അമേരിക്ക അനങ്ങിയാല്‍ അവരുടെ തലയ്ക്കടിക്കുമെന്ന് ഇറാന്‍

യുദ്ധഭീഷണി മുഴക്കുന്ന അമേരിക്കയ്‌ക്കെതിരേ അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇറാന്‍. ഗള്‍ഫിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം തങ്ങള്‍ക്ക് ഭീഷണിയല്ലെന്നും തിരിച്ചടിക്കാനുള്ള എളുപ്പത്തിലുള്ള ലക്ഷ്യവും അവസരവുമാണെന്നും ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ പറഞ്ഞു.

Update: 2019-05-13 05:02 GMT

തെഹ്‌റാന്‍: യുദ്ധഭീഷണി മുഴക്കുന്ന അമേരിക്കയ്‌ക്കെതിരേ അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇറാന്‍. ഗള്‍ഫിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം തങ്ങള്‍ക്ക് ഭീഷണിയല്ലെന്നും തിരിച്ചടിക്കാനുള്ള എളുപ്പത്തിലുള്ള ലക്ഷ്യവും അവസരവുമാണെന്നും ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ പറഞ്ഞു. ഇറാന്‍ ഒരു യഥാര്‍ത്ഥ ഭീഷണിയാണെന്ന് മുതിര്‍ന്ന യുഎസ് പ്രതിരോധ ഉദ്യോഗസ്ഥന്റെ ഞായറാഴ്ച്ചത്തെ പ്രസ്താവനയ്ക്കു പിന്നാലെയാണ് യുദ്ധഭീഷണി കനപ്പിക്കുന്ന തരത്തില്‍ ഇറാന്റെ മറുപടി.

വിമാന വാഹിനിക്കപ്പലും ബി-52 ബോംബറുകളും ഉള്‍പ്പെടെ അമേരിക്ക പശ്ചിമേഷ്യയില്‍ കനത്ത സൈനിക വിന്യാസമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്. ഇറാനില്‍ നിന്ന് തങ്ങളുടെ സൈന്യം നേരിടുന്ന ഭീഷണിയെ ചെറുക്കാനാണ് സൈനിക വിന്യാസമെന്നാണ് അമേരിക്കയുടെ അവകാശവാദം. ഗള്‍ഫില്‍ നിന്ന് കഴിഞ്ഞ മാസം പിന്മാറിയ വിമാനവാഹിനിക്ക് പകരം യുഎസ്എസ് അബ്രഹാം ലിങ്കണാണ് പുതുതായി എത്തുന്നത്.

40 മുതല്‍ 50 വരെ വിമാനങ്ങളും 6000ഓളം സൈനികരും ഉള്‍ക്കൊള്ളുന്ന വിമാനവാഹിനി കപ്പല്‍ നേരത്തേ ഞങ്ങള്‍ക്കൊരു ഭീഷണിയായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഞങ്ങള്‍ക്കത് എളുപ്പത്തില്‍ തിരിച്ചടിക്കാവുന്നൊരു ലക്ഷ്യമാണ്. ഭീഷണി ഒരു അവസരമായി മാറിയിരിക്കുന്നു- റവല്യൂഷനറി ഗാര്‍ഡ്‌സിന്റെ വ്യോമസേനാ മേധാവി അമീര്‍ അലി ഹാജിസാദെ പറഞ്ഞു. അമേരിക്ക ചെറുതായൊന്നു ചലിച്ചാല്‍ ഞങ്ങള്‍ അവരുടെ തലയ്ക്കടിക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ ആക്രമണ ഭീഷണിയെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപോര്‍ട്ടിനെ തുടര്‍ന്നാണ് മേഖലയിലെ സൈനിക വിന്യാസമെന്ന് ഇന്ന് സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന സിഎന്‍ബിസി അഭിമുഖത്തില്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞിരുന്നു. ഇറാന്‍ ആക്രമണം തടയാനും ആവശ്യമെങ്കില്‍ തിരിച്ചടിക്കാനുമാണ് യുഎസ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാഖിലോ അഫ്ഗാനിസ്താനിലോ യമനിലോ ഉള്ള അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാല്‍ തക്കതായ മറുപടി നല്‍കാനാണ് ഞങ്ങള്‍ ഒരുങ്ങുന്നത്. യുദ്ധമല്ല ഞങ്ങളുടെ ലക്ഷ്യം-പോംപിയോ പറഞ്ഞു.  

Tags:    

Similar News