പാമ്പുകടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം: ജില്ലാ ജഡ്ജി സ്‌കൂളില്‍ പരിശോധന നടത്തി; കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാവുമെന്ന് മുന്നറിയിപ്പ്

ഹൈക്കോടതി ജഡ്ജിയുടെ നിര്‍ദേശപ്രകാരം വയനാട് ജില്ലാ സെഷന്‍സ് ജഡ്ജി ജസ്റ്റിസ് എ ഹാരിസ് ബത്തേരിയിലെ ഗവ. സര്‍വജന വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നേരിട്ടെത്തി പരിശോധന നടത്തി. ജഡ്ജിക്കൊപ്പം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍പേഴ്‌സനുമുണ്ടായിരുന്നു.

Update: 2019-11-22 05:05 GMT

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയിലെ സ്‌കൂളില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിക്കാനിടയായ സംഭവത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. ഹൈക്കോടതി ജഡ്ജിയുടെ നിര്‍ദേശപ്രകാരം വയനാട് ജില്ലാ സെഷന്‍സ് ജഡ്ജി ജസ്റ്റിസ് എ ഹാരിസ് ബത്തേരിയിലെ ഗവ. സര്‍വജന വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നേരിട്ടെത്തി പരിശോധന നടത്തി. ജഡ്ജിക്കൊപ്പം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍പേഴ്‌സനുമുണ്ടായിരുന്നു. വിദ്യാര്‍ഥി മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവുമെന്ന് ജില്ലാ ജഡ്ജി മുന്നറിയിപ്പ് നല്‍കി. പ്രഥമദൃഷ്ട്യാ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി ബോധ്യപ്പെട്ടു.

സ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുണ്ടോയെന്ന് പരിശോധിക്കും. ഇത്തരത്തിലൊരു സംഭവം എങ്ങനെയുണ്ടായി, ആരൊക്കെയാണ് കൂട്ടുനിന്നത്, ഭാവിയില്‍ ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ എന്നിവ ഉള്‍പ്പെടുത്തി ഹൈക്കോടതിക്ക് റിപോര്‍ട്ട് സമര്‍പ്പിക്കും. ഇനി ഇങ്ങനെയൊരു ദുരവസ്ഥയുണ്ടാവരുത്. ഇതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍, ഡിഇഒ, എഇഒ എന്നിവര്‍ പങ്കെടുക്കുന്ന ഉന്നതതല യോഗം ഇന്ന് ഉച്ചയ്ക്ക് 2.30ന് വിളിച്ചുചേര്‍ക്കും. കൂടാതെ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലെ അധികാരികളെയും വിളിച്ചിട്ടുണ്ട്. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാവും. നടപടി ഇവിടെക്കൊണ്ട് അവസാനിക്കുന്നതല്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ഗവ. സര്‍വജന വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പരിസരവും ജില്ലാ ജഡ്ജി വിശദമായി പരിശോധിച്ചു. കുട്ടി മരിക്കാനിടയായ ക്ലാസ് മുറിയിലും ശുചിമുറികളിലും പരിശോധന നടത്തി. പല സ്ഥലങ്ങളിലും ചിതല്‍പ്പുറ്റ് രൂപപ്പെട്ടിരിക്കുന്നതും കാണാതായി. ഇതെന്താണെന്ന് അധ്യാപകരോട് ജില്ലാ ജഡ്ജി ചോദിക്കുകയും ചെയ്തു. സ്‌കൂളിന്റെ അവസ്ഥയില്‍ ജില്ലാ ജഡ്ജി അധ്യാപകരെ പരസ്യമായി ശാസിക്കുകയും ചെയ്തു. കുട്ടിയുടെ രക്ഷകര്‍ത്താക്കളെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചശേഷമാണ് ജില്ലാ ജഡ്ജി മടങ്ങിയത്. 

Tags:    

Similar News