ഇഡിക്കെതിരേ തോമസ് ഐസക്: ഇഡി കോമാളി സംഘമെന്ന് ഐസക്

ഇഡിക്ക് കിഫ്ബിയെ ഒന്നും ചെയ്യാനാവില്ലെന്ന് ധനമന്ത്രി

Update: 2021-03-03 07:34 GMT

തിരുവനന്തപുരം: കിഫ്ബിയെ ഇഡിയ്ക്ക് ഒരു ചുക്കും ചെയ്യാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തന്റെ കീഴിലുള്ള ഇഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. അവരുടെ അറിവോടെയാണ് ഈ നീക്കങ്ങള്‍. കിഫ്ബിയെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇഡി ഒരു കോമാളി സംഘമാണെന്നും തോമസ് ഐസക് തിരുവനന്തപുരത്ത് പറഞ്ഞു.

കേസരി ഹാളില്‍ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു കെയുഡബ്ലിയുജെ ജില്ല കമ്മിറ്റിയും കേസരി ജേണലിസ്റ്റ് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച മീറ്റ് ദ് പ്രസ്സ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇഡിയുടെ നീക്കങ്ങളെ ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കും. കിഫ്ബി എന്താണെന്ന് പോലും എന്‍ഫോര്‍സ്‌മെന്റ് ഡയറേക്റ്റിന് അറിയില്ല. ഭീഷണിപ്പെടുത്തി ഒന്നും ചെയ്യാനാവില്ല. കേന്ദ്രം സംസ്ഥാനവുമായി ഏറ്റുമുട്ടാനാണ് തീരുമാനമെങ്കില്‍ പേടിച്ച് പിന്മാറില്ല. ഇത് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. ഉദ്യോഗസ്ഥരെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബിയ്‌ക്കെതിരെ ഇഡി കേസെടുത്ത പശ്ചാത്തലത്തിലായിരുന്നു ഐസക്കിന്റെ വിമര്‍ശനം.

Tags:    

Similar News