പാല്‍ചുരത്തില്‍ അനധികൃത റിസോര്‍ട്ട് നിര്‍മാണം: ഭരണ സ്വാധീനമെന്ന് നാട്ടുകാര്‍
45 ഡിഗ്രിയിലധികം ചരിവുള്ള പ്രദേശങ്ങളില്‍ കാര്‍ഷികാവശ്യങ്ങള്‍ക്ക് പോലും മണ്ണ് നീക്കം ചെയ്യാന്‍ അനുമതിയില്ലാത്ത പ്രദേശമാണിത്. ഉരുള്‍പൊട്ടലുകള്‍ പതിവുള്ള കൊട്ടിയൂരിലെ ഈ വനമേഖല ആനത്താര പദ്ധതി പ്രദേശത്താണുള്ളത്.
കണ്ണൂര്‍: കേളകം പാല്‍ച്ചുരം ലങ്കയിലെ പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് അനധികൃത റിസോര്‍ട്ട് നിര്‍മാണം. പഞ്ചായത്തിന്റെയോ ജില്ലാ ടൗണ്‍ പ്ലാനിങ് ഓഫിസറുടെയും അനുമതിയില്ലാതെയാണ് നിര്‍മാണം പുരോഗമിക്കുന്നത്. റവന്യു അധികൃതര്‍ സ്‌റ്റോപ്പ് മെമോ നല്‍കിയിട്ടും നിര്‍മാണ പ്രവര്‍ത്തനം തകൃതിയായി നടക്കുകയാണ്.
പഞ്ചായത്തിന്റെയോ റവന്യു വകുപ്പിന്റെയോ അനുമതി കൂടാതെ കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തിയില്‍ കൂറ്റന്‍ റിസോര്‍ട്ട് നിര്‍മിക്കുന്നതിന് രാഷ്ട്രീയ, ഭരണ സ്വാധീനം ഉണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അനുമതിക്ക് അപേക്ഷ നല്‍കും മുന്‍പ് നിര്‍മാണം ആരംഭിച്ചതും സ്‌റ്റോപ് മെമ്മോ നല്‍കിയ ശേഷം നിര്‍മാണം തുടരുന്നതും നാട്ടുകാരുടെ ആരോപണത്തെ സാധൂകരിക്കുന്നതാണ്.
45 ഡിഗ്രിയിലധികം ചരിവുള്ള പ്രദേശങ്ങളില്‍ കാര്‍ഷികാവശ്യങ്ങള്‍ക്ക് പോലും മണ്ണ് നീക്കം ചെയ്യാന്‍ അനുമതിയില്ലാത്ത പ്രദേശമാണിത്. ഉരുള്‍പൊട്ടലുകള്‍ പതിവുള്ള കൊട്ടിയൂരിലെ ഈ വനമേഖല ആനത്താര പദ്ധതി പ്രദേശത്താണുള്ളത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സ്ഥല പരിശോധനക്ക് ശ്രമിച്ച പോലിസ് ഉദ്യോഗസ്ഥരെ റിസോര്‍ട്ടില്‍ പ്രവേശിക്കുന്നത് തടയാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. മഴക്കാലം ആരംഭിച്ചതോടെ ഈ കുന്നിന് താഴെയുള്ള പാല്‍ചുരം കോളനികളിലെ താമസക്കാരായ ആദിവാസികള്‍ ഭീതിയിലാണ്. ഒരു കുന്നാകെ ഇല്ലാതാക്കിയതിലൂടെ വന്‍ മണ്ണിടിച്ചില്‍ ഭീഷണിയും ഉരുള്‍പൊട്ടല്‍ ഭീഷണിയും നേരിടേണ്ട ഗതികേടിലാണ് തങ്ങളെന്ന് പാല്‍ചുരം കോളനിവാസികള്‍ പറയുന്നു.
റിസോര്‍ട്ട് നിര്‍മാതാക്കള്‍ ബാവലി പുഴക്ക് കുറുകെ തടയണ നിര്‍മിച്ചതിനാല്‍ പുഴ വറ്റി വരണ്ടുവെന്നും പുഴയോരത്തെ ജലസ്രോതസുകള്‍ നശിച്ചെന്നും ആദിവാസികള്‍ ചൂണ്ടി കാട്ടുന്നു. സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് നിര്‍ദേശം നില നില്‍ക്കുമ്പോഴാണ് നിര്‍മാണമത്രയും സുഗമമായി നടത്തുന്നത്. പരിസ്ഥിതി ലോലവും പരിസ്ഥിതി ദുര്‍ബലവുമായ മേഖലയില്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് ഇത്തരമൊരു നിര്‍മാണം നടന്നിട്ടും വനം വകുപ്പോ ജിയോളജി വകുപ്പോ തടയാന്‍ ശ്രമിക്കാതിരുന്നത് സംശയകരമാണെന്ന് നാട്ടുകാര്‍ പറയുന്നു.
പാല്‍ച്ചുരം വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയില്‍ നിര്‍മാണം നടക്കുന്ന സ്ഥലത്ത് ഗേറ്റ് നിര്‍മിച്ച് പ്രവേശനം തടഞ്ഞിരുന്നതിനാല്‍ തടയണനിര്‍മാണം പൊതുജനശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. അഞ്ചുമാസമായി നടത്തുന്ന റിസോര്‍ട്ട് നിര്‍മാണത്തിന് അനുമതിനല്‍കേണ്ടത് ജില്ലാ ടൗണ്‍ പ്ലാനിങ് ഓഫീസില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ചാണ്. എന്നാല്‍, ടൗണ്‍ പ്ലാനിങ് ഓഫീസില്‍നിന്ന് അനുമതിയില്ലാതെയാണ് ജനുവരി മുതല്‍ ഇവിടെ റോഡ് നിര്‍മിച്ച് പണിതുടങ്ങിയത്.

