ബാബരി പ്രശ്‌നപരിഹാരത്തിന് മൂന്നംഗ മധ്യസ്ഥ സമിതി; റിട്ട. ജഡ്ജി ഖലീഫുല്ല, ശ്രീ ശ്രീ രവിശങ്കര്‍, അഡ്വ. ശ്രീരാം പാഞ്ചു സമിതി അംഗങ്ങള്‍

ഫൈസബാദിലായിരിക്കും മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം. സമിതിയുടെ നടപടികള്‍ രഹസ്യമാക്കുന്നതില്‍ കോടതിയുടെ നിരീക്ഷണമുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

Update: 2019-03-08 05:57 GMT

ന്യൂഡല്‍ഹി: ബാബരി ഭൂമി കേസില്‍ സുപ്രിംകോടതി മധ്യസ്ഥ സംഘത്തെ നിയോഗിച്ചു. മൂന്ന് പേരടങ്ങുന്ന സമിതിയെയാണ് സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് മധ്യസ്ഥ ചര്‍ച്ചയ്ക്ക് നിയോഗിച്ചത്. സുപ്രിംകോടതി റിട്ട. ജഡ്ജി ഖലീഫുല്ലയാണ് സമിതി ചെയര്‍മാന്‍. ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പാഞ്ചു സമിതി അംഗങ്ങളാണ്. മധ്യസ്ഥസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഫൈസബാദിലായിരിക്കും മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം. സമിതിയുടെ നടപടികള്‍ രഹസ്യമാക്കുന്നതില്‍ കോടതിയുടെ നിരീക്ഷണമുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ നാലു ആഴ്ചകള്‍ക്കകം തുടങ്ങി എട്ട് ആഴ്ചള്‍ക്കകം അവസാനിക്കും. കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്താന്‍ സമിതിക്ക് അധികാരമുണ്ട്. കൂടുതല്‍ നിയമസഹായം വേണമെങ്കിലും ആവശ്യപ്പെടാം. ഫൈസാബാദില്‍ സമിതിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോടതി നിര്‍ദേശം നല്‍കി. മസ്ജിദ് ഭൂമി വിഷയം മധ്യസ്ഥചര്‍ച്ചയ്ക്ക് വിടുന്നതിനുള്ള വാദം ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. മധ്യസ്ഥനിയമനത്തെ കേസില്‍ കക്ഷികളായ സന്യാസി സഭ നിര്‍മോഹി അഖാരയും സുന്നി വഖ്ഫ് സമിതിയും മുസ്്‌ലിം സംഘടനകളും അനുകൂലിച്ചപ്പോള്‍ ഹിന്ദുത്വ സംഘടനകള്‍ എതിര്‍ത്തിരുന്നു. ഭൂമി സംബന്ധിച്ച മുഖ്യകേസ് ഫെബ്രുവരി 26ന് സുപ്രിംകോടതി എട്ടാഴ്ചത്തേക്ക് മാറ്റിയിരുന്നു.

Tags:    

Similar News