പണിമുടക്ക്: രണ്ടാം ദിനവും തീവണ്ടികള്‍ തടഞ്ഞു; വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു

കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും രണ്ടാം ദിവസവും സര്‍വീസ് നടത്തിയില്ല. തീവണ്ടികള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും രണ്ടാം ദിവസവും സമരാനുകൂലികള്‍ തീവണ്ടികള്‍ തടഞ്ഞു.

Update: 2019-01-09 04:07 GMT
കൊച്ചി: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം ജനജീവിതം സാധാരണ നിലയിലേക്ക്. കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങി. ആദ്യ ദിവസത്തിലേക്കാള്‍ കുടുതല്‍ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും രണ്ടാം ദിവസവും സര്‍വീസ് നടത്തിയില്ല. തീവണ്ടികള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും രണ്ടാം ദിവസവും സമരാനുകൂലികള്‍ തീവണ്ടികള്‍ തടഞ്ഞു. എറണാകുളം നോര്‍ത്തിലും കളമശേരിയിലാണ് ഇന്ന് രാവിലെ സമരാനുകൂലികള്‍ തീവണ്ടി തടഞ്ഞത്. കോട്ടയം നിലമ്പൂര്‍ പാസഞ്ചര്‍ തീവണ്ടിയാണ് കളമശേരിയില്‍ തടഞ്ഞത്. പാലരുവി എക്‌സപ്രസാണ് എറണാകുളം നോര്‍ത്തില്‍് തടഞ്ഞത്. പിന്നീട് പോലീസെത്തി സമരക്കാരെ നീക്കിയതിനു ശേഷം തീവണ്ടി സര്‍വീസ് തുടര്‍ന്നു.എറണാകുളം,കോട്ടയം,ആലപ്പുഴ, തൃശൂര്‍ അടക്കമുളള മധ്യ കേരളത്തില്‍ ആദ്യ ദിവസത്തിലേക്കാള്‍ കുടുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുകയും സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങുകയും ചെയ്തു.കോട്ടയം നഗരത്തില്‍ സര്‍വീസിനിറങ്ങിയ ഓട്ടോകള്‍ തടയുന്ന സാഹചര്യം ഉണ്ടായി. രണ്ടു ദിവസത്തെ പണിമുടക്ക് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് വിദേശ രാജ്യങ്ങളില്‍ നിന്നടക്കം എത്തിയിരിക്കുന്ന വിനോദ സഞ്ചാരികളെയാണ്. എറണാകുളം, കോട്ടയം കുമരകം, ആലപ്പുഴ എന്നിവങ്ങളിലെ ടൂറിസം മേഖല രണ്ട് ദിവസമായി ഏതാണ്ട് സ്തംഭനാവസ്ഥയിലാണ്. റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ അടക്കുമുള്ള യാത്രക്കാര്‍ വാഹനം കിട്ടാതെ വലയുന്ന സാഹചര്യം ഉണ്ട്. ഏതാനും ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം ഹോട്ടലുകളും അടഞ്ഞു കിടക്കുകയാണ്. എറണാകുളത്ത് ആദ്യ ദിനത്തിലേക്കാള്‍ കടകളും മറ്റും രണ്ടാം ദിവസം തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യ ദിവസം തുറക്കാത്ത സ്ഥാപനങ്ങളും ഇന്ന് തുറക്കുമെന്നാണ് സ്ഥാപന ഉടമകള്‍ പറയുന്നത്.
Tags:    

Similar News