ഇറാനെതിരായ ആക്രമണത്തില്‍ സഹായിച്ചില്ല; നാറ്റോ വിടുമെന്ന ഭീഷണിയുമായി ട്രംപ്
വാഷിങ്ടണ്‍: നാറ്റോ വെറും കടലാസ് പുലിയാണെന്നും നാറ്റോയില്‍ നിന്ന് യുഎസിനെ പിന്‍വലിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുകെയിലെ ദി ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് നാറ്റോ വിടുമെന്ന ഭീഷണി മുഴക്കിയത്.
''ഓ, അതെ, അത് ഗൗരവമായി ചിന്തിക്കുന്നുണ്ട്. നാറ്റോ എന്നെ ഒരിക്കലും സ്വാധീനിച്ചിട്ടില്ല. അവര്‍ ഒരു കടലാസ് കടുവയാണെന്ന് എനിക്കറിയാമായിരുന്നു, പുടിനും അത് അറിയാം.' ട്രംപ് പറഞ്ഞു.
യുദ്ധത്തിന് പിന്തുണ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് നാറ്റോ സഖ്യകക്ഷികള്‍ക്കെതിരെ ട്രംപ് ആക്ഷേപം തുടങ്ങിയത്. ഹോര്‍മുസ് കടലിടുക്കിലേക്ക് സൈന്യത്തെ അയയ്ക്കാന്‍ വിസമ്മതിച്ചതിന് നാറ്റോ രാജ്യങ്ങളെ ''ഭീരുക്കള്‍'' എന്ന് വിളിച്ചിരുന്നു.
ഇറാനെതിരായ യുദ്ധത്തില്‍ നാറ്റോ രാജ്യങ്ങള്‍ യുഎസിനെ പിന്തുണയ്ക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഈ പ്രസ്താവന. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ നാറ്റോ രാജ്യങ്ങള്‍ അവരുടെ യുദ്ധക്കപ്പലുകള്‍ അയയ്ക്കണമെന്ന് അമേരിക്ക ആഗ്രഹിച്ചു പക്ഷേ അവര്‍ വിസമ്മതിച്ചെന്നും ട്രംപ് പറഞ്ഞു.
അമേരിക്ക എപ്പോഴും സഖ്യകക്ഷികള്‍ക്കൊപ്പം നിന്നിട്ടുണ്ട്, എന്നാല്‍ ആരും അമേരിക്കക്കൊപ്പം നിന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഇറാനെതിരായ യുദ്ധത്തില്‍ പങ്കെടുക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ വിസമ്മതിച്ചതായും ട്രംപ് പറഞ്ഞു.
ഇറാനെതിരായ പോരാട്ടത്തില്‍ പങ്കുചേരാന്‍ നാറ്റോ രാജ്യങ്ങള്‍ തയ്യാറല്ലെന്നും എന്നാല്‍ ഉയര്‍ന്ന എണ്ണവിലയെക്കുറിച്ച് ഇപ്പോഴും പരാതിപ്പെടുന്നുണ്ടെന്നും ട്രംപ് പരാതിപ്പെട്ടു.
ഫെബ്രുവരി 28 ന് യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ ആരംഭിച്ചതിനുശേഷം സംഘര്‍ഷം ആഗോള വിപണികളെ പിടിച്ചുലച്ചു. ആയിരക്കണക്കിന് ആളുകളെ വധിച്ചു. ദശലക്ഷക്കണക്കിന് ആളുകളെ അഭയാര്‍ത്ഥി ക്യാംപുകളെത്തിച്ചു. ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതോടെ ആഗോള സാമ്പത്തിക മേഖല തകര്‍ന്നു. ഇതോടെ, യുദ്ധത്തിനെതിരേ വിവിധ രാജ്യങ്ങള്‍ രംഗത്തെത്തി.
