ഇന്ത്യയ്‌ക്കെതിരായ ആക്രമണത്തിന് എഫ്-16: സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് യുഎസ്
വിഷയം സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. എഫ്16 വിമാനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് അമേരിക്കയുമായുള്ള കരാറിന്റെ ലംഘനമാണെന്നും വിഷയത്തില്‍ പാകിസ്താനോട് വിശദാംശങ്ങള്‍ തേടുമെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് റോബര്‍ട്ട് പല്ലാഡിനോ വ്യക്തമാക്കി.
വാഷിങ്ടണ്‍: ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്താന്‍ എഫ്16 ജറ്റ് വിമാനം ഉപയോഗിച്ച സംഭവം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യുഎസ്. പുല്‍വാമയിലെ ആക്രമണത്തിന് തിരിച്ചടിയായി ബാലകോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് ഇന്ത്യയുടെയും പാകിസ്താന്റെയും പോര്‍വിമാനങ്ങള്‍ ഏറ്റുമുട്ടുകയും ഇതിനായി പാകിസ്താന്‍ യുഎസ് നിര്‍മിത പോര്‍വിമാനമായ എഫ്16 ഉപയോഗിക്കുകയുമായിരുന്നു.
വിഷയം സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. എഫ്16 വിമാനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് അമേരിക്കയുമായുള്ള കരാറിന്റെ ലംഘനമാണെന്നും വിഷയത്തില്‍ പാകിസ്താനോട് വിശദാംശങ്ങള്‍ തേടുമെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് റോബര്‍ട്ട് പല്ലാഡിനോ വ്യക്തമാക്കി.
മറ്റൊരു രാജ്യത്തിന് നേരെ ഉപയോഗിക്കരുതെന്നും സ്വയം പ്രതിരോധത്തിനും സായുധസംഘങ്ങള്‍ക്കെതിരേയും മാത്രമേ ഉപയോഗിക്കാവു എന്ന കര്‍ശന നിബന്ധനയോടെയാണ് യുഎസ് ഈ പോര്‍വിമാനങ്ങള്‍ പാകിസ്താന് കൈമാറിയത്. എന്നാല്‍, ഇന്ത്യന്‍ അതിര്‍ത്തി കടന്ന പാക് വ്യേമസേനാ വിമാനത്തില്‍നിന്ന് കശ്മീരിലെ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ പ്രയോഗിച്ച അമ്രാം മിസൈലിന്റെ ഭാഗങ്ങള്‍ ഇന്ത്യ കണ്ടെത്തുകയും തെളിവായി വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. എഫ്16 വിമാനത്തില്‍നിന്നു മാത്രമേ അമ്രാം മിസൈല്‍ പ്രയോഗിക്കാന്‍ സാധിക്കൂ എന്നിരിക്കെ പാകിസ്താന്‍ ഈ പോര്‍വിമാനം ഉപയോഗിച്ചു എന്നതാണ് ഇത് തെളിയിക്കുന്നതെന്നും ഇന്ത്യ പറഞ്ഞിരുന്നു. എന്നാല്‍ എഫ്16 ഉപയോഗിച്ചിട്ടില്ലെന്നാണ് പാക് നിലപാട്.കാഴ്ചാ പരിധിക്ക് അപ്പുറത്തുള്ള ലക്ഷ്യസ്ഥാനത്തേയ്ക്ക് തൊടുത്തുവിടാന്‍ കഴിയുന്ന സ്വയംനിയന്ത്രിത മിസൈലുകളാണ് അമ്രാം.
