മുന്നാക്ക സമുദായക്കാര്‍ക്ക് 10 ശതമാനം സംവരണവുമായി കേന്ദ്രം

സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണു സംവരണം. ആകെ സംവരണം 50 ശതമാനത്തില്‍നിന്ന് 60 ശതമാനം ആക്കുന്നതിന് ഭരണഘടനാ ഭേദഗതി ചെയ്യാനാണ് കേന്ദ്ര തീരുമാനം.

Update: 2019-01-07 10:49 GMT

ന്യൂഡല്‍ഹി: മുന്നാക്ക സമുദായ പ്രീണനവുമായി കേന്ദ്രസര്‍ക്കാര്‍. ചരിത്രത്തിലാദ്യമായി രാജ്യത്ത് സാമ്പത്തിക സംവരണം നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സാമ്പത്തിമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കസമുദായത്തില്‍പെട്ടവര്‍ക്കാണ് പത്ത് ശതമാനം സംവരണം നല്‍കുക. പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.  സാധാരണ ബുധനാഴ്ചയാണ് മന്ത്രിസഭാ യോഗം ചേരാറുള്ളത്. വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മുന്നാക്ക ജാതിക്കാര്‍ ബിജെപിക്കെതിരേ കടുത്ത നിലപാട് സ്വീകരിച്ചുവെന്ന് വിലയിരുത്തലിനെതുടര്‍ന്നാണ് കേന്ദ്രത്തിന്റെ സംവരണ തീരുമാനം. സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണു സംവരണം. ആകെ സംവരണം 50 ശതമാനത്തില്‍നിന്ന് 60 ശതമാനം ആക്കുന്നതിന് ഭരണഘടനാ ഭേദഗതി ചെയ്യാനാണ് കേന്ദ്ര തീരുമാനം. സംവരണം വ്യവസ്ഥ ചെയ്യുന്ന ബില്‍ നാളെത്തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണു സൂചന.

ആര്‍ട്ടിക്കിള്‍ 15, 16 എന്നിവ ഭേദഗതി ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ ബില്ല് കൊണ്ടുവരും. ഇതോടെ ജനറല്‍ കാറ്റഗറിയില്‍ വരുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭ്യമാകും. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പ്രധാന പാര്‍ട്ടികള്‍ ഉയര്‍ന്ന ജാതിക്കാരുടെ സംവരണത്തെ എതിര്‍ക്കാന്‍ സാധ്യതയില്ലെന്നാണ് അനുമാനം.

അതിനിടെ, കേന്ദ്രസര്‍ക്കാര്‍ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മന്ത്രി എകെ ബാലന്‍ പ്രതികരിച്ചു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞ കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പിന്നാക്കക്കാരുടെ സംവണരത്തില്‍ കുറവ് വരുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: