ഉത്തരകാശിയിലെ മുസ് ലിം വിരുദ്ധ 'മഹാപഞ്ചായത്ത്' തടയണമെന്ന ഹരജി സുപ്രിംകോടതി തള്ളി

Update: 2023-06-14 09:12 GMT

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ഹിന്ദുത്വ സംഘടനകള്‍ നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന മുസ് ലിം വിരുദ്ധ 'മഹാപഞ്ചായത്ത്' തടയണമെന്ന ഹരജി സൂപ്രിംകോടതി തള്ളി. അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്(എപിസിആര്‍) സമര്‍പ്പിച്ച അടിയന്തര ഹരജിയാണ് സുപ്രിം കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിക്കാന്‍ വിസമ്മതിച്ചത്. ക്രമസമാധാനം സംസ്ഥാനത്തിന്റെ പരിധിയില്‍ പെടുന്ന വിഷയമാണെന്നും അതിനാല്‍ ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിക്കണമെന്നും നിര്‍ദേശിച്ചാണ് ജസ്റ്റിസുമാരായ വിക്രം നാഥും അഹ്‌സനുദ്ദീന്‍ അമാനുല്ലയും അടങ്ങുന്ന അവധിക്കാല ബെഞ്ച് ഹരജി തള്ളിയത്. മുസ് ലിംകള്‍ ഒഴിയണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുയര്‍ത്തിയാണ് ഉത്തരകാശിയിലെ പുരോലയില്‍ നാളെ 'മഹാപഞ്ചായത്ത്' നടത്തുന്നത്. ഹരജിക്കാര്‍ എന്തുകൊണ്ടാണ് ഹൈക്കോടതിയെ അവിശ്വസിക്കുന്നതെന്ന് ചോദിച്ച കോടതി, ഹൈക്കോടതിക്ക് അവരുടേതായ അധികാരപരിധിയുണ്ടെന്നും ഓര്‍മിപ്പിച്ചു. എന്തിനാണ് ഈ കുറുക്കുവഴി തേടുന്നത്. ഞങ്ങള്‍ കേസിന്റെ മെറിറ്റിനെ കുറിച്ചോ മറ്റു കാര്യങ്ങളെ കുറിച്ചോ അല്ല പറയുന്നത്. നിങ്ങള്‍ എന്തുകൊണ്ടാണ് ഭരണ സംവിധാനത്തെ അവിശ്വസിക്കുന്നത് എന്നായിരുന്നു ജസ്റ്റിസ് അഹ്‌സനുദ്ദീന്‍ അമാനുല്ലയുടെ ചോദ്യം.

    എന്നാല്‍, ഒരു പ്രത്യേക സമുദായത്തോട് നാളെ നടക്കുന്ന ഹിന്ദുത്വ മഹാപഞ്ചായത്തിന് മുമ്പ് പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകാന്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ടെന്നും കോടതി ഉടന്‍ ഇടപെടേണ്ട അടിയന്തര സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും എപിസിആര്‍ അഭിഭാഷകന്‍ ഷാരൂഖ് ആലം പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ ഉത്തരാഖണ്ഡിനെതിരേ തുടര്‍ച്ചയായി കോടതി മാന്‍ഡമസ് പുറപ്പെടുവിച്ച കാര്യവും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. മഹാപഞ്ചായത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ അപൂര്‍വാനന്ദ് ഝായും കവി അശോക് വാജ്‌പേയിയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വര്‍ഗീയ സംഘര്‍ഷത്തില്‍ അടിയന്തരമായി ഇടപെടാന്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതി ചീഫ് ജസ്റ്റിസിനും ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസിനും പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസും (പിയുസിഎല്‍) കത്തയച്ചിരുന്നു. ജൂണ്‍ 15ന് നടക്കുന്ന മഹാപഞ്ചായത്തിനും ജൂണ്‍ 20ന് തെഹ്‌രിയില്‍ നടത്തുന്ന റാലിക്കും ചക്രസ്തംഭന സമരത്തിനും അനുമതി നല്‍കരുതെന്നും പിയുസിഎല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ, ക്രമസമാധാന നില തകരാറിലാവുമെന്ന് ചൂണ്ടിക്കാട്ടി നാളത്തെ മഹാ പഞ്ചായത്തിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. ജൂണ്‍ 15നകം കടകള്‍ ഒഴിഞ്ഞുപോവണമെന്നാണ് ഉത്തരകാശിയിലെ മുസ്‌ലിം വ്യാപാരികള്‍ക്ക് ഹിന്ദുത്വ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയത്. ഇതിന്റെ ഭാഗമായാണ് നാളെ മഹാപഞ്ചായത്ത് നടത്തുന്നത്. ഉത്തരകാശിയിലെ പുരോലയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ മെയ് 26ന് ഉബൈദ് ഖാന്‍(24) എന്ന കിടക്ക വില്‍പനക്കാരനെയും ജിതേന്ദ്ര സൈനി (23) എന്ന മോട്ടോര്‍ സൈക്കിള്‍ മെക്കാനിക്കും അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ജിതേന്ദ്ര സൈനിയുടെ പേര് മറച്ചുവെച്ച് ഉബൈദ് ഖാനെ മാത്രം ഉയര്‍ത്തിക്കാണിച്ച് ഹിന്ദുത്വ തീവ്രവാദികള്‍ 'ലൗ ജിഹാദ്' ആണെന്നു പറഞ്ഞാണ് വിദ്വേഷപ്രചാരണത്തിന് തുടക്കമിട്ടത്. മുസ് ലിം കടകളും വീടുകളും അടയാളപ്പെടുത്തി ആക്രമണം നടത്തിയതായും റിപോര്‍ട്ടുകളുണ്ടായിരുന്നു.

Tags: