കാട്ടാനകള്‍ പെറ്റുപെരുകുന്നു; നേരിടാന്‍ പുതിയ തന്ത്രങ്ങളുമായി സിംബാബ്‌വെക്കാർ (ചിത്രങ്ങൾ)
ശ്രീവിദ്യ കാലടി
മനുഷ്യനും വന്യജീവിയും സമ്പര്‍ക്കത്തില്‍ വരുന്നിടത്തെല്ലാം സംഘര്‍ഷങ്ങള്‍ ഉടലെടുക്കും. സ്വയരക്ഷക്ക് വേണ്ടി ഒന്ന് മറ്റൊന്നിനെ ആക്രമിക്കും. തന്നെക്കാള്‍ ശക്തിയുള്ള ജിവിക്കു മുന്നില്‍ മറ്റൊന്നിന് ജീവന്‍ നഷ്ടമാകും. മനുഷ്യന്‍ പിറവി കൊണ്ട കാലം തൊട്ടേ ഇത്തരത്തില്‍ സംഘട്ടനങ്ങള്‍ തുടര്‍ന്നു പോന്നു. വന്യജീവി മനുഷ്യന് വിഷയമല്ലാതായി മാറുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെ എത്തിക്കാന്‍ മനുഷ്യന്‍ പലപ്പോഴും ശ്രമിച്ചു കൊണ്ടിരുന്നു, അതിപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു. അത്തരത്തില്‍ ഈ വിഷയത്തില്‍ മാറ്റമുണ്ടാക്കാവുന്ന മാതൃക പകര്‍ന്നു നല്‍കുകയാണ് ആഫ്രിക്കന്‍ രാജ്യങ്ങളിലൊന്നായ സിംബാബ്‌വെ.
ജിപിഎസ് കോളറുകള്‍ ഉപയോഗിച്ച് ആനകളെ ട്രാക്ക് ചെയ്യുന്നതിനുള്ള പുതിയ സംവിധാനം കഴിഞ്ഞ വര്‍ഷം സിംബാബ്‌വെ ഹ്വാംഗ്വേ പാര്‍ക്കും വന്യജീവി മാനേജ്‌മെന്റ് അതോറിറ്റിയും ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അനിമല്‍ വെല്‍ഫെയറും ചേര്‍ന്ന് ആരംഭിച്ചു.
കാലാവസ്ഥ വ്യതിയാനം മൂലം, ഭക്ഷണത്തിനും വെള്ളത്തിനുമുള്ള മല്‍സരം കടുക്കുമ്പോള്‍ ആനകളും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ പതിവാകും. ഇത് തടയാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് സംവിധാനം.
തുടങ്ങിയപ്പോള്‍ നിരവധി വെല്ലുവിളികള്‍ നിറഞ്ഞ സംവിധാനം ഇന്ന് മെച്ചപ്പെട്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. സിംബാബ്‌വെയിലെ ആനകളുടെ എണ്ണം ഏകദേശം 100,000 ആണെന്ന് കണക്കാക്കപ്പെടുന്നു.
കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി രാജ്യം ആനകളെ കൊന്നൊടുക്കിയിട്ടില്ല. വന്യജീവി സംരക്ഷണ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം മൂലവും ആനവേട്ട ചെലവേറിയതിനാലുമാണ് ഇത് സംഭവിക്കുന്നതെന്ന് ഉദ്യോഗസ്ഥനായ ടിനാഷെ ഫറാവോ പറഞ്ഞു. ആനകള്‍, സിംഹങ്ങള്‍, കഴുതപ്പുലികള്‍ തുടങ്ങിയ വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷത്തില്‍ 2025 ജനുവരി മുതല്‍ ഏപ്രില്‍ വരെ സിംബാവെയിലുടനീളം 18 പേരാണ് കൊല്ലപ്പെട്ടത്. ഇക്കാലയളവില്‍ പാര്‍ക്കിലെ അധികാരികള്‍ 158 മൃഗങ്ങളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. അപകടം പിടിച്ച മൃഗങ്ങളെയാണ് ഇത്തരത്തില്‍ കൊന്നതെന്ന് ടിനാഷെ ഫറാവോ പറയുന്നു.
കാട്ടാനകളെ നേരിടാനുള്ള പരമ്പരാഗത രീതികള്‍ക്ക് സമാനമായ രീതിയാലാണ് പുതിയ സാങ്കോത്ക വിദ്യയും പ്രയോഗിക്കു്‌നനത്. ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അനിമല്‍ വെല്‍ഫെയറിന്റെ എര്‍ത്ത് റേഞ്ചര്‍ പ്ലാറ്റ്‌ഫോം വഴി, കോളര്‍ ഘടിപ്പിച്ച ആനകളെ തല്‍സമയം ട്രാക്ക് ചെയ്യുന്നു. ഈ ഡാറ്റ , വളണ്ടിയേര്‍സ് ജനങ്ങളുടെ ഫോണിലേക്ക് സന്ദേശങ്ങള്‍ കൈമാറും. ശാസ്ത്രീയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്ലാറ്റ്‌ഫോം സുരക്ഷ ഉറപ്പാക്കുന്നതെന്ന് പാര്‍ക്ക്‌സ് ഏജന്‍സി ഡയറക്ടര്‍ എഡ്‌സണ്‍ ഗാണ്ടിവ പറഞ്ഞു. വിവിധ പ്രദേശങ്ങളില്‍ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഈ പ്ലാറ്റഫോമുകളില്‍ രോഖപ്പെടുത്തുന്നു.
വിളനാശം, സിംഹങ്ങള്‍, കഴുതപ്പുലികള്‍ തുടങ്ങിയ മൃഗങ്ങളില്‍ നിന്ന് മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും നേരെയുള്ള ആക്രമണം, വന്യജീവികള്‍ക്ക് നേരെയുള്ള മനുഷ്യരുടെ പ്രത്യാക്രമണം തുടങ്ങിയ സംഭവങ്ങളും പ്ലാറ്റഫോമില്‍ രേഖപ്പെടുത്തുന്നു. പ്രാദേശിക വളണ്ടിയര്‍മാരുടെ സ്ഥാനവും ഇത് ട്രാക്ക് ചെയ്യുന്നു.
'വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘര്‍ങ്ഹള്‍ ഞങ്ങൾക്ക് ഇപ്പോൾ അറിയാൻ കഴിയും,' ഫീല്‍ഡ് ഓപ്പറേഷന്‍സ് മാനേജര്‍ ആര്‍നോള്‍ഡ് ഷിപ പറഞ്ഞു.
'എന്നും രാവിലെ ഞാന്‍ എന്റെ ബൈക്കും ഗാഡ്‌ജെറ്റും എടുത്ത് റോഡിലേക്ക് ഇറങ്ങുമെന്ന് പ്രാദേശിക വളണ്ടിയറായ സിബന്ദ പറഞ്ഞു. ഫോണില്‍ ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ള ഡാറ്റകള്‍ ശേഖരിക്കുകയും മിനിറ്റുകള്‍ക്കുള്ളില്‍ റേഞ്ചര്‍മാര്‍ക്കും ഗ്രാമീണര്‍ക്കും അലേര്‍ട്ടുകള്‍ പോകുമെന്നും അദ്ദേഹം പറയുന്നു.
ഫോട്ടോ: സിബന്ദ (പ്രാദേശിക വളണ്ടിയർ )
അതേസമയം, ദേശീയോദ്യാനത്തിനടുത്തുള്ള ഗ്രാമങ്ങളിലേക്ക് ആനക്കൂട്ടം നീങ്ങുന്നതായി ജിപിഎസ് അലേര്‍ട്ടുകള്‍ കാണിക്കുമ്പോള്‍, ഫോണുകളോ നെറ്റ്‌വര്‍ക്ക് ആക്‌സസ്സോ ഇല്ലാത്ത പ്രദേശത്തെ താമസക്കാരെ അറിയിക്കാന്‍ സിബന്ദ വണ്ടിയിൽ നേരിട്ടെത്തും.
ആനകളെ ഓടിക്കാന്‍ പാത്രങ്ങളില്‍ മുട്ടുകയോ, ഉച്ചയെടു്ക്കുകയോ ചാണകം കത്തിക്കുകയോ ആണ് മുന്‍കാലങ്ങളില്‍ സിംബാബ്വെക്കാര്‍ ചെയ്തിരുന്നു. എന്നാല്‍ വരള്‍ച്ചയും വിഭവങ്ങളുടെ ദാരിദ്ര്യവും ആനകള്‍ ഗ്രാമങ്ങളിലേക്ക് ഇറങ്ങുന്നത് സാധാരണമായി. അവ വിളകളും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കുകയും ആളുകളെ കൊല്ലുകയും ചെയ്തിരുന്നുവെന്നും സിബന്ദ പറയുന്നു.
പുതിയ സംവിധാനം മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം കുറയാന്‍ കാരണമായെന്നാണ് സിബന്ദയെപ്പോലുള്ള ഗ്രാമീണര്‍ പറയുന്നത്. വന്യജിവികൾ ആൾ താമസമുള്ള സ്ഥലത്തെത്തിയാൽ മുന്നറിയിപ്പുകള്‍ ലഭിക്കുന്നതും തുടർന്നുള്ള വനപാലകരുടെ പ്രവർത്തനങ്ങളും മതിയായ സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
അസമയം, ആനകളുടെ എണ്ണം വന്‍തോതില്‍വര്‍ധിക്കുന്നുണ്ടെന്നും വേട്ടയാടല്‍ ക്വാട്ട വര്‍ധിപ്പിക്കണമെന്നും സിബന്ദ പറയുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, വരള്‍ച്ച ബാധിത പ്രദേശങ്ങളിലെ ആനകളെ കൊല്ലാന്‍ സിംബാബ്‌വെയും അയല്‍രാജ്യമായ നമീബിയും നിര്‍ദേശിച്ചിരുന്നു.ഇത് പരിസ്ഥിതിവാദികളുടെ പ്രതിഷേധത്തിന് കാരണമായി.
സിംബാബ്‌വെയുടെ കോളറിംഗ് പദ്ധതി മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ഒരു പരിധി വരെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. പക്ഷെ, 15,000 ആനകള്‍ക്ക് മാത്രം ജീവിക്കാന്‍ കഴിയുന്ന പ്രദേശത്ത് ഇപ്പോള്‍,നിലവില്‍ 45,000 ആനകളുണ്ടെന്ന കാര്യവും പാര്‍ക്ക് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.അതിനാല്‍ തന്നെ സമഗ്രമായ പ്രശ്‌ന പരിഹാരം അകലെയാണെന്ന ആശങ്കയും ഇവര്‍ പങ്കുവെക്കുന്നു.

