ഫസല്‍ വധക്കേസ്: ആര്‍എസ്എസ്സുകാരനെക്കൊണ്ട് കള്ളമൊഴി പറയിപ്പിച്ചു; ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് സിബിഐ

കണ്ണൂര്‍ എസിപി പി പി സദാനന്ദന്‍, ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം എന്നിവര്‍ക്കെതിരേയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പി പി സദാനന്ദന്‍ ഫസല്‍ കേസ് അന്വേഷണ സമയത്ത് ഡിവൈഎസ്പിയായിരുന്നു. സിഐ കെ പി സുരേഷ് ബാബുവിനെതിരെയും നടപടിയെടുക്കണമെന്നും ഫസല്‍ കേസിലെ തുടരന്വേഷണ റിപോര്‍ട്ടില്‍ സിബിഐ നിര്‍ദേശിക്കുന്നു.

Update: 2021-11-17 15:39 GMT

കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധക്കേസില്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി സിബിഐ. ഫസല്‍ വധക്കേസില്‍ അന്വേഷണം നടത്തിയ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നാണ് സിബിഐയുടെ ആവശ്യം. ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ്സാണെന്ന് മറ്റൊരു കേസിലെ പ്രതിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ കുപ്പി സുബീഷിന്റെ മൊഴിയിലൂടെ സ്ഥാപിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് പോലിസിനെതിരേ സിബിഐയുടെ രംഗത്തുവന്നത്.

കണ്ണൂര്‍ എസിപി പി പി സദാനന്ദന്‍, ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം എന്നിവര്‍ക്കെതിരേയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ സിപിഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പി പി സദാനന്ദന്‍ ഫസല്‍ കേസ് അന്വേഷണ സമയത്ത് ഡിവൈഎസ്പിയായിരുന്നു. സിഐ കെ പി സുരേഷ് ബാബുവിനെതിരെയും നടപടിയെടുക്കണമെന്നും ഫസല്‍ കേസിലെ തുടരന്വേഷണ റിപോര്‍ട്ടില്‍ സിബിഐ നിര്‍ദേശിക്കുന്നു.

വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസില്‍ സുബീഷിനെ കസ്റ്റഡിയിലെടുത്ത് അന്യായമായി തടങ്കലില്‍വച്ചാണ് ഈ മൊഴി രേഖപ്പെടുത്തിയതെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. എസിപി പി പി സദാനന്ദന്‍, ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, സിഐ കെ പി സുരേഷ് ബാബു എന്നിവര്‍ ചേര്‍ന്ന് സുബീഷിന്റെ മൊഴിയിലൂടെ ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ്സാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. ഇതില്‍ പോലിസ് രേഖപ്പെടുത്തിയ മൊഴിയും ഫസല്‍ വധക്കേസിലെ സാഹചര്യങ്ങളും പൊരുത്തപ്പെടുന്നില്ലെന്ന് സിബിഐ വ്യക്തമാക്കുന്നു.

ഒരു ബൈക്കില്‍ നാലുപേര്‍ പോയി എന്നതാണ് സുബീഷിന്റെ മൊഴിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതൊരിക്കലും സാധ്യമാവില്ല. സുബീഷിനെ കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പുതന്നെ സിപിഎം അനുകൂല സാമൂഹിക മാധ്യമങ്ങളില്‍ കൊലപാതകത്തിന് പിന്നില്‍ സുബീഷാണെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതിന് ശേഷമാണ് വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസില്‍ സുബീഷിനെ പോലിസ് കസ്റ്റഡിയിലെടുക്കുന്നത്. കേസില്‍ പുതിയ തെളിവുകളില്ല. നിലവില്‍ കുറ്റം ചുമത്തപ്പെട്ടവര്‍ തന്നെയാണ് പ്രതികള്‍.

പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെടുന്ന റിപോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്നും സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ്സാണെന്ന സുബീഷിന്റെ മൊഴി പുറത്തുവന്നതോടെയാണ് ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍, തുടരന്വേഷണം നടത്തിയ സിബിഐ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ്സാണെന്ന വാദം തള്ളുകയും കാരായി രാജനും കാരായി ചന്ദ്രശേഖരനും അടക്കമുള്ളവര്‍ തന്നെയാണ് പ്രതികളെന്ന് കണ്ടെത്തുകയും ചെയ്തു. തുടരന്വേഷണ റിപോര്‍ട്ട് പുറത്തുവന്നതോടെയാണ് ഫസല്‍ വധക്കേസില്‍ സിപിഎമ്മിനെ രക്ഷപ്പെടുത്താനുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ കരുനീക്കങ്ങള്‍ മറനീക്കിയത്.

Tags: