പ്ലസ് വണ്‍ പ്രഖ്യാപനങ്ങള്‍ നടപ്പിലാവും വരെ സമര രംഗത്തുണ്ടാവും: എസ്ഡിപിഐ

വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിയമസഭയില്‍ നിര്‍ദ്ദേശിച്ച വഴികള്‍ ശാസ്ത്രീയമല്ല. ഇനിയും സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത് നിലവിലെ ക്ലാസ്സ് റൂമുകളേയും പഠന സംവിധാനങ്ങളേയും കാര്യമായി ബാധിക്കും.

Update: 2021-10-26 06:42 GMT

കോഴിക്കോട്: ഉപരി പഠനത്തിന് അര്‍ഹത നേടിയ പ്ലസ് വണ്‍, ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഉറപ്പു വരുത്തണമെന്ന് എസ്ഡിപിഐ ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിയമസഭയില്‍ നിര്‍ദ്ദേശിച്ച വഴികള്‍ ശാസ്ത്രീയമല്ല. ഇനിയും സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത് നിലവിലെ ക്ലാസ്സ് റൂമുകളേയും പഠന സംവിധാനങ്ങളേയും കാര്യമായി ബാധിക്കും.

തെക്കന്‍ കേരളത്തില്‍ 30 കുട്ടികള്‍ക്ക് ഒരു ക്ലാസ്സ് റൂം ലഭിക്കുമ്പോള്‍ വടക്കന്‍ കേരളത്തില്‍ 65 കുട്ടികള്‍ പഠിക്കണം. 40 കുട്ടികള്‍ക്ക് പഠിക്കാനുള്ള സംവിധാനം 65 കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ പഠനം ഗുണപ്രദമാവില്ല. റിസള്‍ട്ട് വന്ന ഉടന്‍ സീറ്റുകള്‍ ബാക്കിയുണ്ടെന്ന് പറഞ്ഞ മന്ത്രി ഇപ്പോള്‍ കുറവുണ്ടെന്ന് സമ്മതിച്ചിരിക്കുകയാണ്. ഇപ്പോള്‍ പ്രഖ്യാപിച്ച തീരുമാനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. അടുത്ത വര്‍ഷം വീണ്ടും മുറവിളി കൂട്ടണം.

നിലവിലുള്ള ഹൈസ്‌ക്കൂളുകള്‍ ഹയര്‍ സെക്കന്‍ഡറിയായി അപ്‌ഗ്രേഡ് ചെയ്യുക, പുതിയ സ്‌ക്കൂളുകളും ബാച്ചുകളും അനുവദിക്കുക, പ്ലസ് വണ്‍ ക്ലാസ്സുകള്‍ 40 കുട്ടികള്‍ക്ക് അനുവദിക്കുക, പ്ലസ്ടു കഴിഞ്ഞ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ബിരുദ സീറ്റുകള്‍ ഉറപ്പു വരുത്തുക, മലബാറിന്റെ സമഗ്ര വികസനത്തിന് സെക്രട്ടറിയേറ്റ് അനക്‌സ് കോഴിക്കോട് സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു എസ്ഡിപിഐ സമരം ശക്തമാക്കും. പ്രഖ്യാപനങ്ങള്‍ നടപ്പിലാവും വരെ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. സര്‍ക്കാര്‍ അവഗണനക്കെതിരേ ഒക്ടോബര്‍ 27ന് ജില്ലയിലെ 250 കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. മണ്ഡലം തലങ്ങളില്‍ ബഹുമുഖ പ്രതിഷേധങ്ങളും സംഘടിപ്പിക്കും

വാര്‍ത്താ സമ്മേളനത്തില്‍ ജില്ല ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി, ജില്ല സെക്രട്ടറി കെ ഷമീര്‍ , കോഴിക്കോട് സൗത്ത് മണ്ഡലം പ്രസിഡന്റ് കെ പി ജാഫര്‍ പങ്കെടുത്തു.

Tags:    

Similar News