കീഴടങ്ങാന്‍ മനസ്സില്ലാതെ താഴ്‌വര; നിസ്സഹകരണ സമരവുമായി കശ്മീര്‍ ജനത

സാധാരണ നില പുനസ്ഥാപിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ ജമ്മു കശ്മീര്‍ ഭരണകൂടം നിലവിലെ നിയന്ത്രണങ്ങള്‍ നീക്കി തുടങ്ങിയെങ്കിലും ജനങ്ങള്‍ പൂര്‍ണമായും നിസ്സഹരിക്കുകയാണെന്നാണ് അവിടെനിന്നുള്ള റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Update: 2019-10-13 05:09 GMT

ശ്രീനഗര്‍: കര്‍ഫ്യൂ ഏര്‍പ്പെടുത്തിയും വാര്‍ത്താവിനിമയ ഉപാധികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയും നേതാക്കളെ തുറങ്കിലടച്ചും പട്ടാളത്തേയും പോലിസിനേയും ഉപയോഗിച്ച് വരിഞ്ഞുമുറുക്കിയും ജമ്മു കശ്മീര്‍ ജനതയുടെ മേല്‍ സ്വന്തം താല്‍പര്യം അടിച്ചേല്‍പ്പിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടല്‍ പിഴയ്ക്കുന്നു. സാധാരണ നില പുനസ്ഥാപിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ ജമ്മു കശ്മീര്‍ ഭരണകൂടം നിലവിലെ നിയന്ത്രണങ്ങള്‍ നീക്കി തുടങ്ങിയെങ്കിലും ജനങ്ങള്‍ പൂര്‍ണമായും നിസ്സഹരിക്കുകയാണെന്നാണ് അവിടെനിന്നുള്ള റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


മൊബൈല്‍ ഫോണ്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ക്കിടയിലും പല പോലിസ് സ്‌റ്റേഷന്‍ പരിധികളിലും കര്‍ഫ്യൂ പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍, മിക്ക തെരുവുകള്‍ ഇപ്പോഴും വിജനമാണ്. ഈ വിജനമായ തെരുവുകള്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലമല്ലെന്നും ഇത് ജനങ്ങള്‍ സ്വയം ഏര്‍പ്പെടുത്തിയ നിസ്സഹകരണം മൂലമാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നുണ്ട്.കടകളും സ്ഥാപനങ്ങളും ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ആളുകള്‍ തെരുവുകളിലേക്ക് ഇറങ്ങുന്നില്ല. ഇത് സ്വയം അടിച്ചേല്‍പ്പിച്ച നിയന്ത്രണമാണ്, ഭരണകൂടം ചെയ്ത കാര്യമല്ലെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.


സര്‍ക്കാരിന്റെ കണക്ക്കൂട്ടലുകള്‍ മുഴുവന്‍ തെറ്റിച്ച് ജനങ്ങളിപ്പോള്‍ സര്‍ക്കാരിനെതിരായ സമരത്തിലാണെന്ന് കശ്മീര്‍ സന്ദര്‍ശിച്ച് വനിതാ സാമൂഹിക പ്രവര്‍ത്തകരുടെ വസ്തുതാന്വേഷണ റിപോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.കശ്മീരിലെ നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുമ്പോഴേക്കും കശ്മീരികള്‍ നിസ്സഹകരണ സമരം ശക്തിയാര്‍ജ്ജിക്കുകയാണെന്നാണ് റിപോര്‍ട്ട് പുറത്തുവിട്ട അനിരുദ്ധ് കലെ, ബ്രിനലെ ഡിസൂസ, രേവതി ലോള്‍, ശബ്‌നം ഹാശ്മി എന്നിവര്‍ ചൂണ്ടിക്കാട്ടിയത്. ഭരണഘടനയുടെ 370, 35 എ വകുപ്പുകള്‍ റദ്ദാക്കിയ നടപടി സുപ്രിംകോടതി തിരുത്തുന്നതുവരെ കടകമ്പോളങ്ങള്‍ തുറക്കേണ്ടെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കേണ്ടെന്നും ഒരു നേതൃത്വത്തിന്റേയും ആഹ്വാനമില്ലാതെ തന്നെ ജനങ്ങള്‍ സ്വയം തീരുമാനിച്ചിരിക്കുകയാണെന്ന് ശബ്‌നം ഹാശ്മി വ്യക്തമാക്കിയിരുന്നു.


സംസ്ഥാന പ്രമുഖ നേതാക്കളെ ഒന്നടങ്കം തുറങ്കിലടച്ചിട്ടും ജനങ്ങള്‍ സര്‍ക്കാരുമായും അതിന്റെ സംവിധാനങ്ങളുമായും നിസ്സഹകരിക്കാന്‍ തീരുമാനിച്ചതോടെ ഭയപ്പെടുത്തി കശ്മീരിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാമെന്ന കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിയിരിക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വ്യാപാരികള്‍ ഒന്നടങ്കം കടകള്‍ അടച്ച് ഈ നിസ്സഹകരണത്തിന്റെ ഭാഗമായിരിക്കുകയാണ്. ആരുടേയും ആഹ്വാനത്താല്‍ അല്ല ഈ നടപടിയെന്നും മറിച്ച് തങ്ങള്‍ ഓരോരുത്തരും ഒറ്റയ്ക്ക് എടുത്ത തീരുമാനമാണിതെന്നും അവര്‍ വ്യക്തമാക്കുന്നു.


ഇതെല്ലാം മറച്ചുപിടിച്ചാണ് കശ്മീരില്‍ പോയ ഒരു വിഭാഗം മാധ്യമങ്ങള്‍ എല്ലാം സാധാരണ നിലയിലാണെന്ന് പടച്ചുവിടുന്നതെന്നും ശബ്‌നം ഹാശ്മി കുറ്റപ്പെടുത്തിയിരുന്നു. തങ്ങളെ വഞ്ചിച്ച ഇന്ത്യയുമായി ഇനി വ്യാപാര ഇടപാട് വേണ്ടെന്ന നിലപാടിലാണ് അവര്‍. സ്വന്തം കച്ചവടത്തെക്കുറിച്ചോ മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ചോ അല്ല അവരുടെ വേവലാതിയെന്നും എടുത്തുകളഞ്ഞ അവകാശങ്ങള്‍ പുനസ്ഥാപിക്കന്നതിലാണെന്നും വസ്തുതാന്വേഷണ സംഘത്തിലെ രേവതി ലോള്‍ വ്യക്തമാക്കുന്നു.

സൈന്യത്തിന്റേയും പോലിസിന്റെയും മുമ്പില്‍വച്ചുപോലും ഇന്ത്യയ്‌ക്കെതിരേ പരസ്യമായി സംസാരിക്കാന്‍ അവര്‍ തുടങ്ങിയെന്നും അനിരുദ്ധ് കല പറഞ്ഞു. ജമ്മുവിലെ സ്ഥിതിയും വ്യത്യസ്ഥമല്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News