 26ാം അനുഛേദത്തില്‍ വിവിധ മതവിഭാഗങ്ങള്‍ക്ക് മതപരമായ സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശങ്ങളെ കുറിച്ച് പറയുന്നുണ്ട്.

രാജീവ് ധവാന്‍: ശിരൂര്‍ മഠക്കേസ് എട്ട് മുന്‍ വ്യവസ്ഥകള്‍ റദ്ദാക്കി-മതകാര്യങ്ങള്‍ക്കായി മാനേജരെ നിയമിക്കാനുള്ള കമ്മീഷണറുടെ അധികാരം ഇല്ലാതാക്കി.

രാജീവ് ധവാന്‍: ഇവ അവകാശത്തിന്റെ അവിഭാജ്യ ഘടകങ്ങളല്ലെന്ന് പറയാന്‍ ബാഹ്യമായ ഒരു അധികാരിക്കും അവകാശമില്ല.

രാജീവ് ധവാന്‍: ചാരിറ്റിയെ കുറിച്ചുള്ള തത്വം പ്രകാരം-രത്തിലാല്‍ കേസിലെ വിധി- ചാരിറ്റി കമ്മീഷണര്‍ക്ക് മാനേജറെ നിയമിക്കാന്‍ പോലും സാധിക്കില്ല. ട്രസ്റ്റിന്റെയോ വഖ്ഫിന്റെയോ രൂപത്തില്‍ അത് വേണമെങ്കില്‍ എനിക്ക് ചെയ്യാം.

രാജീവ് ധവാന്‍: രത്തിലാല്‍ കേസില്‍ പറയുന്നതു പോലുള്ള ട്രസ്റ്റ് രൂപീകരിക്കാനുള്ള എന്റെ അവകാശം എടുത്തുകളഞ്ഞു. വഖ്ഫ് തത്വം നിങ്ങള്‍ തിരികെ കൊണ്ടുവരാന്‍ സാധിക്കാത്ത വിധം ഇല്ലാതാക്കി.

രാജീവ് ധവാന്‍: ഉപയോഗം വഴിയുള്ള വഖ്ഫിനെ അംഗീകരിച്ച ബാബരി മസ്ജിദ് കേസിലെ വിധിയും പോയി. ആദിവാസി പ്രദേശങ്ങളെ കുറിച്ച് അത് ഭരണഘടനാ വര്‍ഗീകരണമാണെന്നാണ് തുഷാര്‍ മേത്ത പറഞ്ഞത്. എന്നാല്‍, ആ പ്രദേശത്തെ ഒരു മുസ് ലിമിനോട് വഖ്ഫ് രൂപീകരിക്കരുതെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയുമോ ? നിങ്ങള്‍ വഖ്ഫിനെ മുന്‍കാല പ്രാബല്യത്തിലും ഭാവിയിലും മാറ്റി.

രാജീവ് ധവാന്‍: ആരാധനാലയ സംരക്ഷണ നിയമപ്രകാരമുള്ള സംരക്ഷണവും പോവും

രാജീവ് ധവാന്‍: 2011ലെ സെന്‍സസ് ഷെഡ്യൂള്‍ഡ് പ്രദേശങ്ങളിലെ മുസ്‌ലിംകളുടെ എണ്ണത്തെ കുറിച്ച് പറയുന്നുണ്ട്-ഇപ്പോള്‍ നമ്മള്‍ അഞ്ചാം പട്ടികയെ കുറിച്ചും സംസാരിക്കുന്നു.

രാജീവ് ധവാന്‍: ' നേരിട്ടുള്ളതും അനിവാര്യവുമായ ഫലം' എന്ന സിദ്ധാന്തപ്രകാരം നടപടി വേണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

രാജീവ് ധവാന്‍: ആനുപാതികതാ സിദ്ധാന്തത്തിന് ഏറ്റവും കുറഞ്ഞ അതിക്രമ സമീപനം ആവശ്യമാണ്.-പക്ഷേ, അത് ആശയത്തെ നശിപ്പിക്കുമോ ?

മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി: 1. ഒരിക്കല്‍ നിയമം അനുവദിച്ചു, നിയമം അത് എടുത്തുകളയുന്നു എന്ന് അവര്‍ പറയുന്നു-നിയമത്തിന് രാജാക്കന്‍മാരെ പോലെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഇത് ആശയത്തിലുള്ള അടിസ്ഥാനപരമായ വീഴ്ചയാണ്-നിയമമല്ല ഉപയോഗം വഴിയുള്ള വഖ്ഫ് ഉണ്ടാക്കിയത്. നിയമം അതിനെ അംഗീകരിക്കുകയാണ് ചെയ്തത്. നിങ്ങളുടെ അടിസ്ഥാനപരമായ ആശയം തെറ്റാണ്, കാരണം നിങ്ങള്‍ അല്ല വഖ്ഫ് ഉണ്ടാക്കിയത്. ഇസ്‌ലാമിക ആശയത്തിന്റെ അംഗീകാരം നിയമനിര്‍മാണത്തിലൂടെയല്ല മറിച്ച് അത് വിശ്വാസത്തിന്റെ ഭാഗമാണ് എന്നതാണ്.

2. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട്: രജിസ്‌ട്രേഷന്‍ മുമ്പ് നിലവിലുണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ നിങ്ങള്‍ അതിന്റെ സത്തയും പദവിയും എടുത്തുകളയുന്നു എന്നതാണ് പ്രശ്‌നം. അത് വളരെ തെറ്റാണ്. രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നു, ചെറിയ പിഴയും. നിയമം ആരംഭിക്കുന്നതിന് മുമ്പും ശേഷവുമുള്ള എല്ലാ വഖ്ഫും രജിസ്റ്റര്‍ ചെയ്യണമെന്ന് 36(1) വകുപ്പ് പറയുന്നു-ഇതൊരു ദുഷിച്ച വൃത്തം സൃഷ്ടിക്കുന്നു. ഉപയോഗം വഴിയുള്ള വഖ്ഫ് ഒരു നിയമത്തിലൂടെ നിര്‍ത്തലാക്കുന്നു, അതിനാല്‍ അവ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല, നിര്‍ത്തലാക്കപ്പെട്ട ഒരു കാര്യം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല.

ചീഫ്ജസ്റ്റിസ്: എന്തുകൊണ്ട് എന്തുകൊണ്ട്? നിങ്ങള്‍ പൊരുത്തത്തോടെ വായിച്ചു.

അഭിഷേക് മനു സിങ്‌വി: 3(ആര്‍) കുറച്ച് ആശ്വാസം നല്‍കും. പിന്നെ 36(1) വകുപ്പ് പറയുന്നു എക്‌സ് അല്ലെങ്കില്‍ വൈ മാസത്തില്‍ വകുപ്പ് ഒമ്പത്, പത്ത് പ്രകാരം ചില കാര്യങ്ങള്‍ ചെയ്യണമെന്ന് (രജിസ്‌ട്രേഷന്‍ പ്രക്രിയ). പക്ഷേ, സര്‍ക്കാര്‍ സ്വത്തെന്ന പരാമര്‍ശമുണ്ടെങ്കില്‍ രജിസ്‌ട്രേഷന്‍ നിലയ്ക്കും. 36ാം വകുപ്പിലെ എല്ലാ പ്രക്രിയകളും 7എ വകുപ്പ് തടയും.

അഭിഷേക് മനു സിങ്‌വി: ഇത് ബോംബെ ട്രസ്റ്റ് ആക്ടിന് സമാനമാണെന്ന് അവര്‍ പറയുന്നു. ആറുമാസത്തിന് ശേഷം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് 36(10) വകുപ്പ് പറയുന്നു. തുഷാര്‍ മേത്ത ഇവിടെ നിന്ന് കാണിക്കുന്ന ദയാലുത്വം നിയമത്തെ രക്ഷിക്കില്ല.

അഭിഷേക് മനു സിങ്‌വി: ഇപ്പോള്‍ വൃത്തം പൂര്‍ത്തിയായി. കാരണം, നിങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് അവര്‍ പറയും. .... ഇത് സ്വന്തം വാലിനെ പിന്തുടരുന്ന വിചിത്രമായ സാഹചര്യമാണ്. ഇത് തുഷാര്‍ മേത്ത സമ്മതിച്ചതാണ്. 36(1)(എ) വകുപ്പിലെ ബുദ്ധിപരമായ ഭാഷ നോക്കുക. വഖ്ഫ് സ്വത്ത് സര്‍ക്കാര്‍ സ്വത്താണെന്ന് ആരെങ്കിലും കലക്ടറോട് പറഞ്ഞാല്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ നിലയ്ക്കുന്നു. ഇനി 36(10) വകുപ്പ് വായിക്കൂ. ആറ് മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം.

അഭിഷേക് മനു സിങ്‌വി:എതിര്‍ഭാഗം ഉദ്ധരിച്ച 36(1), 36(7എ), 36(10) നോക്കുക. ദൂഷിത വലയം കാണാം. മുന്നറിയിപ്പ് 'തര്‍ക്കം' എന്ന വ്യവസ്ഥ ഉപയോഗിച്ച് എല്ലാ സ്വത്തും എടുത്തുകളയുന്നു.

അഭിഷേക് മനു സിങ്‌വി: രജിസ്റ്റര്‍ ചെയ്തില്ലെങ്കിലും വഖ്ഫ് സ്വത്തിന്റെ സ്വഭാവം നഷ്ടപ്പെടില്ലെന്ന് ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതി മാത്രമല്ല, നിരവധി ഹൈക്കോടതികളും വിധിച്ചിട്ടുണ്ട്. കേരളം, കര്‍ണാടകം, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് നാലു വിധികളുണ്ട്.

അഭിഷേക് മനു സിങ്‌വി: തുഷാര്‍ മേത്ത അര്‍ധസത്യത്തേക്കാള്‍ താഴെയാണ് സത്യം പറയുന്നത്-വിശ്വാസിയായ മുസ്‌ലിം എന്നത് സാധാരണയായി ഉപയോഗിക്കുന്ന പ്രയോഗമാണെന്നാണ് അദ്ദേഹം പറയുന്നത്. അഞ്ച് വര്‍ഷം മുസ്‌ലിമായി പ്രാക്ടീസ് ചെയ്‌തെന്ന് പറയുകയും അത് തെളിയിക്കുകയും ചെയ്യേണ്ട ഒരു നിയമവുമില്ല.

അഭിഷേക് മനു സിങ്‌വി: തെളിവിന്റെ ബാധ്യത സര്‍ക്കാരില്‍ നിന്നും മറുവശത്തേക്ക് മാറ്റുന്ന തന്ത്രമാണിത്.

അഭിഷേക് മനു സിങ്‌വി: ശരീഅത്തിനെ കുറിച്ചും തെറ്റിധരിപ്പിക്കുന്ന വാദമാണ് മേത്ത ഉന്നയിച്ചത്. ജൈന, ക്രിസ്ത്യന്‍ തുടങ്ങിയ എല്ലാ വിഭാഗങ്ങള്‍ക്കുള്ള നിയമനിര്‍മ്മാണങ്ങളിലും അത് ജൈന അല്ലെങ്കില്‍ ക്രിസ്ത്യന്‍ ആചാരങ്ങളില്‍ നിന്നാണ് ആരംഭിക്കുന്നത്

അഭിഷേക് മനു സിങ്‌വി: 36(1)വകുപ്പ് എല്ലായ്‌പ്പോഴും പിന്നോട്ടു പോവുന്നു. അദ്ദേഹത്തിന്റെ ദയാലുത്വത്തിന് നിയമത്തെ മാറ്റാന്‍ കഴിയില്ല എന്ന് വ്യക്തമാണ്.

അഭിഷേക് മനു സിങ്‌വി: ബോംബെ ട്രസ്റ്റ് ആക്ടിലെ 31ാം വകുപ്പ് നിയമഭേദഗതിയിലെ 36(10)ന്റെ അടുത്ത് പോലും എത്തില്ല. ഒരു സ്യൂട്ട് പോലും അനുവദനീയമല്ല.

അഭിഭാഷകന്‍(ജമ്മുകശ്മീരില്‍ നിന്ന്): ഞാന്‍ ഖുര്‍ആന്‍ മുഴുവന്‍ പാരായണം ചെയ്തിട്ടുണ്ട്......ഒരാള്‍ വഖ്ഫ് ചെയ്യുന്നതോടെ അത് ദൈവത്തിന്റേതാവുന്നു.

അഭിഭാഷകന്‍: ഇത് സക്കാത്തിന്റെ ഭാഗമാണ്

അഭിഭാഷകന്‍: പ്രവാചകന്‍ പലായനം ചെയ്ത ശേഷം, തന്റെ കൂട്ടുകാരനോട് തോട്ടത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ചു....

ഹുസെഫ അഹ്മദി: രണ്ടു കാര്യങ്ങള്‍ പറയാനുണ്ട്. ഗോത്രവര്‍ഗത്തില്‍ നിന്നുള്ള മുസ് ലിമിന് വഖ്ഫ് ചെയ്യണമെങ്കില്‍ അത് ഷെഡ്യൂളിലുള്ള പ്രദേശത്ത് സാധിക്കില്ലെന്ന് തുഷാര്‍ മേത്ത പറഞ്ഞു. ഇതിന് മുന്‍കാല്യ പ്രാബല്യമുണ്ട്. കാരണം ഇത് മുന്‍കാലത്തെ വഖ്ഫ് സ്വത്തുക്കളെയും ബാധിക്കുന്നു.

ഹുസെഫ അഹ്മദി: ഇത് ആദിവാസികളെ സംരക്ഷിക്കാനുള്ളതാണെന്നാണ് അവര്‍ പറയുന്നത്. പക്ഷേ, അത് മതസ്വാതന്ത്ര്യത്തിനും മറ്റുമുള്ള ഭരണഘടനയിലെ 25,26 അനുഛേദങ്ങളുടെ ലംഘനമാണ്. ആദിവാസികള്‍ തമ്മിലുള്ള സ്വത്ത് കൈമാറ്റം ഇപ്പോഴും നടക്കുന്നുണ്ട്. അതിനാല്‍ എപ്പോഴും കൈമാറ്റം നടക്കാം. വഖ്ഫ് ചെയ്യാന്‍ കഴിയാത്ത ആദിവാസി പ്രദേശത്ത് ട്രസ്റ്റ് രൂപീകരിക്കാമെന്ന് തുഷാര്‍ മേത്ത പറഞ്ഞു. അത് രസകരമാണ്.

ചീഫ്ജസ്റ്റിസ്: മൂന്നാം വകുപ്പിനെ കുറിച്ച് അദ്ദേഹം ആ വാദം ഉന്നയിച്ചില്ല.

ഹുസെഫ അഹ്മദി: അപ്പോള്‍ ആദിവാസികള്‍ക്ക് ഇപ്പോഴും വഖ്ഫ്, ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും അപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് ഗോത്രത്തെ സംരക്ഷിക്കുന്നു എന്ന വാദം ഉന്നയിക്കുന്നത്?

മതപരമായ വിവേചനം എന്താണ്-പട്ടികവര്‍ഗത്തിലെ മറ്റ് മതവിഭാഗങ്ങള്‍ക്ക് എന്തെങ്കിലും വ്യവസ്ഥയുണ്ടോ? മുസ്‌ലിംകളെ എന്തിനാണ് മാറ്റിനിര്‍ത്തുന്നത്.

പരിമിതി വ്യവസ്ഥയെ കുറിച്ച്-107,108നെ കുറിച്ച്: ഇത് രണ്ടുകക്ഷികള്‍ക്കും ഒരു പോലെ ബാധകമാണെന്നാണ് എന്ന് പറയുന്നത് തെറ്റാണ്. വഖ്ഫ് സ്വത്തിനെ സംബന്ധിച്ച് കേസ് കൊടുക്കുന്നതിനും കൈയ്യേറ്റക്കാരെ ഇറക്കിവിടുന്നതിനുമുള്ള വ്യവസ്ഥകളില്‍ വിവേചനമുണ്ട്.

ഹുസെഫ അഹ്മദി: അവസാനമായി, വകുപ്പ് രണ്ടു പ്രകാരം നിങ്ങള്‍ വഖ്ഫിനെ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്താല്‍ നിയമത്തിന്റെ കാഠിന്യം അനുഭവിക്കേണ്ടി വരില്ല. വഖ്ഫിന് പകരം ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്യാന്‍ പരോക്ഷമായി പറയുകയാണ്. ഇത് രണ്ടിനെയും നിരുല്‍സാഹപ്പെടുത്തുകയാണ് ആത്യന്തിക ലക്ഷ്യം.

തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു അഭിഭാഷകന്‍ മുഴുവന്‍ ഗ്രാമവും വഖ്ഫാണെന്ന് വഖ്ഫ് ബോര്‍ഡ് അവകാശപ്പെട്ടെന്ന് വാദിച്ചു. അവര്‍ വഖ്ഫ് ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നു.

ഹരജികള്‍ വിധി പറയാന്‍ മാറ്റി