ഡല്‍ഹി വംശീയാതിക്രമം: ഹിന്ദുത്വര്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചു; ഞെട്ടിപ്പിക്കുന്ന റിപോര്‍ട്ടുമായി 'ദ കാരവന്‍'

ഇതുസംബന്ധിച്ച പരാതികളില്‍ അന്വേഷണം നടത്താന്‍ പോലിസ് തയ്യാറായില്ലെന്നും 'ദ കാരവന്‍' തങ്ങളുടെ അന്വേഷണാത്മക റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Update: 2020-07-06 10:23 GMT

ന്യൂഡല്‍ഹി: ഫെബ്രുവരി അവസാനവാരം വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരായി നടന്ന വംശീയ അതിക്രമങ്ങളില്‍ ഹിന്ദുത്വ ആള്‍ക്കൂട്ടം വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതായി റിപോര്‍ട്ട്. കലാപവുമായി ബന്ധപ്പെട്ട പരാതികളുടെ പകര്‍പ്പുകള്‍ ഉദ്ധരിച്ച് 'ദ കാരവന്‍' ആണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുകൊണ്ടുവന്നത്.  ഇതുസംബന്ധിച്ച പരാതികളില്‍ അന്വേഷണം നടത്താന്‍ പോലിസ് തയ്യാറായില്ലെന്നും 'ദ കാരവന്‍' തങ്ങളുടെ അന്വേഷണാത്മക റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഹിന്ദുത്വ സംഘം നടത്തിയ വംശീയ അതിക്രമവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ മാധ്യമങ്ങളും ഇക്കാര്യം വിട്ടുകളയുകയോ മറച്ചുവയ്ക്കുകയോ ചെയ്തിട്ടുണ്ട്. വന്‍വിനാശകാരികളായ സ്‌ഫോടകവസ്തുക്കള്‍ ഹിന്ദുത്വ സംഘം നിര്‍ലോഭം ഉപയോഗിച്ചെന്ന് വ്യക്തമാക്കുന്ന നിരവധി പരാതികളാണ് പ്രദേശത്തെ മുസ്‌ലിംകള്‍ ഡല്‍ഹി പോലിസിനു മുന്നില്‍ സമര്‍പ്പിച്ചിട്ടുള്ളത്. സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ജനങ്ങളും ജീവനും കോടികളുടെ സ്വത്തും നശിപ്പിച്ചെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ ഡല്‍ഹിയിലെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ സമര്‍പ്പിച്ചിച്ച ഈ പരാതികളിലുണ്ട്.

ഹിന്ദുത്വരുടെ വന്‍തോതിലുള്ള സ്‌ഫോടക വസ്തു ഉപയോഗം വിട്ടുകളഞ്ഞ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്ത ഏക സ്‌ഫോടക വസ്തു ഉപയോഗമാവട്ടെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്റെ വീട്ടിന്റെ മട്ടുപ്പാവില്‍നിന്ന് കണ്ടെത്തിയെന്ന് പോലിസ് അവകാശപ്പെടുന്ന സ്‌ഫോടകവസ്തു മാത്രമാണ്.

വംശീയാതിക്രമത്തിനിടെ വടക്കുകിഴക്കന്‍ ഡല്‍ഹിയിയിലെ മുസ്തഫാബാദ്, ചന്ദ് ബാഗ്, കരാവല്‍ നഗര്‍ എന്നിവിടങ്ങളില്‍ ഹിന്ദുത്വ ആള്‍ക്കൂട്ടം പരസ്യമായും നിര്‍ഭയമായും സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചെന്ന് നിരവധി പരാതികളില്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, മൊഴി രേഖപ്പെടുത്തിയ പോലിസ് ഉദ്യോഗസ്ഥര്‍ ഹിന്ദുത്വ സംഘത്തിന്റെ ബോംബ് ഉപയോഗം സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ പരാതിക്കാരെ പ്രേരിപ്പിച്ചതായും ദ കാരവന്‍ റിപോര്‍ട്ട് ചെയ്യുന്നു.

അക്രമത്തിന് തൊട്ടുപിന്നാലെ നല്‍കിയ പരാതികളില്‍ പ്രതിയുടെ പേരും സ്‌ഫോടകവസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങളും ഒഴിവാക്കി പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത നിരവധി സംഭവങ്ങളും കലാപാനന്തരം ഡല്‍ഹിയില്‍ അരങ്ങേറിയിട്ടുണ്ടെന്ന് കലാപത്തിലെ ഇരകള്‍ പറയുന്നു.

പിന്നീട് മുസ്തഫാബാദിലെ ഈദ്ഗാഹ് മൈതാനത്ത് ദുരിതാശ്വാസ ക്യാംപില്‍ സ്ഥാപിച്ച പോലിസ് ഹെല്‍പ്പ് ഡെസ്‌കില്‍ പുതിയ പരാതികള്‍ നല്‍കിയെങ്കിലും അക്രമസമയത്തെ സ്‌ഫോടകവസ്തു ഉപയോഗത്തെക്കുറിച്ച് അന്വേഷണമൊന്നും ഉണ്ടായിട്ടില്ല.

തന്റെ കണ്‍മുന്നിലാണ് സഹോദരന്റെ ദേഹത്ത് അക്രമികള്‍ ബോംബ് വെച്ച് കെട്ടി സ്‌ഫോടനം നടത്തി കൊലപ്പെടുത്തിയതെന്ന് സ്വന്തം കടയും വീടും കൊള്ളയടിക്കപ്പെട്ട സലീം കസര്‍ ഡല്‍ഹി പോലിസിന് കൊടുത്ത മൊഴിയില്‍ പറയുന്നു.

'അവര്‍ പ്‌ളാസ്റ്റിക് ബാഗില്‍ നിന്ന് ഒരു ബോംബ് എടുത്ത് എന്റെ സഹോദരന്റെ ദേഹത്ത് വെച്ച് കെട്ടി. ആ ബോംബ് ശരീരത്തില്‍ നിന്ന് പൊട്ടിത്തെറിച്ച് സഹോദരന്റെ ശരീര ഭാഗങ്ങള്‍ തുണ്ടം തുണ്ടമായി ചിതറിത്തെറിച്ചു. അവന്റെ കാലില്‍ അവര്‍ ആ ബോംബുകള്‍ വെച്ചു കെട്ടുന്നത് ഞാനെന്റെ കണ്ണുകള്‍ കൊണ്ട് കണ്ടു'. ആ സമയം കൈകള്‍ കൂപ്പി അവന്‍ അവരോട് കെഞ്ചുകയായിരുന്നു. വെറുതെ വിടാന്‍ കെഞ്ചിയപ്പോള്‍ ഹെല്‍മെറ്റ് ധാരിയായ അവരിലൊരാള്‍ നിറയൊഴിക്കുകായിരുന്നുവെന്ന് സലീം കസര്‍ പറയുന്നു.

മോഹന്‍ നഴ്‌സിങ് ഹോമിന് മുകളില്‍ നിന്ന് ബോംബെറിഞ്ഞതിന് തെളിവായി കൈ നഷ്ടപ്പെട്ടത് കാണിച്ച അക്രം ഖാനോട് അത് കാറപകടത്തില്‍ പറ്റിയതാണെന്നായിരുന്നു ഡല്‍ഹി പോലിസിന്റെ മറുപടി'.

പൗരത്വ സമരം അടിച്ചമര്‍ത്താന്‍ ഹിന്ദുത്വരും ഡല്‍ഹി പോലിസും ചേര്‍ന്ന് നടത്തിയ ഡല്‍ഹി വംശീയാക്രമണത്തിന്റെ മോദി സര്‍ക്കാര്‍ മറച്ചു വെച്ച ഞെട്ടിക്കുന്ന പരാതികള്‍ ഒന്നൊന്നായി പുറത്തു കൊണ്ട് വന്ന 'കാരവന്‍' മാഗസിന്റെ പുതിയ വെളിപ്പെടുത്തലാണിത്.

'കാരവന്‍ ' മാഗസിനിലൂടെ പ്രഭിജിത് സിംഗ് എഴുതുന്ന ഡല്‍ഹി വംശീയാക്രമണ അന്വേഷണാത്മക റിപോര്‍ട്ടിന്റെ മൂന്നാം ഭാഗത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന റിപോര്‍ട്ടുകള്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്.

Tags:    

Similar News