തൊടുപുഴയിലെ ഏഴുവയസുകാരന്റെ മരണം തലയ്‌ക്കേറ്റ മാരകക്ഷതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

കുട്ടിയുടെ മരണകാരണം തലയ്‌ക്കേറ്റ മാരകമായ ക്ഷതം മൂലമാണെന്നാണ് പ്രാഥമിക റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. തലയ്ക്ക് മുന്നിലും പിന്നിലും ചതവുണ്ട്. തലയോട്ടിയുടെ വലതുഭാഗത്താണ് പൊട്ടല്‍. തലയ്ക്ക് മാത്രമല്ല, വാരിയെല്ലിനും പൊട്ടലുണ്ട്. കുട്ടിയുടെ ശരീരത്തില്‍ ബലമായി ഇടിച്ചതിന്റെ പാടുകളുമുണ്ട്. വീഴ്ചയില്‍ സംഭവിക്കുന്ന പരിക്കുകളല്ല ഇത്. അതിനേക്കാള്‍ ഗുരുതരമാണെന്നും പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപോര്‍ട്ടില്‍ പറയുന്നു.

Update: 2019-04-06 15:01 GMT

പ്രതി അരുണ്‍ കുട്ടിയുടെ ചികില്‍സ വൈകിപ്പിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്ത്

ഇടുക്കി: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനമേറ്റ് മരിച്ച ഏഴുവയസുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നു. കുട്ടിയുടെ മരണകാരണം തലയ്‌ക്കേറ്റ മാരകമായ ക്ഷതം മൂലമാണെന്നാണ് പ്രാഥമിക റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. തലയ്ക്ക് മുന്നിലും പിന്നിലും ചതവുണ്ട്. തലയോട്ടിയുടെ വലതുഭാഗത്താണ് പൊട്ടല്‍. തലയ്ക്ക് മാത്രമല്ല, വാരിയെല്ലിനും പൊട്ടലുണ്ട്. കുട്ടിയുടെ ശരീരത്തില്‍ ബലമായി ഇടിച്ചതിന്റെ പാടുകളുമുണ്ട്. വീഴ്ചയില്‍ സംഭവിക്കുന്ന പരിക്കുകളല്ല ഇത്. അതിനേക്കാള്‍ ഗുരുതരമാണെന്നും പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ ആന്തരികാവയവങ്ങള്‍ വിദഗ്ധപരിശോധനയ്ക്കായി അയക്കും. ഇതിനുശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവും. കോട്ടയം മെഡിക്കല്‍ കോളജിലാണ് കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.


 അതിനിടെ, ക്രൂരമര്‍ദനമേറ്റ കുട്ടിയുടെ ചികില്‍സ മനപ്പൂര്‍വം വൈകിപ്പിക്കാന്‍ അമ്മയുടെ സുഹൃത്തും മുഖ്യപ്രതിയുമായ തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദ് ശ്രമിച്ചതിന് തെളിവുകള്‍ പുറത്തുവന്നു. തൊടുപുഴ ആശുപത്രിയിലെ സിസി ടിവി ദൃശ്യങ്ങളില്‍നിന്നാണ് അരുണിന്റെ ക്രൂരതകള്‍ പുറംലോകമറിഞ്ഞത്. തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ച കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുന്നതിനെ അരുണ്‍ എതിര്‍ത്തു.

കുട്ടിക്കൊപ്പം അരുണ്‍ ആംബുലന്‍സില്‍ കയറാന്‍ തയ്യാറായില്ല. കുട്ടിയുടെ അമ്മയെയും ആംബുലന്‍സില്‍ കയറാന്‍ അരുണ്‍ അനുവദിച്ചില്ല. ആശുപത്രി അധികൃതരുമായി തര്‍ക്കിച്ച് വിലപ്പെട്ട അരമണിക്കൂര്‍ നേരമാണ് അരുണ്‍ പാഴാക്കിയത്. മദ്യലഹരിയിലാണ് അരുണ്‍ ആശുപത്രിയിലെത്തിയത്.

പ്രതി അരുണ്‍ ആനന്ദ് ഡ്രൈവ് ചെയ്താണു പരിക്കേറ്റ കുട്ടിയുമായി യുവതിക്കൊപ്പം ആശുപത്രിയിലെത്തിയത്. ഷര്‍ട്ട് അഴിച്ചിട്ടിരുന്ന അരുണിന്റെ കാലുകള്‍ നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല. അരമണിക്കൂറിനുള്ളില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്കു സജ്ജരായെത്തിയെങ്കിലും അരുണ്‍ ആനന്ദ് ഡോക്ടര്‍മാരുമായി വഴക്കിട്ട് സമയം വൈകിപ്പിച്ചു. അമ്മയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും ഫോണ്‍ വിളിച്ച് ആശുപത്രിക്കു ചുറ്റിലും നടക്കുകയായിരുന്നു യുവതിയെന്ന് അധികൃതര്‍ പറയുന്നു. കുട്ടിയുടെ നില അതീവഗുരുതരമാണെന്ന് ബോധ്യപ്പെട്ട ഡോക്ടര്‍മാര്‍ ഉടന്‍ ശസ്ത്രക്രിയ വേണമെന്ന് ഇവരോട് ആവശ്യപ്പെട്ടു. എന്നാല്‍, അരുണ്‍ ഇതിനോട് യോജിച്ചില്ല. സമ്മതപത്രം ഒപ്പിട്ടുനല്‍കാനും തയ്യാറായില്ല.  ശസ്ത്രക്രിയയ്ക്കുള്ള സമ്മതപത്രം ഒപ്പിടാന്‍ യുവതിയും വിസമ്മതിച്ചു. പിന്നീട് ഡോക്ടര്‍മാര്‍ വീട്ടിലുള്ള മറ്റുള്ളവരുടെ ഫോണ്‍നമ്പര്‍ ചോദിച്ചു. ഫോണിലൂടെ എങ്കിലും സമ്മതം കിട്ടിയാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു.

എന്നാല്‍, ഇതിന് വഴങ്ങാതെ അധികൃതരോട് തര്‍ക്കിക്കുകയാണ് ഇരുവരും ചെയ്തത്. സംശയം തോന്നിയതോടെ ആശുപത്രി അധികൃതര്‍ പോലിസിനെ വിളിച്ചുവരുത്തി. പോലിസുകാരോട് അരുണ്‍ ആനന്ദും യുവതിയും പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കിയതോടെ ദുരൂഹത ഉറപ്പിച്ചു. തര്‍ക്കത്തിനൊടുവില്‍ അരുണിനെ പോലിസ് ബലമായി ആംബുലന്‍സില്‍ കയറ്റി. കാറില്‍ കയറാന്‍പോയ യുവതിയെയും പോലിസ് നിര്‍ബന്ധിച്ച് ആംബുലന്‍സില്‍ കയറ്റുകയായിരുന്നു. മര്‍ദനം നടന്ന് മുക്കാല്‍ മണിക്കൂറിന് ശേഷമാണ് കുട്ടിയെ കൊണ്ടുവന്നത്. ആശുപത്രിയില്‍ തര്‍ക്കിച്ചതുള്‍പ്പടെ ഒന്നര മണിക്കൂര്‍ സമയം കുട്ടിക്ക് വിദഗ്ധചികില്‍സ ലഭിക്കാന്‍ വൈകിയെന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കോലഞ്ചേരി ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്താല്‍ ജീവന്‍ നിലനിര്‍ത്തിയിരുന്ന കുട്ടിയുടെ മരണം ഇന്ന് രാവിലെ 11.35നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 

Tags:    

Similar News