74000 തീപിടിത്തങ്ങള്‍; ഇരുണ്ട പുകയില്‍ പുതഞ്ഞ് ആമസോണ്‍ -വിദേശരാജ്യങ്ങള്‍ ഇടപെടേണ്ടെന്ന് ബ്രസീലിയന്‍ പ്രസിഡന്റ്

ഈ വര്‍ഷം ജനുവരി മുതല്‍ ആഗസ്ത് വരെയുള്ള മാസങ്ങളില്‍ത്തന്നെ ആമസോണ്‍ മേഖലയില്‍ 74,000ത്തിലധികം തീപിടിത്തങ്ങളാണ് ഉണ്ടായതെന്ന് പറയുന്നു. 2013നു ശേഷം ഉണ്ടായ റെക്കോര്‍ഡ് തീപിടുത്തമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.

Update: 2019-08-23 13:16 GMT

റിയോ ഡി ജനീറോ: ആമസോണ്‍ മഴക്കാടുകളില്‍ അഗ്‌നിബാധ അനിയന്ത്രിതമായി പടരുന്നതിനിടെ, പ്രശ്‌നത്തില്‍ വിദേശരാജ്യങ്ങള്‍ ഇടപെടേണ്ടെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സൊനരൊ. കര്‍ഷകര്‍ നിയമവിരുദ്ധമായി തീയിട്ടത് കൊണ്ടാവാം കാട്ടുതീ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ആമസോണ്‍ വനത്തിലെ തീ അന്താരാഷ്ട്ര പ്രതിസന്ധിയാണെന്ന് കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ പറഞ്ഞിരുന്നു. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് പുറത്തുവിട്ട ഉപഗ്രഹ വിവരങ്ങളനുസരിച്ച് 2018നെ അപേക്ഷിച്ച് 83 ശതമാനം വര്‍ധനവാണ് കാട്ടുതീയിലുണ്ടായിട്ടുള്ളത്.

ഈ വര്‍ഷം ജനുവരി മുതല്‍ ആഗസ്ത് വരെയുള്ള മാസങ്ങളില്‍ത്തന്നെ ആമസോണ്‍ മേഖലയില്‍ 74,000ത്തിലധികം തീപിടിത്തങ്ങളാണ് ഉണ്ടായതെന്ന് പറയുന്നു. 2013നു ശേഷം ഉണ്ടായ റെക്കോര്‍ഡ് തീപിടുത്തമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. ആഗസ്ത് 15 മുതല്‍ മാത്രം കഴിഞ്ഞദിവസം വരെ 9,500 ലധികം ഇടങ്ങളില്‍ കാട്ടുതീ ഉണ്ടായിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് അന്താരാഷ്ട്ര ഇടപെടല്‍ വേണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പറഞ്ഞത്. ഗ്രൂപ്പ് 7 രാജ്യങ്ങളുടെ യോഗം അടിയന്തിരമായി വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 'നമ്മുടെ വീട് കത്തിക്കൊണ്ടിരിക്കുകയാണ്. ആമസോണ്‍ മഴക്കാട്‌നമ്മുടെ ഗ്രഹത്തിന് ആവശ്യമായതിന്റെ 20 ശതമാനം ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കുന്ന ശ്വാസകോശം ആണ്,' എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

എന്നാല്‍ മക്രോണിന്റെ പ്രസ്താവന വ്യക്തിപരമായും രാഷ്ട്രീയപരമായുമുള്ള നേട്ടത്തിന് വേണ്ടിയാണെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് കുറ്റപ്പെടുത്തി. മക്രോണ്‍ അതിവൈകാരികതയോടെ പറഞ്ഞ വാക്കുകള്‍ കൊണ്ട് യാതൊരു പരിഹാരവും ഉണ്ടാവില്ലെന്നാണ് ബൊല്‍സൊനരൊ തിരിച്ചടിച്ചത്.

കാടിന് തീപിടിച്ചത് ചിലര്‍ മനപ്പൂര്‍വ്വം തീവച്ചത് കൊണ്ടാണെന്നാണ് ബൊല്‍സൊനരൊ ബുധനാഴ്ച പറഞ്ഞത്. എന്നാല്‍ ഈ ആരോപണത്തെ സാധൂകരിക്കുന്ന യാതൊരു തെളിവും അദ്ദേഹം പുറത്തുവിട്ടില്ല. പക്ഷെ വ്യാഴാഴ്ച, കര്‍ഷകരെയാണ് ഇക്കാര്യത്തില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയത്. മഴക്കാടുകള്‍ ഖനനത്തിനും കാര്‍ഷികാവശ്യങ്ങള്‍ക്കും കമ്പനികള്‍ക്ക് കെട്ടിടം പണിയുന്നതിനുമായി വിട്ടുകൊടുക്കണം എന്ന വാദക്കാരനാണ് ബോല്‍സൊനരൊ.

ആമസോണ്‍ മഴക്കാടുകളുടെ 60 ശതമാനവും ബ്രസീലിലാണ്. ഇത് നശിക്കുന്നത് ആഗോളതാപനത്തിലും മഴയുടെ ലഭ്യതയിലും വലിയ പ്രത്യാഘ്യാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ആമസോണ്‍ മഴക്കാടുകളില്‍ തുടരെത്തുടരെയുണ്ടാകുന്ന കാട്ടുതീകള്‍ക്ക് പിറകില്‍ മനുഷ്യകരങ്ങളെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കന്നുകാലികള്‍ക്ക് മേയാന്‍ പുല്‍മേടുകള്‍ വികസിപ്പിക്കുന്നതും കാട്ടുകൊള്ളക്കാരുമാണ് ഇത്തരം കാട്ടുതീകള്‍ക്ക് പിറകിലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം. വരള്‍ച്ചാ കാലങ്ങളില്‍ പോലും മഴക്കാടുകളാല്‍ സമ്പന്നമായ ആമസോണ്‍ കാടുകളില്‍ മനപ്പൂര്‍വമായ പ്രവര്‍ത്തനങ്ങളാണ് കാട്ടുതീ ഉണ്ടാക്കുന്നത്.

ഉപഗ്രഹചിത്രങ്ങള്‍ പ്രകാരം റോറൈമ സംസ്ഥാനം ഇരുണ്ട പുകയില്‍ പൊതിഞ്ഞ നിലയിലായിരുന്നതായി വ്യക്തമാണ്. സമീപസ്ഥലങ്ങളെ കൂടി ഈ കാട്ടുതീ വലിയതോതിലാണ് ബാധിച്ചിരിക്കുന്നത്. ഈ തീപിടുത്തങ്ങള്‍ ഇപ്പോള്‍ ബ്രസീലിലെ മറ്റ് പ്രദേശങ്ങളിലും വ്യാപകമായ സ്വാധീനം ചെലുത്തുന്നുണ്ട്. ആമസോണസ് സംസ്ഥാനത്ത് നിന്ന് അടുത്തുള്ള സംസ്ഥാനങ്ങളായ പാര, മാട്ടോ ഗ്രോസോ എന്നിവിടങ്ങളിലേക്ക് കൂടി പുക വ്യാപിക്കുകയാണ്. കൂടാതെ സാവോ പോളോയില്‍ കനത്ത പുക കാരണം സൂര്യനെ കാണാനാവാത്ത സ്ഥിതിയുമുണ്ടായി. ഈ നഗരം 3,200 കിലോമീറ്റര്‍ അകലെയാണ്.

സാധാരണഗതിയില്‍, ആമസോണിലെ വരണ്ട സീസണ്‍ ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയാണ്. സെപ്റ്റംബര്‍ അവസാനത്തോടെ അതേറ്റവും ഉയര്‍ന്ന നിലയിലെത്തുന്നു. എന്നാല്‍, സാധാരണ സീസണുകളിലുണ്ടാകുന്ന തരത്തിലുള്ള കാട്ടുതീയല്ല ഇപ്പോഴുണ്ടാകുന്നത്.

Tags: